യുക്രൈനിലെ റഷ്യൻ വ്യോമാക്രമണം; പുടിനോട് കയർത്ത് ട്രംപ്, 'അത് നിങ്ങളുടെ പതനത്തിലേക്ക് നയിക്കും'
ന്യൂയോർക്ക്: ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന്റെ തുടക്കത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ വ്യോമാക്രമണം റഷ്യ യുക്രൈനെതിരെ നടത്തിയതിനു പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ കയർത്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അധികാരമേറ്റടുത്തതിന് ശേഷം പുടിനോട് അനുഭവം പ്രകടിപ്പിച്ച ട്രംപ് കടുത്ത ഭാഷയിലാണ് ഏറ്റവും ഒടുവിൽ പ്രതികരിച്ചത്.
യുക്രൈൻ മുഴുവനായി സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അത് റഷ്യയുടെ പതനത്തിലേക്ക് നയിക്കുമെന്നാണ് ട്രംപ് പുടിന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ന്യൂജേഴ്‌സിയിലെ മോറിസ്‌ടൗൺ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് സംയമനം കൈവിട്ടത്. താൻ പുടിന്റെ കാര്യത്തിൽ സന്തുഷ്‌ടനല്ലെന്നാണ് ട്രംപ് ചൂണ്ടിക്കാട്ടിയത്.

'അവൻ ഒരുപാട് ആളുകളെ കൊല്ലുന്നുണ്ട്. പുടിന് എന്ത് സംഭവിച്ചു എന്ന് എനിക്കറിയില്ല! എനിക്ക് അദ്ദേഹത്തെ വളരെക്കാലമായി അറിയാം. എപ്പോഴും അദ്ദേഹവുമായി നല്ല ബന്ധം പുലർത്താറുണ്ട്. പക്ഷേ പുടിൻ നഗരങ്ങളിലേക്ക് റോക്കറ്റുകൾ അയച്ച് ആളുകളെ കൊല്ലുന്നു. എനിക്ക് അത് ഒട്ടും അംഗീകരിക്കാൻ കഴിയുന്നില്ല' ട്രംപ് പറഞ്ഞു.
'നമ്മള്‍ ചർച്ചയുടെ നടുവിൽ നിൽക്കുകയാണ്, എന്നാൽ അദ്ദേഹം കീവിലേക്കും മറ്റ് നഗരങ്ങളിലേക്കും റോക്കറ്റുകള്‍ എറിയുകയാണ്! എനിക്ക് അത് ഒട്ടും ഇഷ്‌ടപ്പെടുന്നില്ല. പുടിന്‍ ചെയ്യുന്നത് എനിക്ക് താൽപര്യമില്ല, അല്‍പ്പം പോലും. അയാള്‍ ആളുകളെ കൊല്ലുകയാണ്. ഈ വ്യക്തിക്ക് എന്തോ സംഭവിച്ചു, എനിക്ക് അത് അംഗീകരിക്കാനാവില്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം രാത്രി റഷ്യ യുക്രൈനിലുടനീളം 367 ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചു, രാജ്യത്തിന്റെ തലസ്ഥാനമായ കീവ് ഉൾപ്പെടെ നിരവധി നഗരങ്ങൾ ആക്രമിച്ചു. ആക്രമണത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. 45 മിസൈലുകൾ വെടിവച്ചിടുകയും 266 ഡ്രോണുകൾ നശിപ്പിക്കുകയും ചെയ്‌തതായി യുക്രൈനിയൻ വ്യോമസേന അവകാശപ്പെട്ടു.
എന്നാൽ നിരവധി പ്രദേശങ്ങൾക്ക് ഇപ്പോഴും കനത്ത നാശ നഷ്‌ടം ഉണ്ടായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 30-ലധികം നഗരങ്ങളെയും ഗ്രാമങ്ങളെയും ഇത് ബാധിച്ചതായി യുക്രൈനിയൻ പ്രസിഡന്റ് സെലൻസ്‌കി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള തടവുകാരുടെ കൈമാറ്റത്തിനിടയിൽ നടന്ന ആക്രമണങ്ങളിൽ പുടിനെ പരസ്യമായി വിമർശിക്കാനും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യളിലൂടെ പോസ്‌റ്റ് പങ്കുവച്ചിരുന്നു.
നേരത്തെ വിഷയത്തിൽ യുഎസിനെ സെലൻസ്‌കി വിമർശിച്ചിരുന്നു. പ്രത്യേകിച്ച് അമേരിക്കയുടെ പ്രതികരണത്തിൽ താൻ നിരാശനാണെന്ന് യുക്രൈനിയൻ പ്രസിഡന്റ് സെലൻസ്‌കി പറഞ്ഞിരുന്നു. കൂടുതൽ ശക്തമായ നടപടിയില്ലാതെ റഷ്യയുടെ തുടർച്ചയായ ക്രൂരത അവസാനിപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്‌തു.
'ലോകത്തിന് മുഴുവൻ അവധിക്കാലം ആഘോഷിക്കാം, പക്ഷേ വാരാന്ത്യങ്ങളും പ്രവൃത്തിദിവസങ്ങളും ഉണ്ടായിരുന്നിട്ടും യുദ്ധം തുടരുന്നു. ഇത് അവഗണിക്കാൻ കഴിയില്ല. അമേരിക്കയുടെയും ലോകത്തിലെ മറ്റുള്ളവരുടെയും നിശബ്‌ദത പുടിനെ പ്രോത്സാഹിപ്പിക്കുകയേയുള്ളൂ' എന്നായിരുന്നു സെലൻസ്‌കിയുടെ വിമർശനം. ഇതിന് പിന്നാലെയാണ് ട്രംപ് പുടിനെതിരെ പരസ്യമായി രംഗത്ത് വന്നത്.












Click it and Unblock the Notifications