പാപുവ ന്യൂ ഗിനിയയില്‍ വന്‍ ഭൂചലനം; 7.0 തീവ്രത, സുനാമി മുന്നറിയിപ്പില്ല
സിഡ്‌നി: പാപുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത് എന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ വടക്ക് - പടിഞ്ഞാറന്‍ പാപുവ ന്യൂ ഗിനിയയില്‍ ആണ് ഭൂചലനം അനുഭവപ്പെട്ടത്. തീരദേശ പട്ടണമായ വെവാക്കില്‍ നിന്ന് 97 കിലോമീറ്റര്‍ (60 മൈല്‍) 62 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്.
പ്രാദേശിക സമയം പുലര്‍ച്ചെ 4 ന് ആണ് ഭൂചലനം ഉണ്ടായതെന്ന് യു എസ് ജി എസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇവിടെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. പ്രദേശത്ത് ജനവാസം താരതമ്യേന കുറവാണ്. അതേസമയം ഭൂകമ്പം ദ്രവീകരണം മൂലം പ്രദേശത്തിന് കേടുപാടുകള്‍ വരുത്തിയേക്കാം എന്നും ഇത് മണ്ണിന്റെ തകര്‍ച്ചയ്ക്കും തിരശ്ചീന സ്ലൈഡിംഗിനും കാരണമാകും എന്നും യു എസ് ജിയോളജിക്കല്‍ സര്‍വേയുടെ അഭിപ്രായപ്പെട്ടു.

ഭൂകമ്പമേഖലയിലെ മൃദുവായ ഭൂമിയുടെ ലാഘവം സമീപത്തെ ദ്വീപസമൂഹങ്ങള്‍ക്ക് പ്രതികൂലമാകാന്‍ സാധ്യതയുണ്ട്. ഇന്തോനേഷ്യയുടെ അതിര്‍ത്തിയില്‍ നിന്ന് 100 കിലോമീറ്റര്‍ കിഴക്ക് ന്യൂ ഗിനിയ ദ്വീപില്‍ നിന്നാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. കിഴക്കന്‍ പാപുവ ന്യൂ ഗിനിയയിലെ ഒരു ദ്വീപസമൂഹത്തിന്റെ ഭാഗമായ ന്യൂ ബ്രിട്ടന്‍ മേഖലയില്‍ ഫെബ്രുവരി അവസാനത്തില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.
ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച വിശദാംശങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. എന്നാല്‍ 4.5 ദശലക്ഷം ആളുകള്‍ക്ക് ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്ന് യു എസ് ജി എസ് വിലയിരുത്തുന്നു. ഇതില്‍ നാല് ലക്ഷത്തോളം പേര്‍ക്ക് ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത് എന്നാണ് അനുമാനം.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 249 കിലോമീറ്റര്‍ അകലെയുള്ള സതേണ്‍ ഹൈലാന്‍ഡ് പ്രവിശ്യയില്‍ പ്രകമ്പനം 45 സെക്കന്‍ഡ് നീണ്ടുനിന്നു എന്നാണ് ഒരു പ്രദേശവാസി പറയുന്നത്. 2022 സെപ്റ്റംബറില്‍ പാപുവ ന്യൂ ഗിനിയയില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 21 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications