ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി ഹരിണി അമരസൂയ; വകുപ്പുകള്‍ ഇങ്ങനെ, പാര്‍ലമെന്റ് ഉടന്‍ പിരിച്ചുവിടും
കൊളംബോ: ശ്രീലങ്കയില്‍ പുതിയ മന്ത്രിസഭ രൂപീകരിച്ച് പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ. ഹരിണി അമരസൂയയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. ദിസ്സനായകെയാണ് പ്രധാനമന്ത്രിയെ നിയമിച്ചത്. ശ്രീലങ്കന്‍ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം വനിതാ പ്രധാനമന്ത്രിയാണ് ഹരിണി. ഹരിണിയും ദിസ്സനായകെയുടെ പാര്‍ട്ടിയുടെ രണ്ട് പാര്‍ലമെന്റ് അംഗങ്ങളും ചേര്‍ന്ന് വകുപ്പുകള്‍ കൈകാര്യം ചെയ്യും. ഇവര്‍ പാര്‍ലമെന്റ് പിരിച്ചുവിടുന്നത് വരെ കാവല്‍ മന്ത്രിമാരായി തുടരും.
അതേസമയം പാര്‍ലമെന്റ് ഉടന്‍ തന്നെ പിരിച്ചുവിടുമെന്നാണ് സൂചന. സെപ്റ്റംബര്‍ 21ന് നടന്ന തിരഞ്ഞെടുപ്പില്‍ ദിസ്സനായകെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മാര്‍ക്‌സിസ്റ്റ് അനുഭാവവും അതുപോലെ സാമ്പത്തിക നയങ്ങളുടെയും പേരില്‍ പ്രശസ്തനാണ് ദിസ്സനായകെ. നിലവില്‍ വളരെ ചെറിയ മന്ത്രിസഭയാണ് ശ്രീലങ്കയില്‍ രൂപീകരിച്ചത്. പ്രധാനമന്ത്രിയെ അല്ലാതെ മറ്റാരെയും നിയമിച്ചിട്ടില്ല.

ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി നിയമിതയായ ഹരിണി അമരസൂയക്ക് കുറച്ച് വകുപ്പുകളുടെ അധിക ചുമതലയുമുണ്ട്. നീതി, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, മന്ത്രാലയങ്ങളുടെ ചുമതലയാണ് അവര്‍ക്കുള്ളത്. കോളേജ് പ്രൊഫസറായിരുന്ന ഹരിണി ആദ്യമായിട്ടാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ലിംഗ നീതി-ന്യൂനപക്ഷാവകാശങ്ങള്‍ എന്നിവയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലൂടെ പ്രശസ്തയാണ് ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി.
അതേസമയം 2019ലെ ഈസ്റ്റര്‍ സ്‌ഫോടനത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പ്രസിഡന്റ് ദിസ്സനായകെ പ്രഖ്യാപിച്ചു. ഐസിസ് ചാവേറാക്രമണത്തില്‍ 270 പേരാണ് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കൊളംബോയിലെ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം കര്‍ദിനാള്‍ രഞ്ജിത്തിനെ ദിസ്സനായകെ സന്ദര്‍ശിച്ചിരുന്നു. സ്‌ഫോടനത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്ന് പ്രസിഡന്റ് ബിഷപ്പിന് ഉറപ്പുനല്‍കിയിരുന്നു.
രാജ്യത്തെ ക്രിസ്ത്യന്‍ പള്ളികളെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ഈ സ്‌ഫോടനം. ജൂണ്‍ മാസത്തില്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അന്വേഷണത്തിന് ഒരു കമ്മിറ്റിയെ നിയമിച്ചിരുന്നു. ലങ്കന്‍ ഇന്റലിജന്‍സ് സര്‍വീസുകള്‍ എന്തെല്ലാം നടപടിയെടുത്തു എന്ന് പരിശോധിക്കാനായിരുന്നു ഇത്. ഈസ്റ്റര്‍ സണ്‍ഡേ സ്‌ഫോടനത്തില്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഇവര്‍ കാര്യമായി എടുത്തോ എന്നതടക്കം പരിശോധിക്കാനായിരുന്നു തീരുമാനം.
ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ശ്രീലങ്കയില്‍ ചാവേറാക്രമണത്തിന് സാധ്യതയുണ്ടെന്ന് ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്റലിജന്‍സ് ചീഫ് ഇതില്‍ നടപടിയെടുത്തോ എന്ന് പരിശോധിക്കുമെന്ന് മുന്‍ പ്രസിഡന്റ് പ്രസ്താവനയില്‍ അറിയിച്ചിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജി എഎന്‍ജെ ഡി ആല്‍വിസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കായിരുന്നു അന്വേഷണ ചുമതല. ഇവര്‍ക്ക് എല്ലാ അധികാരവും പ്രസിഡന്റ് നല്‍കിയിരുന്നു.
അതേസമയം രാജ്യത്ത് മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള അധികാരമാണ് ജനങ്ങള്‍ പുതിയ പ്രസിഡന്റിന് നല്‍കിയത്. എല്ലാവിധ പിന്തുണയും അദ്ദേഹത്തിന് നല്‍കും. പാവപ്പെട്ടവരുടെ ഉന്നമനത്തിന് അദ്ദേഹം മുന്‍ഗണന നല്‍കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.












Click it and Unblock the Notifications