യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് സ്വതന്ത്രം, പ്രശംസിച്ച് റഷ്യ, യുഎസ്സിന് മുന്നറിയിപ്പ്
കീവ്: യുക്രൈനുമായുള്ള പ്രശ്‌നത്തില്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ച ഇന്ത്യയെ പ്രശംസിച്ച് റഷ്യ. അമേരിക്കയ്‌ക്കെതിരെ കടുത്ത പരാമര്‍ശവും ഇന്ത്യയിലെ റഷ്യന്‍ പ്രതിനിധി റോമന്‍ ബാബുഷ്‌കിന്‍ നടത്തി. യുക്രൈനെ രാഷ്ട്രീയ കളികള്‍ക്കായി യുഎസ് ഉപയോഗിക്കുകയാണെന്ന് ബാബുഷ്‌കിന്‍ കുറ്റപ്പെടുത്തി. ഇന്ത്യ ഈ ഘട്ടത്തില്‍ ആരുടെയും പക്ഷം പിടിച്ചില്ല. പക്ഷപാതരഹിതമായി പെരുമാറാന്‍ ഇന്ത്യക്ക് സാധിച്ചു. ഇന്ത്യയെടുത്ത നിലപാടിനെ റഷ്യ സ്വാഗതം ചെയ്യുന്നു. സ്വതന്ത്രമായ നിലപാടാണത്. യുഎന്നില്‍ സ്വതന്ത്രമായ ശക്തിയായി നിന്ന് നിര്‍ണായക ശക്തിയാണ് ഇന്ത്യയെന്നും ബാബുഷ്‌കിന്‍ പറഞ്ഞു.

യുക്രൈനിലെ വിമത മേഖലയെ സ്വതന്ത്ര പ്രവിശ്യയായി അംഗീകരിക്കേണ്ടത് ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. അവിടെ യുക്രൈന്‍ അധികൃതര്‍ വംശീയ ഉന്മൂലനമാണ് നടത്തുന്നതെന്നും ബാബുഷ്‌കിന്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഡൊണെറ്റ്‌സ്‌കിനെയും ലുഹാന്‍സ്‌കിനെയും സ്വതന്ത്ര മേഖലകളായി റഷ്യ പ്രഖ്യാപിച്ചത്. സോവിയറ്റ് യൂണിയനില്‍ നിന്ന് വിട്ടു പോയ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ യുഎസ് ഇടപെടുകയാണ്. യുക്രൈനില്‍ അടക്കം ഇത് നിലനില്‍ക്കുന്നുണ്ട്. റഷ്യക്കെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കുകയാണ് യുക്രൈനെ അമേരിക്ക. നാറ്റോയുടെ സൈനിക വിന്യാസം വേണ്ടെന്ന കരാര്‍ യുക്രൈന്‍ ലംഘിച്ചുവെന്നും ബാബുഷ്‌കിന്‍ ആരോപിച്ചു.
യുഎസ്സ് യുക്രൈന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. സൈനിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും നല്‍കി. നാറ്റോ അതിര്‍ത്തികള്‍ വ്യാപിപ്പിച്ച് യുക്രൈനെ അതിന്റെ ഭാഗമാക്കിയെന്നും റഷ്യ ആരോപിച്ചു. യുക്രൈനില്‍ ഭരണമാറ്റം കൊണ്ടുവരാനാണ് യുഎസ്സിന്റെ ശ്രമം. ഇതിനായി അഞ്ച് മില്യണാണ് യുഎസ് ചെലവിട്ടത്. റഷ്യ വിരുദ്ധ ദേശീയവാദികളെ യുക്രൈനില്‍ കൊണ്ടുവരാനായിരുന്നു യുഎസ്സ് ശ്രമിച്ചത്. അതിനായി പണമൊഴുക്കി. റഷ്യന്‍ വിരുദ്ധ ദേശീയവാദികളാണ് വംശീയ ഉന്മൂലനം തുടങ്ങിയതെന്നും ബാബുഷ്‌കിന്‍ ആരോപിച്ചു. യുക്രൈന് ഒരിക്കലും മിന്‍സ്‌ക് ഉടമ്പടി നടപ്പാക്കാന്‍ താല്‍പര്യമില്ലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം അംഗീകരിച്ചതാണ് മിന്‍സ്‌ക് ഉടമ്പടി. യുഎസ് ഉപരോധം കാണിച്ച് റഷ്യയെ പേടിപ്പിക്കേണ്ട. ഒരുപാട് തവണ അത് കേട്ടതാണ്. അതുകൊണ്ട് ബോറടപ്പിക്കുന്നു. ഉപരോധം യൂറോപ്പ്യന്‍ സമ്പദ് വ്യവസ്ഥയെയാണ് ബാധിക്കാന്‍ പോകുന്നത്. അത് റഷ്യക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കില്ല. യൂറോപ്പിന്റെ സമ്പദ്ഘടനയും സുസ്ഥിരതയുമാണ് ഇതിലൂടെ തകരാന്‍ പോകുന്നതെന്നും ബാബുഷ്‌കിന്‍ പറഞ്ഞു. അതേസമയം യുഎസ്സുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് റഷ്യ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ ഇരുകൂട്ടരും സംയമനം പാലിക്കണമെന്നായിരുന്നു ഇന്ത്യ ഈ വിഷയത്തില്‍ എടുത്ത നിലപാട്.












Click it and Unblock the Notifications