റഷ്യന്‍ സൈന്യത്തിലെ ഇന്ത്യക്കാരെ ഒഴിവാക്കും, നിര്‍ണായക തീരുമാനം മോദി-പുടിന്‍ കൂടിക്കാഴ്ച്ചയില്‍
മോസ്‌കോ: റഷ്യ സൈന്യത്തിലെ ഇന്ത്യക്കാരെ മുഴുവന്‍ മടക്കി അയക്കാന്‍ തീരുമാനിച്ച് റഷ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനെതിരായ യുദ്ധത്തില്‍ അടക്കം തെറ്റിദ്ധരിപ്പിക്കപ്പെട്ട് നിരവധി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. പലരും തൊഴില്‍ തട്ടിപ്പിന് അടക്കം ഇരയായിട്ടാണ് റഷ്യയില്‍ എത്തുന്നത്.
ഈ സാഹചര്യമെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി സംസാരിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരെ സൈനിക ജോലിയില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. യുക്രൈനെതിരായ യുദ്ധത്തിന്റെ ഭാഗമായി രണ്ട് ഇന്ത്യക്കാരെങ്കിലും റഷ്യയില്‍ മരിച്ചിട്ടുണ്ട്.

നിരവധി പേരാണ് യുദ്ധഭൂമിയില്‍ കുടുങ്ങി കിടക്കുന്നത്. ഇതില്‍ പലരും വഞ്ചിക്കപ്പെട്ടാണ് യുദ്ധത്തില്‍ പോരാടാന്‍ എത്തിയതെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് മോദി മോസ്‌കോയിലെത്തിയത്. പുടിന്‍ ഒരുക്കിയ സ്വകാര്യ വിരുന്നില്‍ മോദി നേരത്തെ പങ്കെടുത്തിരുന്നു. ഇതിലാണ് പ്രധാനമന്ത്രി വിഷയം ഉന്നയിച്ചത്.
എല്ലാ ഇന്ത്യക്കാരെയും സൈന്യത്തില്‍ നിന്ന് ഒഴിവാക്കാനും, അവരുടെ നാട്ടിലേക്കുള്ള മടക്കം സാധ്യമാക്കുമെന്നും പുടിന്‍ മോദിക്ക് ഉറപ്പുകൊടുത്തിരുന്നു. അതേസമയം തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തിയ മോദിയെ പുടിന്‍ അഭിനന്ദിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ കുറിച്ചാണ് പുടിന്‍ സംസാരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ രണ്ട് ഡസനില്‍ അധികം ഇന്ത്യക്കാര്‍ യുക്രൈനെതിരെ യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. ഇവര്‍ക്ക് ഉയര്‍ന്ന ശമ്പളമുള്ള ജോലിയാണ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഏജന്റുമാര്‍ ഇവരെ കബളിപ്പിക്കുകയായിരുന്നു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ ഭൂരിഭാഗവും. ഇവര്‍ സഹായത്തിനായും അഭ്യര്‍ത്ഥിച്ചിരുന്നു.
റഷ്യന്‍ അധികൃതരുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ആളുകളെ തെറ്റിദ്ധരിപ്പിച്ച് റിക്രൂട്ട്‌മെന്റ് നടത്തുന്ന ഏജന്റുമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തുകയും, വലിയൊരു ശൃംഖലയുടെ പ്ലാന്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
മോദിയുടെ പ്രത്യേക അഭ്യര്‍ത്ഥന
മോസ്‌കോയിലെ പുടിന്റെ വസതിയില്‍ വെച്ച് മോദി പ്രത്യേക അഭ്യര്‍ത്ഥനയായി യുക്രൈന്‍ യുദ്ധം പരാമര്‍ശിച്ചു. രണ്ട് വര്‍ഷത്തോളമായി നീണ്ടുനില്‍ക്കുന്ന യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് പുടിനോട് നേരിട്ട് മോദി അഭ്യര്‍ത്ഥിച്ചു. യുദ്ധം കൊണ്ട് ഒരു പരിഹാരവും കാണാന്‍ കഴിയില്ലെന്ന് മോദി പറഞ്ഞു.
യുഎന്‍ നിയമങ്ങള്‍ എപ്പോഴും ബഹുമാനിക്കാന്‍ ഇന്ത്യ ശ്രമിക്കാറുണ്ട്. പരമാധികാരത്തെ അടക്കം മാനിക്കാനും മടി കാണിക്കാറില്ല. യുദ്ധത്തില്‍ യാതൊരു പരിഹാരവും കാണാനാവില്ല. ചര്‍ച്ചകളും നയതന്ത്രവുമാണ് എപ്പോഴും മുന്നോട്ട് പോകാനുള്ള വഴിയെന്ന് അത്താഴത്തിനിടെ മോദി പുടിനോട് പറഞ്ഞുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം മോദിയും പുടിനും തമ്മിലുള്ള 16ാമത് കൂടിക്കാഴ്്ചയാണ്. ഇന്നും മോദി പുടിനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് മോസ്‌കോയില്‍ നടക്കുന്ന 22ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിലും പങ്കെടുക്കും.












Click it and Unblock the Notifications