തരൂരിന്റെ പ്രതിഷേധം ഫലം കണ്ടു, പാക് അനുകൂല പ്രസ്‌താവന പിൻവലിച്ച് കൊളംബിയ; ഇന്ത്യയ്ക്ക് പിന്തുണ
ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ കൊളംബിയ തങ്ങളുടെ മുൻ നിലപാട് മാറ്റിയതായി കോൺഗ്രസ് എംപി ശശി തരൂർ. നേരത്തെ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക്കിസ്ഥാൻ പൗരന്മാർക്ക് അനുശോചനം അറിയിക്കുന്ന നിലപാടായിരുന്നു കൊളംബിയ കൈക്കൊണ്ടിരുന്നത്. ഇതിന് പിന്നാലെ ശശി തരൂർ ഉൾപ്പെടുന്ന പ്രതിനിധി സംഘം ഇതിൽ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി തീവ്രവാദത്തെക്കുറിച്ച് പാകിസ്ഥാനെ തുറന്നുകാട്ടുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് സർവ്വകക്ഷി പ്രതിനിധി സംഘത്തെ നയിക്കുന്ന ശശി തരൂർ കൊളംബിയയിൽ തങ്ങളുടെ ദൗത്യത്തിന്റെ യഥാർത്ഥ ഉദ്ദേശമെന്തെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയെന്നാണ് വിലയിരുത്തൽ. ഉടൻ തന്നെ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് കൊളംബിയ ഒരു ശക്തമായ പ്രസ്‌താവന നടത്തുമെന്നാണ് തരൂർ അറിയിച്ചിരിക്കുന്നത്.

'ഞങ്ങൾ വിദേശകാര്യ മന്ത്രാലയവുമായി കൂടിക്കാഴ്‌ച നടത്തി, മുതിർന്ന ഉപമന്ത്രി ഞങ്ങളെ സ്വീകരിച്ചു. പിന്നാലെ ഒരു സന്തോഷവാർത്ത ലഭിച്ചു: മുമ്പ് ഞങ്ങളെ നിരാശപ്പെടുത്തിയ പ്രസ്‌താവന അവർ പിൻവലിച്ചു, ഞങ്ങളുടെ നിലപാടിനും ഞങ്ങളുടെ നിലപാടിനെക്കുറിച്ചുള്ള ധാരണയ്ക്കും ശക്തമായ പിന്തുണ നൽകുന്ന ഒരു പ്രസ്‌താവന അവർ പുറപ്പെടുവിക്കും' എന്നാണ് തരൂർ അറിയിച്ചത്.
ബൊഗോട്ടയിലെ ടാഡിയോ ലൊസാനോ സർവകലാശാലയിൽ മഹാത്മാഗാന്ധിക്ക് പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് പ്രതിനിധി സംഘത്തിലെ തലവനായ ശശി തരൂർ കൊളംബിയയുടെ നിലപാട് മാറ്റാതെ കുറിച്ചുള്ള വാർത്ത പങ്കുവച്ചത്. പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകൾ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സൈനിക ആക്രമണ പരമ്പരയായ ഓപ്പറേഷൻ സിന്ദൂറിനോടുള്ള കൊളംബിയയുടെ പ്രതികരണത്തിൽ തരൂർ നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു.
കൊളംബിയയുടെ വൈസ് വിദേശകാര്യ മന്ത്രി റോസ യോലാൻഡ വില്ലാവിസെൻസിയും ഇക്കാര്യം പറയുമ്പോൾ തരൂരിനൊപ്പം ഉണ്ടായിരുന്നു. 'ഇന്ന് ഞങ്ങൾക്ക് ലഭിച്ച വിശദീകരണവും, യഥാർത്ഥ സാഹചര്യം, സംഘർഷം, കശ്‌മീരിൽ എന്താണ് സംഭവിച്ചത് എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ഉപയോഗിച്ച്, നമുക്ക് സംഭാഷണം തുടരാനും എന്താണ് സംഭവിക്കുന്നതെന്ന് അറിയാനും കഴിയുമെന്ന് വളരെ ആത്മവിശ്വാസമുണ്ട്' എന്നായിരുന്നു വില്ലാവിസെൻസി പ്രതികരിച്ചത്.
കൊളംബിയയുടെ നിലപാട് മാറ്റത്തിന് പിന്നാലെ തരൂർ തന്റെ പ്രസ്‌താവന ആവർത്തിച്ചു. 'ഒരു വശത്ത് തീവ്രവാദികളും മറുവശത്ത് നിരപരാധികളായ സാധാരണക്കാരും തമ്മിലുള്ള ഒരു തുല്യതയും സാധ്യമല്ല' എന്നാണ് തരൂർ പറഞ്ഞത്. കൊളംബിയയുടെ പ്രാരംഭ പ്രസ്‌താവന അക്രമം നടത്തുന്നവരും അവരുടെ രാജ്യത്തെ പ്രതിരോധിക്കുന്നവരും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം അവഗണിച്ചുവെന്ന് തരൂർ ചൂണ്ടിക്കാട്ടി.
ആ പ്രസ്‌താവന പിൻവലിച്ചു എന്നറിഞ്ഞതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്, കൂടാതെ കൊളംബിയയിലെ ജനങ്ങളുടെ പ്രതിനിധികൾ എന്ന നിലയിൽ, ഞങ്ങളുടെ പരമാധികാരത്തിനും, ലോകസമാധാനത്തിനും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സമാധാനത്തിനും വേണ്ടി ഞങ്ങളോടൊപ്പം നിൽക്കാൻ നിങ്ങൾ ദൃഢനിശ്ചയം ചെയ്‌തതിലും വളരെ സന്തോഷമുണ്ട്. ജനങ്ങളും പ്രതിനിധികളും തമ്മിൽ ഇത്തരത്തിലുള്ള സംഭാഷണം തുടരുന്നതിലും വളരെ സന്തോഷിക്കുന്നു; തരൂർ പറഞ്ഞു.
ഭീകരതയോടുള്ള ഇന്ത്യയുടെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് അറിയിക്കുന്നതിനുള്ള നയതന്ത്ര നീക്കത്തിന്റെ ഭാഗമായി, അമേരിക്കൻ ഭൂഖണ്ഡത്തിൽ തുടരുന്ന ബഹുകക്ഷി പ്രതിനിധി സംഘത്തെ നിലവിൽ ശശി തരൂരാണ് നയിക്കുന്നത്. പനാമയും ഗയാനയും സന്ദർശിച്ച ശേഷം, സംഘം കഴിഞ്ഞ ദിവസമാണ് കൊളംബിയയിലെത്തിയത്. ബ്രസീലും യുഎസുമാണ് അവരുടെ അടുത്ത ലക്ഷ്യസ്ഥാനങ്ങൾ.
ഇക്കഴിഞ്ഞ ഏപ്രിൽ 22നാണ് കശ്‍മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നത്. 26 പേരുടെ ജീവനെടുത്ത ക്രൂരമായ ആക്രമണത്തിന് പിന്നാലെ ഇതിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമായിരുന്നു. തുടർന്നാണ് പതിനാല് ദിവസങ്ങൾക്ക് ശേഷം ഇന്ത്യ പാക്, പാക് അധീന കശ്‌മീർ എന്നിവിടങ്ങളിലെ ഒമ്പതോളം ഭീകരകേന്ദ്രങ്ങൾ തകർത്തത്. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷ സാഹചര്യം ഉണ്ടായെങ്കിലും നിലവിൽ വെടിനിർത്തലിലാണ്.












Click it and Unblock the Notifications