ഹൂതികൾക്ക് കനത്ത വെല്ലുവിളി; പാകിസ്ഥാനും തുർക്കിയുമായി കരാറിലെത്തി സൗദി, സൈന്യം സഹായിക്കും

റിയാദ്: സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ തമ്മിലുള്ള പുതിയ സംയുക്ത പ്രതിരോധ കരാർ തിങ്കളാഴ്‌ച പ്രാബല്യത്തിൽ വന്നു. കരാറിന്റെ ഭാഗമായി സൗദി അറേബ്യയിലേക്ക് സൈനികരെ ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളും സൈനിക ശേഷികളും വേഗത്തിൽ വിന്യസിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ പാകിസ്ഥാനും തുർക്കിയും തമ്മിൽ ധാരണയായി.

ഒക്ടോബർ 5ന് റിയാദിൽ ചേർന്ന മക്ക സഖ്യത്തിന്റെ തന്ത്രപരമായ രാഷ്ട്രീയ, പ്രതിരോധ സമിതിയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. സൗദി അറേബ്യ നേരിടുന്ന തുടർച്ചയായ ആക്രമണങ്ങളും സുരക്ഷാ ഭീഷണികളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഇറാനുമായി ബന്ധമുള്ള ഹൂതികളുടെ ഭീഷണിയും ഇതിൽ പ്രധാന ഘടകമാണ്.

saudi arabia

സംയുക്ത പ്രതിരോധ ബാധ്യതകൾ പ്രായോഗികമായി ഉടൻ നടപ്പാക്കാനും സൗദി അറേബ്യയിൽ ആവശ്യമായ സൈനിക വിഭാഗങ്ങളെയും പ്രതിരോധ ശേഷികളെയും വേഗത്തിൽ വിന്യസിക്കാനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അംഗീകരിച്ച വ്യവസ്ഥകളും സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങളുടെ ദേശീയ നിയമങ്ങളും അനുസരിച്ചായിരിക്കും സൈനിക വിന്യാസം. മൂന്ന് രാജ്യങ്ങളുടെയും സൈനിക സജ്ജീകരണം ശക്തിപ്പെടുത്തുകയും പരസ്‌പര ഏകോപനം മെച്ചപ്പെടുത്തുകയും വിവിധ സുരക്ഷാ ഭീഷണികളോട് കൂട്ടായി പ്രതികരിക്കാനുള്ള ശേഷി വർധിപ്പിക്കുകയുമാണ് ലക്ഷ്യം.

മക്കയെയും മദീനയെയും ലക്ഷ്യമിട്ടുള്ള ആക്രമണശ്രമങ്ങളെയും സൗദി നഗരങ്ങൾക്കും സാധാരണക്കാർക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും നേരെയുള്ള തുടർച്ചയായ ആക്രമണങ്ങളെയും മൂന്ന് രാജ്യങ്ങളും അപലപിച്ചു. സൗദി സായുധ സേനയുടെ ജാഗ്രതയെയും രാജ്യത്തിന്റെ സുരക്ഷയും ഭൗമപരമായ അഖണ്ഡതയും സംരക്ഷിക്കുന്നതിലെ പങ്കിനെയും അവർ പ്രശംസിച്ചു.

ഇന്നലെ റിയാദിൽ നടന്ന ഉന്നതതല യോഗത്തിൽ മൂന്ന് രാജ്യങ്ങളിലെയും മുതിർന്ന പ്രതിരോധ, സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. തുർക്കിയെ വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ, പ്രതിരോധ മന്ത്രി യാസർ ഗുലർ, ചീഫ് ഓഫ് ജനറൽ സ്‌റ്റാഫ് ജനറൽ സെൽചുക് ബയ്റക്തറോഗ്ലു എന്നിവർ ചടങ്ങിൽ പ്രതിനിധീകരിച്ചു.

പാകിസ്ഥാനിൽ നിന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാർ, ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സസ് കൂടിയായ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ, പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ് എന്നിവർ പങ്കെടുത്തു. സൗദിയെ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ, ചീഫ് ഓഫ് ജനറൽ സ്‌റ്റാഫ് ജനറൽ ഫയ്യാദ് ബിൻ ഹമദ് അൽ റുവൈലി എന്നിവർ പ്രതിനിധീകരിച്ചു.

പാകിസ്ഥാന്റെ വിരമിച്ച ലെഫ്റ്റനന്റ് ജനറൽ നൗമാൻ മഹ്മൂദിനെ മക്ക പ്രതിരോധ സഖ്യത്തിന്റെ ആദ്യ സെക്രട്ടറി ജനറലായി നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. ഒരു അംഗരാജ്യത്തിന്റെ സുരക്ഷ മറ്റംഗരാജ്യങ്ങളുടെയും സംയുക്ത സുരക്ഷയുടെ ഭാഗമാണെന്ന് മൂന്ന് രാജ്യങ്ങളും വ്യക്തമാക്കി.
ഓഗസ്‌റ്റ് 7നാണ് സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നിവർ മക്ക സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവച്ചത്.

കരാർ പ്രകാരം മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെയുള്ള സായുധ ആക്രമണം എല്ലാ അംഗരാജ്യങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കും. കരാർ പ്രാവർത്തികമാക്കുന്നതിനുള്ള സംവിധാനങ്ങൾ രൂപീകരിക്കുന്നതിനായി മൂന്ന് രാജ്യങ്ങളും തുടർന്നുള്ള ചർച്ചകൾ നടത്തിയിരുന്നു. ഓഗസ്‌റ്റിൽ ഇസ്‌താംബൂളിൽ വിദേശകാര്യ, പ്രതിരോധ മന്ത്രിമാരും സൈനിക മേധാവികളും കൂടിക്കാഴ്‌ച നടത്തിയിരുന്നു. സെപ്റ്റംബർ 25ന് റിയാദിലും സൈനിക മേധാവികൾ തമ്മിൽ ചർച്ചകൾ നടന്നിരുന്നു.

ഹൂതികളുടെ തുടർച്ചയായ ഭീഷണികൾക്കിടെയാണ് പ്രതിരോധ കരാർ സജീവമാക്കിയത്. സൗദിയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള മേഖലകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നടത്തിയതായി ഹൂതികൾ നേരത്തെ അവകാശപ്പെട്ടിരുന്നു. പുതിയ നീക്കം സൗദി അറേബ്യയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള സൈനിക സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിലും പ്രധാന ചുവടുവയ്പ്പായാണ് കണക്കാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma