യുക്രൈനെതിരെ റഷ്യയുടെ വമ്പൻ ഡ്രോൺ ആക്രമണം; '479 ഡ്രോണുകളും 20 മിസൈലുകളും പ്രയോഗിച്ചു'
കീവ്: യുക്രൈനിൽ റഷ്യയുടെ ഡ്രോൺ വർഷം. മൂന്ന് വർഷമായി തുടരുന്ന യുദ്ധത്തിലെ ഒറ്റരാത്രി കൊണ്ടുള്ള ഏറ്റവും വലിയ ഡ്രോൺ ബോംബാക്രമണത്തിനാണ് കീവ് സാക്ഷ്യം വഹിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. യുക്രൈനിലേക്ക് റഷ്യ ഏകദേശം 500 ഡ്രോണുകൾ വിക്ഷേപിച്ചുവെന്നാണ് യുക്രൈനിയൻ വ്യോമസേന അറിയിച്ചത്.
പോരാട്ടം അവസാനിപ്പിക്കുന്നതിൽ നേരിട്ടുള്ള സമാധാന ചർച്ചകളിൽ ഇതുവരെ പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടില്ല. അതിനിടയിലാണ് റഷ്യ വേനൽക്കാല ആക്രമണം ശക്തമായി തന്നെ തുടരുന്നത്. 479 ഡ്രോണുകൾ കൂടാതെ വിവിധ തരം 20 മിസൈലുകളും യുക്രൈനിന്റെ വിവിധ ഭാഗങ്ങളിൽ റഷ്യ തൊടുത്തുവിട്ടു എന്നാണ് വ്യോമസേനയുടെ ആരോപണം.

പ്രധാനമായും യുക്രൈന്റെ മധ്യ, പടിഞ്ഞാറൻ മേഖലകളെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഞായറാഴ്‌ച രാത്രിയോടെ നടന്ന ശക്തമായ റഷ്യൻ ആക്രമണത്തിന് മറുപടിയായി 277 ഡ്രോണുകളും 19 മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി യുക്രൈൻ വ്യോമസേന അറിയിച്ചു.
എന്നാൽ പത്തോളം മിസൈലുകളും ഡ്രോണുകളും മാത്രമാണ് ലക്ഷ്യത്തിൽ എത്തിയതെന്ന് അവർ വ്യക്തമാക്കി. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ പറഞ്ഞു. എങ്കിലും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല. കൂടുതൽ പേർക്ക് പരിക്കേൽക്കുകയോ ആളപായമുണ്ടായോ എന്നിങ്ങനെ നിർണായക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
വ്യോമാക്രമണങ്ങളിലെ സമീപകാല വർധനവ് റഷ്യയുടെ നീക്കത്തിലെ ദ്രുദഗതിയാണ് സൂചിപ്പിക്കുന്നത്. ഏകദേശം 1000 കിലോമീറ്റർ മുൻനിരയുടെ കിഴക്കൻ, വടക്കുകിഴക്കൻ ഭാഗങ്ങളിൽ റഷ്യൻ സൈന്യം വീണ്ടുംമുന്നേറുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. അതിന് പിന്നാലെയാണ് ഒറ്റരാത്രി കൊണ്ടുള്ള ഇത്രയും വലിയ ആക്രമണവും മേഖലയിൽ ഉണ്ടാവുന്നത്.
തങ്ങളുടെ ഏറ്റവും വലിയ ശത്രുവായ റഷ്യക്കെതിരെ യുദ്ധത്തിന്റെ മുൻനിരയിൽ യുക്രൈൻ വളരെ ദുർബലമാണെന്നതാണ് വാസ്‌തവം. അതിനാൽ പാശ്ചാത്യ പങ്കാളികളിൽ നിന്ന്, പ്രത്യേകിച്ച് വ്യോമ പ്രതിരോധത്തിൽ കൂടുതൽ സൈനിക പിന്തുണ അവർ തേടുന്നുണ്ട്. എന്നാൽ യുദ്ധവുമായി ബന്ധപ്പെട്ട യുഎസ് നയത്തെക്കുറിച്ചുള്ള അനിശ്ചിതത്വം ഈ സഹായത്തിന്റെ വ്യാപ്‌തിയെ കുറിച്ചുള്ള ആശങ്കയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
ഇത്രയൊക്കെ ആണെങ്കിലും ചില ഞെട്ടിപ്പിക്കുന്ന പ്രത്യാക്രമണങ്ങളും യുക്രൈൻ ഇതിനിടയിൽ നടത്തിയിട്ടുണ്ട്. വിദൂര റഷ്യൻ വ്യോമതാവളങ്ങളിൽ അടുത്തിടെ നടത്തിയ ഡ്രോൺ ആക്രമണം അതിന്റെ വ്യാപ്‌തി സങ്കീർണ്ണത എന്നിവയാൽ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഇതാവട്ടെ അക്ഷരാർത്ഥത്തിൽ റഷ്യയെ വിറപ്പിക്കുകയും ചെയ്‌തിരുന്നു.
യുക്രൈൻ അതിർത്തിയിൽ നിന്ന് ഏകദേശം 650 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന റഷ്യയുടെ നിസ്‌നി നോവ്ഗൊറോഡ് മേഖലയിലെ സവാസ്ലെയ്ക്ക വ്യോമതാവളത്തിൽ നിലയുറപ്പിച്ച രണ്ട് റഷ്യൻ യുദ്ധവിമാനങ്ങൾ സൈന്യം ആക്രമിച്ചതായി യുക്രൈനിയൻ ജനറൽ സ്‌റ്റാഫ് ഇന്ന് അവകാശപ്പെടുകയുണ്ടായി. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
അതിനിടെ ആണവശേഷിയുള്ള തന്ത്രപ്രധാന ബോംബർ വിമാനങ്ങളെ ഉൾക്കൊള്ളുന്ന വ്യോമതാവളങ്ങളിൽ യുക്രൈൻ നടത്തിയ ആക്രമണത്തിനുള്ള പ്രതികാര നടപടികളുടെ ഭാഗമാണ് അടുത്തിടെയുണ്ടായ തീവ്രമായ ആക്രമണങ്ങളെന്ന് റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു. അത് ഇനിയും തുടരാമെന്ന സൂചനയാണ് റഷ്യ നൽകുന്നതെന്ന് വ്യക്തം.
തുർക്കിയിലെ ഇസ്‌താംബൂളിൽ റഷ്യൻ, യുക്രൈ നിയൻ പ്രതിനിധികൾ തമ്മിൽ അടുത്തിടെ രണ്ട് റൗണ്ട് നേരിട്ടുള്ള സമാധാന ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇതിൽ കാര്യമായി പുരോഗതി ഉണ്ടായില്ലെന്ന് മാത്രമല്ല റഷ്യ ആക്രമണം കടുപ്പിക്കുകയുമാണ്. തടവുകാരെയും പരിക്കേറ്റ ആയിരക്കണക്കിന് സൈനികരെയും കൈമാറുമെന്ന ധാരണ മാത്രമാണ് ഈ ചർച്ചകളിൽ ഉണ്ടായത്. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇനിയും അകലെയാണ്.












Click it and Unblock the Notifications