റഷ്യ-യുക്രൈൻ സംഘർഷം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ചേക്കാം; മുന്നറിയിപ്പുമായി ട്രംപ്
ന്യൂയോർക്ക്: റഷ്യ-യുക്രൈൻ യുദ്ധം തുടർന്നാൽ അത് മൂന്നാം ലോകമഹായുദ്ധത്തിൽ കലാശിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ മാസം ഏകദേശം 25,000 സൈനികർ കൊല്ലപ്പെട്ടുവെന്ന കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ മുന്നറിയിപ്പ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവേ നിലവിലെ സ്ഥിതിയിൽ നിരാശ പ്രകടിപ്പിച്ച അദ്ദേഹം, അക്രമം ഉടനടി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു.
'കഴിഞ്ഞ മാസം 25,000 സൈനികരാണ് മരിച്ചത്. ഈ കൂട്ടക്കൊലകൾ അവസാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നുണ്ട്' ഡോണാൾഡ് ട്രംപ് പറഞ്ഞു. 'ഇത്തരം കാര്യങ്ങൾ ഇനിയും തുടർന്നാൽ അതൊരു മൂന്നാം ലോകമഹായുദ്ധത്തിൽ കലാശിക്കും, അത് സംഭവിക്കുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നില്ല' അദ്ദേഹം കൂട്ടിച്ചേർത്തു.

മണിക്കൂറുകൾക്കകം യുദ്ധം അവസാനിപ്പിക്കുമെന്ന് മുൻപ് അവകാശപ്പെട്ടിരുന്ന ട്രംപിന്, റഷ്യയും യുക്രൈനും വഴങ്ങാത്തതിനാൽ ഇപ്പോഴും വെറുമൊരു കാഴ്‌ചക്കാരനായി നോക്കിനിൽക്കേണ്ടി വരികയാണ്. ഈ സാഹചര്യത്തിൽ അദ്ദേഹം അതീവ നിരാശനാണെന്നാണ് യുഎസ് പ്രസിഡന്റിന്റെ വാക്കുകൾ നിന്ന് വ്യക്തമാവുന്നത്.
വെടിനിർത്തൽ ചർച്ചകളിലെ മന്ദഗതിയിൽ മോസ്കോയോടും കീവിനോടും ട്രംപ് അതൃപ്‌തി രേഖപ്പെടുത്തിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. നാല് വർഷം നീണ്ട യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രധാന മധ്യസ്ഥത വഹിക്കുന്നുണ്ട്, എന്നാൽ ഇരുകൂട്ടരും അമ്പിനും വില്ലിനും അടുക്കുന്നില്ലെന്നതാണ് നിലവിലെ സ്ഥിതിവിശേഷം.
ഈ യുദ്ധത്തിലെ ഇരുപക്ഷത്തോടും പ്രസിഡന്റ് അതീവ അമർഷത്തിലാണ്. വെറുതെ കൂടിക്കാഴ്‌ചകൾ നടത്തുന്നത് അദ്ദേഹത്തിന് മടുത്തു. സംസാരങ്ങളല്ല, നടപടികളാണ് വേണ്ടത്. ഈ യുദ്ധം അവസാനിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നാണ് കരോലിൻ ലീവിറ്റ് പറയുന്നത്. നേരത്തെയും ഇക്കാര്യത്തിൽ ട്രംപ് കടുംപിടിത്തം നടത്തിയെങ്കിലും അതൊന്നും വിലപോവുന്ന ലക്ഷണമല്ല കാണുന്നത്.
നേരത്തെ തന്നെ വിഷയത്തിൽ ട്രംപ് ഭരണകൂടം സമാധാന ശ്രമങ്ങളിൽ സജീവമാണ്. ബുധനാഴ്‌ച യൂറോപ്യൻ നേതാക്കളുമായി ഇക്കാര്യത്തിൽ ട്രംപ് ചർച്ച നടത്തുകയും, പ്രത്യേക പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫും സംഘവും ഇരുപക്ഷവുമായി നേരിട്ടുള്ള കൂടിയാലോചനകൾ തുടരുന്നുണ്ടെന്നും ലീവിറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിട്ടും ചർച്ചകൾ ഒന്നും ഫലവത്താവുന്നില്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.
റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി യുക്രൈന് സുരക്ഷാ സഹായം നൽകാൻ യുഎസ് തയ്യാറാണെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. എന്നാൽ, അമേരിക്കൻ സമാധാന പദ്ധതി അംഗീകരിക്കാൻ സെലെൻസ്‌കി തയ്യാറാകാത്തതിൽ അദ്ദേഹം നിരാശനാണ്. റഷ്യക്ക് പക്ഷപാതപരമായ മുൻതൂക്കം നൽകുന്നതാണ് ട്രംപിന്റെ സമാധാന പദ്ധതി എന്ന ആക്ഷേപത്തിന് പിന്നാലെ യുക്രൈൻ അത് നിരസിച്ചിരുന്നു.
അതേസമയം, ട്രംപിന്റെ കീഴിൽ യുഎസ് യുക്രൈനിനുള്ള നേരിട്ടുള്ള സൈനിക സഹായം കുത്തനെ കുറച്ചിരുന്നു. പകരം മറ്റ് നാറ്റോ സഖ്യകക്ഷികൾക്ക് അവർക്ക് വേണ്ടി അമേരിക്കൻ ആയുധങ്ങൾ വാങ്ങാൻ കഴിയുന്ന ഒരു മാതൃകയിലേക്ക് മാറി. നിലവിലെ സാഹചര്യത്തിൽ റഷ്യയും യുക്രൈനും ഒരുപോലെ പിടിവാശിയിലാണ്. ഇരുകൂട്ടരും വിട്ടുവീഴ്‌ചയ്ക്ക് തയ്യാറാവാതെ മേഖലയിൽ സമാധാനം പുലരില്ലെന്നതാണ് യാഥാർഥ്യം.












Click it and Unblock the Notifications