ഹമാസിനെ പ്രകോപിപ്പിച്ചതില്‍ സൗദിയുടെ നീക്കങ്ങളുമോ: അവസരം മുതലെടുത്ത് നെതന്യാഹുവും
ജറുസലേം: ആശങ്ക പടർത്തി ഇസ്രയേല്‍-ഹമാസ് യുദ്ധം ശക്തമാകുന്നു. സംഘർഷത്തില്‍ ഇരുഭാഗത്ത് നിന്നുമായി ഇതുവരെ 400 ല്‍ അധികം പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഗാസയെ നിയന്ത്രിക്കുന്ന പലസ്തീൻ അനുകൂല സായുധസംഘമായ ഹമാസ് നടത്തുന്ന ആക്രമണങ്ങളില്‍ 200 ഇസ്രായേലികള്‍ കൊല്ലപ്പെട്ടതായാതാണ് വിവരം. ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ 232 പേർ മരിച്ചതായി പാലസ്തീനും അറിയിച്ചു. ഹമാസിനുനേരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഗാസയിൽ 198 പേരും മരിച്ചു. 1610 പേർക്കും പരിക്കേറ്റിട്ടുണ്ട്.
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ നടുങ്ങിയ ഇസ്രായേല്‍ ഉടന്‍ തന്നെ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. 50 വർഷം മുമ്പ് യോങ്കിപ്പൂർ യുദ്ധത്തിനു ശേഷം ഇസ്രായേൽ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. യുദ്ധം തുടങ്ങിയതായും വിജയിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു വ്യക്തമാക്കി. ഗാസയിലേക്കുള്ള വൈദ്യതി ബന്ധം ഇസ്രായേല്‍ വിച്ഛേദിച്ചിട്ടുണ്ട്. ഇതോടെ 20 ലക്ഷം വരുന്ന ഗാസയില്‍ കനത്ത വ്യോമാക്രമണത്തിന് ഇസ്രായേല്‍ ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്.

ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവരോട് വീടുകളിൽ നിന്ന് പലായനം ചെയ്യാന്‍ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തന്നെ തിരിച്ചടികളില്ലാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ശത്രുക്കൾ മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഹമാസ് സൈനിക കമാൻഡർ മുഹമ്മദ് ഡീഫിന്റെ പ്രതികരണം. അക്രമം അധിനിവിഷ്ട വെസ്റ്റ്ബാങ്കിലേക്കും ജറൂസലമിലേക്കും വ്യാപിപ്പിക്കുമെന്നും ഹമാസ് നേതൃത്വം അറിയിക്കുന്നു.
പെട്ടെന്നുള്ള ആക്രമണത്തിന് ഇരുപക്ഷത്തിനും പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നാണ് നയതന്ത്ര മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്. ഇസ്രായേലിനും സൗദി അറേബ്യ ഉള്‍പ്പെടേയുള്ള അറബ് രാഷ്ട്രങ്ങള്‍ക്കും ഇടയിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെട്ട് വരുന്ന ഒരു സാഹചര്യമാണ് പശ്ചിമേഷ്യന്‍ മേഖലയില്‍ അടുത്തിടെയായിട്ടുള്ളത്. ചരിത്രപരമായ പല തീരുമാനങ്ങളും ഈ ബന്ധ സ്ഥാപിക്കലിന് പിന്നാലെയുണ്ടായിട്ടുണ്ട്.
ഇസ്രായേല്‍ അധിനിവേശത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുന്ന പാലസ്തീന്‍ ജനതയ്ക്ക് എക്കാലവും അറബ് രാഷ്ട്രങ്ങള്‍ പിന്തുണ നല്‍കിപ്പോരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇസ്രായേലുമായി സൗദി അറേബ്യ അടക്കം പുതുതായി ഉണ്ടാക്കുന്ന ബന്ധം സ്വാഭാവികമായും പാലസ്തീന്‍ ജനതയില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. പ്രത്യേകിച്ച് ഹമാസ് ഉള്‍പ്പെടേയുള്ള സായുധ സംഘങ്ങള്‍ക്ക് ഇസ്രായേല്‍ ബന്ധത്തില്‍ അറബ് രാഷ്ട്രങ്ങള്‍ നടത്തുന്ന വിട്ടുവീഴ്ചകള്‍ അംഗീകരിക്കാന്‍ തയ്യാറല്ല.
ഇസ്രായേല്‍ ബന്ധത്തില്‍ നിലപാട് മാറ്റിയെങ്കിലും പാലസ്തീന്റെ കാര്യത്തില്‍ തങ്ങള്‍ പഴയ നിലപാട് തുടരുമെന്ന് തന്നെയാണ് സൗദി അറേബ്യ വ്യക്തമാക്കുന്നത്. മേഖലയില്‍ ഉടല്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് നിലവിലെ സംഘർഷങ്ങളുടെ ഭാഗമായി സൗദിയുടെ പ്രതികരണം. എന്നാല്‍ ഇസ്രായേലുമായി മെച്ചപ്പെട്ട് വന്ന ബന്ധം നിലനിർത്താനും സൗദി ശ്രമിക്കുന്നുണ്ട്.
യുദ്ധം അതിശക്തമായി മുന്നോട്ട് പോകുകയാണെങ്കില്‍ സൗദി അറേബ്യക്ക് നിലവിലെ നിലപാട് തുടർന്ന് പോകാന്‍ കഴിയുമോയെന്നതും കണ്ടറിയേണ്ടതാണ്. ഇസ്രായേല്‍ ആക്രമണം ശക്തമാക്കുകയും പാലസ്തീനികളുടെ അവസ്ഥ കൂടുതല്‍ ദുരിതമാകുകുയം ചെയ്താല്‍ സൗദി അറേബ്യയ്ക്ക് മാത്രമല്ല, ഇസ്രായേലുമായി ബന്ധം ശക്തിപ്പെടുത്താന്‍ ഒരുങ്ങുന്ന മറ്റ് അറബ് രാഷ്ട്രങ്ങള്‍ക്കും പഴയ ഇസ്രായേല്‍ വിരുദ്ധ നിലപാടിലേക്ക് തിരിച്ച് പോകേണ്ടി വന്നേക്കാമെന്നും വിലയിരുത്തപ്പെടുന്നു.
മറുവശത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സർക്കാരിനുനേരെ ഇസ്രയേലിൽ എതിർപ്പ് ശക്തമാകുന്നതിനിടയിലുമാണ് സംഘർഷം. ജുഡീഷ്യറിയെ അട്ടിമറിക്കാനുള്ള സർക്കാരിന്റെ നിയമപരിഷ്കാരത്തിൽ രാജ്യവ്യാപകപ്രതിഷേധം നിലനിൽക്കുന്നു. ഇതിനിടയിലാണ് ഹമാസിന്റെ ഭാഗത്ത് നിന്നുള്ള ആക്രണം ഉണ്ടാകുന്നത്. ഹമാസ് ആക്രമണം തന്റെ പ്രതിച്ഛായ വളർത്താന്‍ നെതന്യാഹും ഉപയോഗപ്പെടുത്തുകയും പെട്ടെന്ന് തന്നെ യുദ്ധപ്രഖ്യാപനം നടത്തുകയുമായിരുന്നു.












Click it and Unblock the Notifications