ട്രംപിന്റെ അവകാശവാദം ആവർത്തിച്ച് റൂബിയോ; 'ഇന്ത്യ-പാക് വെടിനിർത്തൽ സാഹചര്യം ദിവസേന നിരീക്ഷിക്കുകയാണ്'
വാഷിംഗ്‌ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ സ്ഥിതിഗതികൾ അമേരിക്ക എല്ലാ ദിവസവും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. രണ്ട് അയൽക്കാർക്കിടയിൽ വെടിനിർത്തൽ കൈവരിക്കുന്നതിൽ യുഎസ് ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന് സൂചിപ്പിച്ചു കൊണ്ടാണ് റൂബിയോയുടെ പ്രസ്‌താവന. ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതാ വാദങ്ങൾ ഉൾപ്പെടെ നേരത്തെ ഇന്ത്യ തള്ളിയിരുന്നു.
സമാധാന ചർച്ചകളിൽ ഒരു ബാഹ്യ ഇടപെടലുംഉണ്ടായിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതാണ്. ട്രംപ് ഇന്ത്യയും പാകിസ്ഥാനുമായി വെടിനിർത്തൽ കരാർ ഉണ്ടാക്കുന്നതിന് മധ്യസ്ഥത വഹിച്ചുവെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു. ഇത് വീണ്ടും ഉയർത്തികാട്ടി കൊണ്ടാണ് റൂബിയോ കൂടി രംഗത്ത് വന്നിരിക്കുന്നത്. അടുത്തകാലത്തായി സമാധാന കരാറുകളുടെ പിന്നണിയിൽ തങ്ങളുണ്ടെന്ന് ലോകത്തെ അറിയിക്കാൻ യുഎസ് കാര്യമായ ശ്രമങ്ങളാണ് നടത്തി വരുന്നത്.

'വെടിനിർത്തൽ കരാറുകൾ നിലനിർത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പാകിസ്ഥാനും ഇന്ത്യയും തമ്മിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ എല്ലാ ദിവസവും നിരീക്ഷിക്കുന്നുണ്ട്' റൂബിയോ എൻബിസി ന്യൂസിനോട് പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും സൈനിക നടപടികളിൽ ഏർപ്പെട്ടിരുന്നു. എന്നാൽ, സമാധാന ശ്രമങ്ങളിൽ ഒരു മൂന്നാം കക്ഷിയുടെയും ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ തീർത്ത് പറഞ്ഞതാണ്.
'നമ്മൾ വളരെ ഭാഗ്യവാന്മാരും അനുഗ്രഹീതരുമാണ്, സമാധാനവും സമാധാന നേട്ടവും തന്റെ ഭരണത്തിന്റെ മുൻഗണനയാക്കി മാറ്റിയ ഒരു പ്രസിഡന്റിനെ ലഭിച്ചതിൽ നാം നന്ദിയുള്ളവരായിരിക്കണം. കംബോഡിയയിലും തായ്‌ലൻഡിലും നമ്മൾ അത് കണ്ടിട്ടുണ്ട്. ഒപ്പം ഇന്ത്യ-പാകിസ്ഥാൻ എന്നിവിടങ്ങളിൽ നമ്മൾ അത് കണ്ടിട്ടുണ്ട്' റൂബിയോ പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സ്ഥിരത ഉറപ്പാക്കുന്നതിലാണ് യുഎസ് ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റൂബിയോ പറഞ്ഞു. വെടിനിർത്തലുകൾ നിലനിർത്തുന്നതിലെ വെല്ലുവിളികളും ദക്ഷിണേഷ്യയിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതിനുള്ള അമേരിക്കയുടെ പ്രതിബദ്ധതയും റൂബിയോ എടുത്തുപറഞ്ഞു.
ട്രംപിന്റെ അവകാശവാദങ്ങൾ തീരുന്നില്ല
അതിനിടെ നിലവിൽ റഷ്യ-യുക്രൈൻ പ്രശ്‌ന പരിഹാരത്തിന് പിന്നിലാണ് ട്രംപ്. യുക്രൈനിയൻ പ്രസിഡന്റ് സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്‌ചയെക്കുറിച്ചും ട്രംപ് ശുഭാപ്‌തിവിശ്വാസം പ്രകടിപ്പിച്ചു. റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ യുക്രെയ്ൻ സമാധാന കരാർ തേടുന്നതിനിടയിലാണ് ട്രംപിന്റെ ഈ നീക്കം. 'റഷ്യയിൽ വലിയ പുരോഗതി. കാത്തിരിക്കുക!" എന്നും താൻ ആറ് യുദ്ധങ്ങൾ തടഞ്ഞുവെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
'റഷ്യ മോസ്കോ ഉപേക്ഷിക്കാൻ ഞാൻ സമ്മതിപ്പിച്ചാൽ, വ്യാജ വാർത്തക്കാരും അവരുടെ പങ്കാളികളും, അതായത് റാഡിക്കൽ ലെഫ്റ്റ് ഡെമോക്രാറ്റുകൾ, ഇതൊരു വലിയ തെറ്റും മോശം കരാറുമാണെന്ന് പറയും. അതുകൊണ്ടാണ് അവരെ വ്യാജ വാർത്തക്കാർ! എന്ന് വിളിക്കുന്നത്. കൂടാതെ, ഞാൻ ഇപ്പോൾ നിർത്തിയ 6 യുദ്ധങ്ങളെക്കുറിച്ചും അവർ സംസാരിക്കണം!!!' ട്രംപ് മറ്റൊരു പോസ്‌റ്റിൽ പറയുന്നു.
റഷ്യയുമായുള്ള നിലവിലെ സംഘർഷങ്ങൾക്കിടയിലാണ് സെലൻസ്‌കിയുടെ വാഷിംഗ്‌ടൺ സന്ദർശനം. സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിന് യുഎസിന്റെ പിന്തുണയാണ് യുക്രൈൻ പ്രസിഡന്റ് പ്രതീക്ഷിക്കുന്നത്. എന്നാൽ ട്രംപ് നിലവിൽ റഷ്യൻ അനുകൂല നിലപാടുകളാണ് സ്വീകരിക്കുന്നത് എന്ന വിമർശനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ ഇപ്പോഴും തുടരുകയാണ്. സമീപകാല സൈനിക ഏറ്റുമുട്ടലുകളെത്തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ വലിയ തോതിലുള്ള ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. ശാശ്വതമായ സമാധാനത്തിനായുള്ള ശ്രമങ്ങൾ തുടരുമ്പോഴും അന്താരാഷ്ട്ര സമൂഹം സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പ്രത്യാക്രമണമാണ് നേരത്തെ സംഘർഷ സാഹചര്യം സൃഷ്‌ടിച്ചത്.












Click it and Unblock the Notifications