ഇറാന്‍ പ്രസിഡന്റിന് സൗദിയുടെ സന്ദേശം; പശ്ചിമേഷ്യ ചരിത്ര ഗതിമാറ്റത്തിനോ? വെളിപ്പെടുത്തി ഇറാന്
Recommended Video
ടെഹ്‌റാന്‍/റിയാദ്: യുദ്ധഭീതി ഒഴിയുന്നതോടെ ഗള്‍ഫ് മേഖലയില്‍ നിന്ന് ചില ശുഭസൂചനകള്‍. സൗദി അറേബ്യന്‍ ഭരണകൂടം ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിക്ക് ചില സന്ദേശങ്ങള്‍ കൈമാറി. ഇറാനും സൗദിയും തമ്മില്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടവെയാണ് പുതിയ നീക്കം. ഇറാന്‍ സര്‍ക്കാര്‍ വക്താവ് തന്നെയാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്.
ഇതിനിടെ ഇറാനും സൗദിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇറാഖ് ശ്രമം തുടങ്ങി. ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി സൗദിയിലെത്തി സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്തി. സൗദിയുടെ നിലപാടുകള്‍ ഇറാന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. പശ്ചമേഷ്യന്‍ രാഷ്ട്രീയം ചരിത്രപരമായ ഗതിമാറ്റത്തിന്റെ പാതയിലേക്കാണെന്ന സൂചനയാണ് ലഭിക്കുനനത്. പുതിയ വിവരങ്ങളുടെ വിശദാംശങ്ങള്‍ ഇങ്ങനെ...

മറ്റുചില രാജ്യങ്ങള്‍ മുഖേന
വര്‍ഷങ്ങളായി സൗദിയും ഇറാനും തമ്മില്‍ നേരിട്ടുള്ള നയന്ത്ര ബന്ധമില്ല. ഷിയാ നേതാവ് നിംറ് അല്‍ നിംറിനെ സൗദി വധശിക്ഷക്ക് വിധിച്ചതിനെ തുടര്‍ന്ന് നടന്ന പ്രക്ഷോഭമാണ് ബന്ധം തകരാന്‍ ഇടയാക്കിയത്. ഈ സാഹചര്യത്തില്‍ സൗദിക്ക് നേരിട്ട് ഇറാന് സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കില്ല. മറ്റുചില രാജ്യങ്ങള്‍ മുഖേനയാണ് കൈമാറിയത്.

തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന്‍
ഇറാന്‍ സര്‍ക്കാര്‍ വക്താവ് അലി റാബിഇ ആണ് സൗദി അറേബ്യ ഇറാന്‍ പ്രസിഡന്റിന് ചില സന്ദേശങ്ങള്‍ കൈമാറിയ കാര്യം പരസ്യമാക്കിയത്. ഇറാനുമായി ബന്ധമുള്ള ചില രാജ്യങ്ങള്‍ വഴിയാണിതെന്നും അദ്ദേഹം പറഞ്ഞു. സൗദി അവരുടെ നിലപാട് മാറ്റിയാല്‍ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും റാബിഇ പറഞ്ഞു.

സന്ദേശങ്ങളുടെ ഉള്ളടക്കം?
എന്നാല്‍ സൗദി അറേബ്യ കൈമാറിയ സന്ദേശങ്ങളുടെ ഉള്ളടക്കം എന്താണെന്ന് ഇറാന്‍ സര്‍ക്കാര്‍ വക്താവ് വിശദീകരിച്ചില്ല. ഇറാനുമായി യുദ്ധത്തിനില്ലെന്നും സൈനിക നീക്കം സൗദി ആഗ്രഹിക്കുന്നില്ലെന്നും കഴിഞ്ഞദിവസം സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

യുഎഇയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍
അതിനിടെ, യുഎഇയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇറാന്‍ വ്യക്തമാക്കി. സൗദിയുടെ സഖ്യരാജ്യമാണ് യുഎഇ. ഗള്‍ഫിലെ രാജ്യങ്ങളുമായി പ്രത്യേകിച്ച് യുഎഇയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും തെറ്റിദ്ധാരണകള്‍ മാറ്റണമെന്നുമാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൂസവി പ്രതികരിച്ചത്.

സൗദി-ഇറാഖ് ചര്‍ച്ച
അതിനിടെ സൗദി ഇറാന്‍ തര്‍ക്കത്തില്‍ പരിഹാര ശ്രമങ്ങളുമായി ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി രംഗത്തുവന്നു. പശ്ചിമേഷ്യയിലെ ഒരുരാജ്യങ്ങള്‍ക്കും പരസ്പരം യുദ്ധം ചെയ്യാന്‍ ആഗ്രഹമില്ലെന്ന് സൗദി രാജാവ് സല്‍മാനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇറാഖ് പ്രധാനമന്ത്രി അല്‍ ജസീറയോട് പറഞ്ഞു.

ചര്‍ച്ചാ സാധ്യതകള്‍ ഇങ്ങനെ
ഉപരോധം നീക്കിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇറാന്‍ പറയുന്നു. ഇറാനുമായി ചര്‍ച്ചയ്ക്ക് താല്‍പ്പര്യമുണ്ടെന്ന് അമേരിക്ക വ്യക്തമാക്കുന്നു. സൗദിയാണെങ്കില്‍ ഇറാനുമായി ചര്‍ച്ചയില്ല എന്ന് പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നാണ് താന്‍ കരുതുന്നതെന്ന് ഇറാഖ് പ്രധാനമന്ത്രി പറഞ്ഞു.

ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍
ഇറാഖില്‍ നടക്കുന്ന ദുരൂഹമായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഇറാഖ് പ്രധാനമന്ത്രി പറഞ്ഞു. ഇസ്രായേല്‍ സൈന്യമാണ് ആക്രമണം നടത്തുന്നതെന്ന് തങ്ങള്‍ക്ക് സൂചന ലഭിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തമായ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് ആദില്‍ അബ്ദുല്‍ മഹ്ദി പറഞ്ഞു.

ഇനി ഇറാനിലേക്ക് പോകും
ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ സൗദി-ഇറാന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയാണ് ഇറാഖ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. അദ്ദേഹം സൗദിയിലെത്തി സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്തി. സൗദി നേതാക്കളെ ഇറാഖിലേക്ക് ക്ഷണിച്ചു. ഇനി ടെഹ്‌റാനിലെത്തി ഇറാന്‍ നേതാക്കളെയും ബഗ്ദാദിലേക്ക് ക്ഷണിക്കും.

മറ്റൊരു ഭാഗത്തും ശ്രമം നടക്കുന്നു
പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലും സമാധാന ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇറാനും സൗദിക്കുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. റിയാദിലെത്തി സൗദി നേതാക്കളുമായി ഖാന്‍ ചര്‍ച്ച നടത്തിയിരുന്നു. ന്യൂയോര്‍ക്കില്‍ വച്ച് ഇറാന്‍ പ്രസിഡന്റിനെയും കണ്ടിരുന്നു. പാകിസ്താന് പുറമെയാണ് ഇറാഖിന്റെ ശ്രമം.

യുദ്ധത്തിന് താല്‍പ്പര്യമില്ല
ഇറാനുമായി യുദ്ധത്തിന് താല്‍പ്പര്യമില്ലെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. ഇറാനുമായി യുദ്ധമുണ്ടായാല്‍ ആഗോള സാമ്പത്തിക മേഖല തകരുമെന്ന് ബിന്‍ സല്‍മാന്‍ പറഞ്ഞു. സൈനിക നടപടിയേക്കാള്‍ താന്‍ ആഗ്രഹിക്കുന്നത് സമാധാനപരമായ പരിഹാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രശ്‌നം ഗുരുതരമാകും
ഇറാനെതിരായ സൈനിക നീക്കം എണ്ണവില വര്‍ധിക്കാന്‍ കാരണമാകുമെന്ന് ബിന്‍ സല്‍മാന്‍ പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ ഊര്‍ജമേഖലയിലെ 30 ശതമാനം വിതരണം ചെയ്യുന്നത് ഗള്‍ഫ് മേഖലയിലാണ്. മാത്രമല്ല, ആഗോള ചരക്ക് കടത്തിന്റെ 20 ശതമാനവും ഗള്‍ഫിലൂടെയാണ്. യുദ്ധമുണ്ടായാല്‍ സൗദിയേയോ പശ്ചിമേഷ്യയോ മാത്രമല്ല, മുഴുവന്‍ രാജ്യങ്ങളെയും ബാധിക്കുമെന്ന് ബിന്‍ സല്‍മാന്‍ വിശദീകരിച്ചു.
പാകിസ്താനൊപ്പം തുര്‍ക്കി; ചാരക്കണ്ണുകള്‍ വെട്ടിക്കുന്ന യുദ്ധക്കപ്പലുകള്‍, ആശങ്കയോടെ ഇന്ത്യ
മോദിയുടെ വമ്പന്‍ ദിപാവലി സര്‍പ്രൈസ് വരുന്നു; ജനകോടികള്‍ക്ക് ആശ്വാസം, നികുതി വെട്ടിക്കുറയ്ക്കും












Click it and Unblock the Notifications