സൗദി രാജകുമാരന്‍ ഒരേ കിടപ്പാണ്; 15 വര്‍ഷം പിന്നിട്ടു, വീഡിയോ പങ്കുവച്ച് രാജകുമാരി
റിയാദ്: ലോകത്തെ സമ്പന്നരുടെ പട്ടികയെടുത്താല്‍ അതില്‍ പലരും സൗദിയില്‍ നിന്നുള്ള രാജകുടുംബാംഗങ്ങളാകും. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ സമ്പന്നരുടെ പട്ടികയിലുണ്ടായിരുന്ന സൗദിയിലെ പ്രമുഖനാണ് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. ഇദ്ദേഹത്തിന്റെ കുടുംബത്തില്‍പ്പെട്ട ഒരു രാജകുമാരന്‍ വര്‍ഷങ്ങളായി ഒരേ കിടപ്പാണ്. ഒരു അപകടത്തില്‍ പരിക്ക് പറ്റിയ ശേഷം കോമയിലാണ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ രാജകുമാരന്‍.
കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വീഡിയോ റിമ ബിന്‍ത് തലാല്‍ രാജകുമാരി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇതോടെയാണ് രാജകുമാരന്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. എന്താണ് ഈ രാജകുമാരന് സംഭവിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഉറങ്ങുന്ന രാജകുമാരന്‍ എന്നാണ് അല്‍ വലീദിനെ വിളിക്കാറ്. 15 വര്‍ഷമായി ഒരേ കിടപ്പായതുകൊണ്ടാണ് ഈ വിളിപ്പേര് വന്നത്. കഴിഞ്ഞ ദിവസം രാജകുമാരന്റെ വീഡിയോ റിമ രാജകുമാരി ട്വിറ്ററില്‍ പങ്കുവച്ചു. പ്രിയപ്പെട്ടവനേ, ദൈവം നിന്നെ രക്ഷിക്കട്ടെ എന്നാണ് അവര്‍ വീഡിയോക്കൊപ്പം കുറിച്ചത്. ജീവന്‍ രക്ഷാ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് അല്‍ വലീദ് 15 വര്‍ഷത്തിലധികമായി കഴിയുന്നത്.

സൗദിയുടെ പതാക കൊണ്ട് അലങ്കരിച്ച മുറിയിലാണ് അല്‍ വലീദ് രാജകുമാരന്‍ കിടക്കുന്നത്. റിയാദിലെ ആശുപത്രിയിലാണ് രാജകുമാരന്‍. 2005ല്‍ ലണ്ടനില്‍ നടന്ന ഒരു അപകടത്തിലാണ് അല്‍ വലീദിന് പരിക്കേറ്റത്. ലണ്ടനിലെ മിലിറ്ററി കോളജില്‍ പഠിക്കുകയായിരുന്നു അദ്ദേഹം. ഗുരുതരമായ പരിക്കേറ്റ അല്‍ വലീദ് പിന്നീട് എഴുന്നേറ്റഇട്ടില്ല. ബോധം വീണിട്ടുമില്ല.

വിദേശ ഡോക്ടര്‍മാരെല്ലാം അല്‍ വലീദിനെ ചികില്‍സിച്ചിരുന്നു. അമേരിക്കയില്‍ നിന്നുള്ള മൂന്ന് ഡോക്ടര്‍മാര്‍, ഒരു സ്പാനിഷ് ഡോക്ടര്‍ എന്നിവരെല്ലാം ഏറെ പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അപകടത്തിന് ശേഷം തലയില്‍ നിന്നു രക്തസ്രാവമുണ്ടായിരുന്നു. പിന്നീടാണ് ബോധം നഷ്ടമായത്. എന്നാല്‍ എന്നെങ്കിലും രാജകുമാരന്‍ എഴുന്നേല്‍ക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

പിതാവ് ഖാലിദ് ബിന്‍ തലാലിന്റെ നിര്‍ദേശ പ്രകാരം അല്‍ വലീദ് പ്രത്യേക നിരീക്ഷണത്തിലാണ്. മകന്‍ മരിക്കണമെന്ന് ദൈവം ആഗ്രഹിച്ചിട്ടില്ല എന്നാണ് ഖാലിദ് ബിന്‍ തലാല്‍ പ്രതികരിച്ചത്. മരിക്കണമെന്ന് ദൈവം തീരുമാനിച്ചിരുന്നെങ്കില്‍ ആ അപകടത്തില്‍ തന്നെ ആകാമായിരുന്നല്ലോ. പക്ഷേ, ജീവന്‍ തിരിച്ചുകിട്ടി. എന്നെങ്കിലും അവന്‍ എഴുന്നേല്‍ക്കുമെന്ന പ്രതീക്ഷയാണ് ഖാലിദ് ബിന്‍ തലാല്‍ പങ്കുവയ്ക്കുന്നത്.

2020 ഒക്ടോബറില്‍ രാജകുമാരന്റെ കാര്യത്തില്‍ കൂടുതല്‍ പ്രതീക്ഷ കുടുംബത്തിനുണ്ടായി. അതിന് കാരണം രാജകുമാരന്റെ കൈ വിരലുകള്‍ ചലിച്ചു എന്നതാണ്. ഖാലിദിന്റെ സഹോദരി നൂറ രാജകുമാരി ഇതിന്റെ വീഡിയോ എടുക്കുകയും സന്തോഷത്തോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഖാലിദിന്റെ മകന്‍ കൈവിരല്‍ അനക്കിയിരിക്കുന്നു. ദൈവത്തിന്റെ ശക്തിയില്‍ നിരാശ വേണ്ട എന്നായിരുന്നു നൂറ രാജകുമാരിയുടെ വാക്കുകള്‍.

കോടികളുടെ ആസ്തിയുള്ള കുടുംബമാണ് ബിന്‍ തലാലിന്റെത്. ഈ കുടുംബത്തില്‍ ഏറ്റവും സമ്പന്നന്‍ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനാണ്. 2017ല്‍ ലോകത്തെ ഞെട്ടിച്ച് സൗദിയില്‍ കൂട്ട അറസ്റ്റ് നടന്നിരുന്നു. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേതൃത്വം നല്‍കുന്ന അഴിമതി വിരുദ്ധ വിഭാഗമായിരുന്നു അറസ്റ്റിന് പിന്നില്‍. അറസ്റ്റിലായവരുടെ കൂട്ടത്തില്‍ അല്‍ വലീദ് ബിന്‍ തലാലുമുണ്ടായിരുന്നു.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

ഫേസ്ബുക്ക്, ട്വിറ്റര്‍, ആപ്പിള്‍ തുടങ്ങി ലോകത്തെ പ്രമുഖ കമ്പനികളില്‍ നിക്ഷേപമുള്ള കോടീശ്വരനാണ് അല്‍ വലീദ് ബിന്‍ തലാല്‍. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത് പാശ്ചാത്യ നാടുകളിലെല്ലാം ചര്‍ച്ചയായിരുന്നു. കാരണം, അദ്ദേഹത്തിന്റെ ബിസിനസ് ലോകം മൊത്തം വ്യാപിച്ചുകിടക്കുകയാണ്. കമ്പനികളുടെ ഓഹരി ഇടിയുമോ എന്നതായിരുന്നു ലോക നേതാക്കളുടെ ആശങ്ക. മാസങ്ങള്‍ക്ക് ശേഷം നഷ്ടപരിഹാരം ഈടാക്കിയാണ് അല്‍ വലീദ് ബിന്‍ തലാലിനെ സൗദി ഭരണകൂടം മോചിപ്പിച്ചത്.












Click it and Unblock the Notifications