സൗദിയില്‍ ടൂറിസ്റ്റുകള്‍ക്ക് വഴികാട്ടാന്‍ ഇനി സ്വദേശി വനിതകളും
റിയാദ്: സൗദിയില്‍ തുടരുന്ന സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനിതാ ടൂറിസ്റ്റ് ഗൈഡുകളെ നിയോഗിക്കാന്‍ തീരുമാനം. രാജ്യത്തെ ടൂറിസം മേഖലയെ കൂടുതല്‍ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യവും തീരുമാനത്തിന് പിന്നിലുണ്ട്. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് സ്ത്രീകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട ലൈസന്‍സ് നല്‍കുമെന്ന് ഹോസ്പിറ്റാലിറ്റി വിഭാഗം ഡയറക്ടര്‍ ബദര്‍ അല്‍ ഉബൈദ് അറിയിച്ചു. ഈ വര്‍ഷം തന്നെ വനികള്‍ക്ക് ടൂറിസ്റ്റ് ഗൈഡായി പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് നല്‍കിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ചില ചട്ടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും വനിതകള്‍ക്ക് ലൈസന്‍സ് നല്‍കുക. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് വെബ്സൈറ്റില്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയില്‍ നടന്ന സ്ത്രീ ശാക്തീകരണ, ഉദ്ഗ്രഥന ഫോറത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ തൊഴില്‍ രംഗത്തേക്ക് കൂടുതലായി കൊണ്ടുവരുന്നതിന്റെ ഭാഗമായി ഇതിനകം 8000 പേര്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. ടൂറിസം രംഗത്ത് കൂടുതല്‍ മികവുപുലര്‍ത്തുന്നതിന് 400 സൗദി യുവതി-യുവാക്കളെ വിദേശ രാജ്യങ്ങളിലേക്ക് പരിശീലനത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായി ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന വിനോദ സഞ്ചാര രംഗത്ത് നിക്ഷേപമിറക്കാന്‍ തയ്യാറുള്ളവര്‍ക്ക് സൗകര്യവും പ്രോല്‍സാഹനവും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദിയിലെ ആദ്യ വനിത ഹോട്ടല്‍ ഡയറക്റ്റര്‍ ഹിസ്സാ മസ്‌റൂഅ, സ്ഥാപനങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ വെല്ലുവിളികളെ കുറിച്ച് ഫോറത്തില്‍ സംസാരിച്ചു. തൊഴില്‍ സാമൂഹിക വികസന മന്ത്രലായത്തിലെ വനിതാ വിഭാഗം ഡയറക്ചര്‍ ഇമാന്‍ റജ്ഹാന്‍, സ്ത്രീ ശാക്തീകരണത്തിനായി മന്ത്രാലയം നടപ്പിലാക്കിയ പദ്ധതികളെ കുറിച്ച് ഫോറത്തില്‍ വിശദീകരിച്ചു.












Click it and Unblock the Notifications