സൗദി ആ ലക്ഷ്യം നേടിയേക്കും... ഇന്ത്യയ്ക്കാര്‍ പാടുപെടും; അരാംകോയുടെത് അഭൂതപൂര്‍വമായ വളര്‍ച്ച
റിയാദ്: ഗള്‍ഫ് ലോകത്തെ സുപ്രധാന സമ്പദ് വ്യവസ്ഥയാണ് സൗദി അറേബ്യയുടേത്. എണ്ണ വരുമാനത്തിന് അപ്പുറമുള്ള ആദായ മാര്‍ഗങ്ങള്‍ സൗദി തേടുന്നുണ്ടെങ്കിലും എണ്ണ കഴിഞ്ഞിട്ടേ സൗദിക്ക് മറ്റെന്തുമുള്ളൂ. ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞിരുന്നു കഴിഞ്ഞ വര്‍ഷം. ബാരല്‍ എണ്ണയ്ക്ക് 20 ഡോളര്‍ എന്ന നിലയിലേക്ക് കൂപ്പുകുത്തി. സൗദി ചരിത്രത്തില്‍ ഇത്രയും സാമ്പത്തിക ഞെരുക്കം നേരിട്ട സമയം മറ്റൊന്നില്ല.
എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞു. ബാരല്‍ എണ്ണയ്ക്ക് വില 83 ഡോളറിലെത്തി. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദിയുടെ അരാംകോ വമ്പന്‍ ലാഭം കൊയ്തിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. സൗദിക്ക് ഇത് ഏറെ ആശ്വാസകരമാണെങ്കിലും ഇന്ത്യയുടെ കാര്യം കൂടുതല്‍ കഷ്മാകും. വിശദാംശങ്ങള്‍ ഇങ്ങനെ...

കൊവിഡ് മാറാ വ്യാധി വലിയ ഭീഷണി സൃഷ്ടിച്ച വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. ആഗോള വിപണികള്‍ മൊത്തം നിലച്ചു. വാഹനങ്ങള്‍ നിരത്തിലിറങ്ങാത്ത സാഹചര്യം വന്നു. വിമാന യാത്രകളും നിര്‍ത്തി. എണ്ണ ഉപയോഗം തീരെ കുറഞ്ഞു. ഇതോടെ പെട്ടുപോയത് സൗദി ഉള്‍പ്പെടെയുള്ള എണ്ണ രാജ്യങ്ങളാണ്. ആവശ്യമില്ലാത്തത് കൊണ്ട് എണ്ണയ്ക്ക് വില കുത്തനെ ഇടിഞ്ഞു.

ബാരല്‍ എണ്ണയ്ക്ക് 20 ഡോളര്‍ എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു എണ്ണവില. പിന്നീട് സാഹചര്യം മാറാന്‍ തുടങ്ങി. കൊവിഡ് ഭീതി അകലാന്‍ തുടങ്ങിയതോടെ വിപണികള്‍ തുറന്നു. വാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ആരംഭിച്ചു. കൊവിഡ് വിട്ടുമാറുന്നു എന്ന സൂചന വന്നതോടെ ലോകം പഴയ സാഹചര്യത്തിലേക്ക് ഉയരാന്‍ തുടങ്ങി. ഇതോടെ എണ്ണ വില വര്‍ധിക്കാനും ആരംഭിച്ചു.

ഒക്ടോബര്‍ 31ലെ വിവരങ്ങള്‍ പ്രകാരം ബാരല്‍ എണ്ണയ്ക്ക് 83 ഡോളറാണ് വില. അതിവേഗമാണ് എണ്ണവില ആഗോള വിപണയില്‍ വര്‍ധിക്കുന്നത്. ഒക്ടോബര്‍ ആദ്യത്തില്‍ ബാരലിന് 73 രൂപയായിരുന്നു വില. ഒരു മാസം കൊണ്ട് 10 ഡോളര്‍ ഉയര്‍ന്നു. ഉല്‍പ്പാദനത്തില്‍ സൗദി കാര്യമായ കുറവ് വരുത്തുകയും ചെയ്തിട്ടില്ല. വില കൂടിയത് സൗദിക്ക് വലിയ നേട്ടമായി. വരുമാനം ഉയരുന്നതിനാല്‍ വിഷന്‍ 2030ന്റെ വന്‍ നേട്ടങ്ങളിലേക്ക് സൗദി അടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷത്തെ മൂന്നാം പാദത്തില്‍ അരാംകോയുടെ വരുമാനം കുത്തനെ വര്‍ധിച്ചിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. 3000 കോടി ഡോളറാണ് കമ്പനിയുടെ അറ്റവരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അരാംകോയുടെ വരുമാനം 1100 കോടി ഡോളറായിരുന്നു എന്നോര്‍ക്കണം. ഇരട്ടിയിലധികം ഉയര്‍ച്ചയാണ് അരാംകോയുടെ വരുമാനത്തിലുണ്ടായിരിക്കുന്നതെന്ന് കമ്പനി സിഇഒ അമീന്‍ നാസര്‍ പറയുന്നു.

സൗദി അറേബ്യ മാത്രമല്ല, എണ്ണ ഉല്‍പ്പാദ രാജ്യങ്ങളെല്ലാം വലിയ നേട്ടമാണ് ഇപ്പോള്‍ കൊയ്യുന്നത്. സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക് രാജ്യങ്ങള്‍ക്കും ഉപെകില്‍ അംഗമല്ലാത്ത റഷ്യയുടെ നേതൃത്വത്തിലുള്ള എണ്ണ രാജ്യങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുന്നുണ്ട്. അതേസമയം, ഇറാന്‍ കൂടി എണ്ണവിപണിയിലേക്ക് എത്തുമോ എന്ന ആശങ്ക സൗദിക്കുണ്ട് എന്നത് മറ്റൊരു കാര്യം.
സൗന്ദര്യം പിന്നെയും കൂടിയോ? മീര ജാസ്മിന്‍-ജയറാം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

ഇറാനും ലോകത്തെ വന്‍ ശക്തി രാജ്യങ്ങളും തമ്മില്‍ ആണവ ചര്‍ച്ച പുനരാരംഭിക്കാനിരിക്കുകയാണ്. അമേരിക്കയിലെ ഭരണമാറ്റമാണ് ചര്‍ച്ചയ്ക്ക് വീണ്ടും അവസരമൊരുക്കിയത്. ഡൊണാള്‍ഡ് ട്രംപ് മാറി ജോ ബൈഡന്‍ വന്നതോടെ ഇറാനുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ച വിജയിച്ചാല്‍ ഇറാന്റെ എണ്ണയ്‌ക്കെതിരായ ഉപരോധം നീക്കപ്പെടും. ഇതോടെ ഇറാന്റെ എണ്ണ ആഗോള വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തും. കൂടുതല്‍ എണ്ണ വിപണിയില്‍ എത്തിയാല്‍ വില കുറയാന്‍ തുടങ്ങുകയും ചെയ്യും.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള ഉപഭോഗ രാജ്യങ്ങള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില കുത്തനെ ഉയരുകയാണ്. ആഗോള വിപണിയല്‍ വില കയറുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് എണ്ണ കമ്പനികള്‍ വില കുത്തനെ ഉയര്‍ത്തുന്നത്. പെട്രോളിന് കേരളത്തില്‍ 110 രൂപ പിന്നിട്ടു. ഡീസലിന് വൈകാതെ 110ലെത്തും. ഇന്ത്യയിലെ ചില നഗരങ്ങളില്‍ പെട്രോള്‍ വില 120 കടന്നു. ഈ പോക്ക് തുടര്‍ന്നാല്‍ പെട്രോള്‍ 150ലെത്തുമെന്നാണ് മുന്നറിയിപ്പ്. ഇതാകട്ടെ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്യും.












Click it and Unblock the Notifications