ഇന്ത്യ-പാക് ഭിന്നതയുടെ മഞ്ഞുരുകിയോ? ഹസ്‌തദാനം ചെയ്‌ത് എസ് ജയശങ്കറും ഷഹബാസ് ഷെരീഫും
ന്യൂഡൽഹി: നീണ്ട ഒൻപത് വർഷത്തിന് ശേഷം പാക്കിസ്ഥാനിൽ എത്തിയ ഇന്ത്യൻ പ്രതിനിധി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി ഹ്രസ്വ കൂടിക്കാഴ്‌ച നടത്തി. ഇസ്ലാമാബാദ് ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കായി പാകിസ്ഥാനിലെത്തിയതായിരുന്നു എസ് ജയശങ്കർ.
ഉച്ചകോടിയിൽ പങ്കെടുത്തക്കുന്നവർക്കായി നടത്തിയ ഔദ്യോഗിക വിരുന്നിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി വിദേശകാര്യമന്ത്രി ഹസ്‌തദാനം നടത്തുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. എസ്‌സിഒ നേതാക്കൾക്കുള്ള ഔദ്യോഗിക വിരുന്നിന് ജയശങ്കറിനെ ഷരീഫ് സ്വാഗതം ചെയ്യാനെത്തിയപ്പോഴാണ് ഇരുവരും ഹസ്‌തദാനം നടത്തിയതും ഇരുപത് സെക്കന്റോളം മാത്രം നീണ്ടുനിന്ന കുശലാന്വേഷണം നടത്തിയതും.

കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി വിള്ളൽ വീണ ഇന്ത്യ-പാക് നയതന്ത്ര ബന്ധത്തിന്റെ പുനരുദ്ധാരണത്തിന് ഇത് വെളിച്ചം പകരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. 2015ലും 2016ലും നടന്ന ഭീകരാക്രമണ പരമ്പരയിൽ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്ക് ആസ്ഥാനമായുള്ള ഭീകരർ നടത്തിയ ആക്രമണത്തിന് ശേഷമാണ് ഇരുരാജ്യങ്ങൾക്കും ഇടയിലെ നയതന്ത്ര ബന്ധം പൂർണമായും ഇല്ലാതായത്.
അതുകൊണ്ട് തന്നെ ജയശങ്കറിന്റെ പാകിസ്ഥാനിലേക്കുള്ള യാത്ര ഏറെ പ്രാധാന്യമുള്ളതായിരുന്നു. കഴിഞ്ഞ കുറച്ചധികം വർഷങ്ങൾക്ക് ഇടയിൽ പാകിസ്ഥാൻ സന്ദർശിക്കുന്ന ആദ്യ മന്ത്രി കൂടിയാണ് എസ് ജയശങ്കർ, അതും ഏതാണ്ട് പത്ത് വർഷത്തിന് ശേഷം. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട ഒരു ചർച്ചയിൽ പങ്കെടുക്കാനായി സുഷമ സ്വരാജാണ് അവസാനമായി പാകിസ്ഥാൻ സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി.
അന്നും ജയശങ്കർ ഒപ്പമുണ്ടായിരുന്നു എന്നതാണ് കൗതുകകരമായ വസ്‌തുത. അന്ന് സുഷമ സ്വരാജിനൊപ്പം വിദേശകാര്യ സെക്രട്ടറിയുടെ റോളിലായിരുന്നു ജയശങ്കർ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇവിടേക്ക് ചെന്നിരുന്നു. എന്നാൽ ഇന്ത്യയുടെ ആത്മാർത്ഥമായ ശ്രമങ്ങൾക്ക് ഇടയിലും നടന്ന തുടർച്ചയായ ഭീകരാക്രമണങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകർക്കുകയായിരുന്നു.
ജയശങ്കറിന്റെ ഇത്തവണത്തെ യാത്രയിൽ പക്ഷേ ഇന്ത്യ-പാക് നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നത് അജണ്ടയിൽ ഇല്ലെന്നതാണ് വാസ്‌തവം. എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടി മാത്രമാണ് ഈ യാത്രയെന്നും പാകിസ്ഥാനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്ന കാര്യം പരിഗണനയിൽ ഇല്ലെന്നുമാണ് ജയശങ്കർ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.
ഇരു രാജ്യങ്ങൾക്കും ഇടയിലെ ഭിന്നതയുടെ മഞ്ഞുരുകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നടപടിയാണ് ഇന്ത്യയെ കൂടുതൽ ഉഭയകക്ഷി ബന്ധങ്ങളിൽ നിന്നും അകറ്റി നിർത്തുന്നത്. ഈ വിഷയത്തിൽ കടുത്ത നിലപാട് തന്നെ ഇപ്പോഴും വച്ചുപുലർത്തുന്ന സാഹചര്യത്തിൽ പെട്ടെന്നുള്ള പ്രശ്‌നപരിഹാരം വിഷയത്തിൽ ഉണ്ടാവാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications