ഉംറ തീര്‍ഥാടനം; വിദേശികള്‍ക്ക് സൗദി അറേബ്യയിലേക്ക് വരാം... പ്രവാസികള്‍ക്ക് പ്രതീക്ഷ
റിയാദ്: പ്രവാസികള്‍ക്ക് പ്രതീക്ഷയുടെ നേരിയ കിരണമായി സൗദി അറേബ്യയുടെ പുതിയ തീരുമാനം. വിദേശികള്‍ക്ക് ഉംറ തീര്‍ഥാടനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. തിങ്കളാഴ്ച മുതല്‍ വിദേശികള്‍ക്കും ഉംറ വിസ അനുവദിക്കും. ഒന്നര വര്‍ഷത്തിന് ശേഷമാണ് സൗദി അറേബ്യ വിദേശികള്‍ക്ക് ഉംറ തീര്‍ഥാടനത്തിന് അവസരം നല്‍കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സൗദിയില്‍ താമസിക്കുന്ന വിദേശികളും സ്വദേശികളുമായവര്‍ക്കാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഉംറ, ഹജ്ജ് അനുമതി നല്‍കിയത്. ഇവര്‍ക്ക് തന്നെ ഒട്ടേറെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സൗദി വിദേശികള്‍ക്ക് ഉംറയ്ക്ക് അവസരം നല്‍കുകയാണ്. ഇതോടെ സൗദിയിലേക്ക് വിമാന മാര്‍ഗം വിദേശികള്‍ എത്തി തുടങ്ങും. ഇത് ജോലി ആവശ്യാര്‍ഥം സൗദിയിലേക്ക് പോകാന്‍ കാത്തിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇനിയും രോഗ വ്യാപനം ഉണ്ടായില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് സൗദി ആരംഭിച്ചേക്കും.
ഉംറയ്ക്ക് അപേക്ഷിക്കുന്നവര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു എന്നതിന്റെ രേഖയും കാണിക്കണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് സൗദിയിലെത്തിയാല്‍ ക്വാറന്റൈനുണ്ടാകും. രോഗമില്ലെന്ന് പിന്നീടുള്ള പരിശോധനയില്‍ തെളിഞ്ഞാല്‍ മാത്രമേ ഇവര്‍ക്ക് ഉംറ ചെയ്യാനുള്ള അനുമതി ലഭിക്കൂ.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിര്‍ത്തിവച്ച ഉംറ തീര്‍ഥാടനം കഴിഞ്ഞ ഒക്ടോബറിലാണ് വീണ്ടും ആരംഭിച്ചത്. സൗദിയിലുള്ളവര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയത്. മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഉംറ തീര്‍ഥാടനം ചരിത്ര സംഭവമായിരുന്നു. മക്കയിലെ മസ്ജിദുല്‍ ഹറാമിലെത്തി ഏത് സമയവും നിര്‍വഹിക്കാവുന്ന കര്‍മമാണ് ഉംറ. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹജ്ജിനും കഴിഞ്ഞ രണ്ടുതവണയായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
നടി മിയയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍; അമ്മയായ ശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍
സാധാരണ ഉംറ, ഹജ്ജ് എന്നിവയിലൂടെ സൗദി അറേബ്യയ്ക്ക് 1200 കോടി ഡോളര്‍ വരുമാനം ലഭിക്കാറുണ്ട്. സൗദി അറേബ്യ അംഗീകരിച്ച വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് അനുമതി നല്‍കുക. ടൂറിസം മേഖല വീണ്ടും തുറക്കാനും സൗദി തീരുമാനിച്ചിട്ടുണ്ട്. 2019 മുതലാണ് സൗദി ടൂറിസം വിസ അനുവദിച്ചു തുടങ്ങിയത്. 2020 മാര്‍ച്ച് വരെ 40000 ത്തോളം ടൂറിസ്റ്റ് വിസകളാണ് അനുവദിച്ചിരുന്നത്. ഇതിന് ശേഷമാണ് കൊവിഡ് വ്യാപിച്ചതും വിപണിയെല്ലാം അടച്ചിട്ടതും. ഇപ്പോള്‍ വീണ്ടും രാജ്യം തുറക്കുമ്പോള്‍ ടൂറിസവും ഉംറയുമെല്ലാം ആരംഭിക്കുകയാണ്. വൈകാതെ ജോലി വിസയുള്ളവര്‍ക്കും സൗദിയിലെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.












Click it and Unblock the Notifications