'അത് പച്ചക്കള്ളം'; യുക്രൈൻ വിഷയത്തിൽ പുടിനെ ഡൊണാൾഡ് ട്രംപ് വിളിച്ചുവെന്ന വാർത്ത നിഷേധിച്ച് റഷ്യ
മോസ്കോ: യുക്രൈൻ വിഷയവുമായി ബന്ധപ്പെട്ട് വ്ളാഡിമിർ പുടിനുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംസാരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് റഷ്യ. നേരത്തെ വാഷിംഗ്‌ടൺ പോസ്‌റ്റ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിൽ യുക്രൈൻ സംഘർഷവുമായി ബന്ധപ്പെട്ട് ഫോൺ സംഭാഷണം നടത്തിയെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാൽ ഈ റിപ്പോർട്ടുകൾ പൂർണമായും തള്ളിയ ക്രെംലിൻ ഇത് പച്ചക്കള്ളം ആണെന്നാണ് പറഞ്ഞത്. റഷ്യൻ സർക്കാരിന്റെ വക്താവ് ദിമിത്രി പേസ്‌കോവ് ആണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും തമ്മിൽ അത്തരത്തിലൊരു ഫോൺ സംഭാഷണം നടന്നിട്ടില്ലെന്നാണ് പേസ്‌കോവ് പറയുന്നത്. ഇതോടെ യുക്രൈൻ വിഷയത്തിൽ അധികാരം ഏറ്റെടുക്കും മുൻപ് തന്നെ മധ്യസ്ഥ ശ്രമങ്ങൾക്ക് ട്രംപ് ചുക്കാൻ പിടിക്കുന്നുവെന്ന പ്രചാരണത്തിനാണ് അന്ത്യമാവുന്നത്.

ഇതൊരു കെട്ടുകഥ മാത്രമാണെന്ന് പറഞ്ഞ റഷ്യ ട്രംപുമായി സംസാരിക്കുന്ന കാര്യത്തിൽ ഇതുവരെയും ഒരു പദ്ധതികളും നിലവിലില്ലെന്നും പറഞ്ഞിരുന്നു. കൂടാതെ പുതിയ കാലത്തെ പ്രസിദ്ധീകരണങ്ങളിലെ തെറ്റായ വിവരങ്ങൾ ഇങ്ങനെയാവാമെന്നും പെസ്‌കോവ് ചൂണ്ടിക്കാട്ടിയിരുന്നു. അതും വലിയ പ്രസിദ്ധീകരണങ്ങൾ പോലും പിഴവ് വരുത്തുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.
അതേസമയം, കഴിഞ്ഞ വ്യാഴാഴ്‌ച തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ഫോണിൽ ബന്ധപ്പെട്ടുവെന്നും യുക്രൈൻ വിഷയത്തിൽ ചർച്ച നടത്തിയെന്നുമായിരുന്നു വാഷിംഗ്‌ടൺ പോസ്‌റ്റ് റിപ്പോർട്ട് ചെയ്‌തത്. ട്രംപും മസ്‌കും യുക്രൈന്റെ സെലൻസ്‌കിയുമായി സംസാരിച്ചതിന് പിന്നാലെയാണ് ഇതെന്നായിരുന്നു റിപ്പോർട്ട്.
സംഭവവുമായി അടുത്ത ബന്ധമുള്ളവരെ ഉദ്ധരിച്ചായിരുന്നു വാഷിംഗ്‌ടൺ പോസ്‌റ്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കൂടാതെ ഫോൺ സംഭാഷണത്തിന് ഇടയിൽ യൂറോപ്പിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തെ കുറിച്ച് ട്രംപ് പുടിനെ ഓർമ്മപ്പെടുത്തുകയും ചെയ്‌തിരുന്നു എന്നാണ് റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. എന്നാൽ ഇതൊക്കെയും കെട്ടുകഥകൾ മാത്രമെന്നാണ് ക്രെംലിൻ അവകാശപ്പെടുന്നത്.
നേരത്തെ യുക്രൈൻ-റഷ്യ യുദ്ധം പരിഹരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളും എന്നായിരുന്നു ട്രംപ് വിജയത്തിന് പിന്നാലെ നടത്തിയ പ്രസംഗത്തിൽ പറഞ്ഞിരുന്നത്. കൂടാതെ ഇതിന് പിന്നാലെ അധികം വൈകുന്നതിന് മുൻപ് തന്നെ അദ്ദേഹം സെലൻസ്‌കിയുമായി സംസാരിക്കുകയും ചെയ്‌തിരുന്നു. ഇതൊക്കെയും ട്രംപ്-പുടിൻ ചർച്ചയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു.
ഈ ചർച്ചയിൽ ഡൊണാൾഡ് ട്രംപിനും സെലൻസ്‌കിക്കും പുറമേ ലോക സമ്പന്നനായ ഇലോൺ മസ്‌കും പങ്കെടുത്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റഷ്യ-യുക്രൈൻ യുദ്ധത്തിൽ സെലാൻസ്‌കിക്ക് തുടക്കം മുതൽ പിന്തുണ നൽകി വരുന്ന വ്യക്തി കൂടിയായിരുന്നു ഇലോൺ മസ്‌ക്. സ്‌റ്റാർലിങ്ക് ഉൾപ്പെടയുള്ള സാങ്കേതിക വിദ്യകൾ ഇതിനായി മസ്‌ക് പ്രയോജനപ്പെടുത്തിയിരുന്നു.
ഇത്തവണ യുഎസ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ പ്രചാരണത്തിന് മുൻനിരയിൽ തന്നേയ് ഇലോൺ മസ്‌കും ഉണ്ടായിരുന്നു. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിനെ വലിയ വോട്ട് ശതമാനത്തിന് പിന്തള്ളിയാണ് ഇക്കുറി ഡൊണാൾഡ് ട്രംപ് അധികാരം പിടിച്ചെടുത്തത്. സ്വിങ് സ്‌റ്റേറ്റുകളിൽ ഉൾപ്പെടെ സമ്പൂർണ ആധിപത്യമായിരുന്നു അദ്ദേഹം പുലർത്തിയത്.












Click it and Unblock the Notifications