സൗദിയില്‍ ആയിരത്തിലേറെ മിനിബസ്സുകള്‍ നിര്‍ത്തലാക്കുന്നു; പ്രതിഷേധവുമായി ഡ്രൈവര്‍മാര്‍
ജിദ്ദ: പുതിയ പൊതുഗതാഗത നയത്തിന്റെ ഭാഗമായി സൗദിയുടെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആയിരത്തിലേറെ പഴയ മിനി ബസ്സുകള്‍ നിര്‍ത്തലാക്കാന്‍ അധികൃതരുടെ തീരുമാനം. വിവിധ നഗരങ്ങളില്‍ നിന്ന് ചെറുപട്ടണങ്ങളിലേക്ക് സ്വകാര്യ സര്‍വീസ് നടത്തുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള മിനിബസ്സുകളാണ് സൗദി ഗതാഗത മന്ത്രാലയം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അമ്പത് വര്‍ഷത്തോളമായി തങ്ങളുടെ ഉപജീവന മാര്‍ഗമായി കൊണ്ടുനടക്കുന്ന മിനിബസ്സുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറില്ലെന്ന നിലപാടിലാണ് ഡ്രൈവര്‍മാര്‍.
സാദ് ഹരീരി വീണ്ടും സൗദിയിയില്‍
മിനി ബസ്സുകള്‍ നിര്‍ത്തലാക്കുന്നതിന് പകരമായി ഡ്രൈവര്‍മാര്‍ക്ക് മന്ത്രാലയം പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് സ്വീകാര്യമല്ലെന്ന നിലപാടിലാണവര്‍. സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ സ്ഥിരം ഡ്രൈവര്‍മാരായി ജോലി ചെയ്യുക, സര്‍ക്കാരിന്റെ ധനസഹായത്തോടെ എന്തെങ്കിലും ബിസിനസ് സംരംഭം ആരംഭിക്കുക, സര്‍ക്കാര്‍ നല്‍കുന്ന പൊതുസുരക്ഷാ സഹായം സ്വീകരിച്ച് റിട്ടയര്‍മെന്റ് ജീവിതം നയിക്കുക എന്നിവയാണ് അധികൃതര്‍ മുന്നോട്ടുവച്ചിരിക്കുന്ന മൂന്ന് വഴികള്‍.

എന്നാല്‍ അമ്പത് വര്‍ഷത്തോളമായി സ്വന്തം മിനി ബസ് ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നതെന്നും കമ്പനി ജോലിയില്‍ നിന്നുള്ള ശമ്പളം കൊണ്ട് അത് സാധിക്കില്ലെന്നുമാണ് അവരുടെ നിലപാട്. മാത്രമല്ല, ഇതില്‍ പലരും 60ഉം 70ഉം വയസ്സ് കഴിഞ്ഞവരാണ്. തങ്ങള്‍ക്ക് കമ്പനിയുടെ വലിയ ബസ്സുകള്‍ തിരക്കേറിയ നഗരപാതകളിലൂടെ ഓടിക്കാനാവില്ലെന്നും അവര്‍ പറയുന്നു. ഒരു കുഴപ്പവുമില്ലാത്ത തങ്ങളുടെ മിനി ബസ്സുകള്‍ കടപ്പുറത്താക്കണമെന്ന അധികൃതരുടെ ആവശ്യം അന്യായമാണെന്നാണ് അവരുടെ പക്ഷം.
എന്നാല്‍ രാജ്യം നടപ്പാക്കിവരുന്ന പൊതുഗതാഗത നയത്തിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ സഈദ് അല്‍ ബസ്സാമി പറഞ്ഞു. റിയാദ്, ജിദ്ദ, മക്ക, മദീന, താഇഫ് എന്നിവിടങ്ങളിലെ മിനിബസ്സുകളാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം വര്‍ഷങ്ങളായി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടിരുന്നതാണെന്നും എന്നാല്‍ ഡ്രൈവര്‍മാര്‍ അതിന് വിസമ്മതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇത്തവണത്തെ തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.












Click it and Unblock the Notifications