തുടർച്ചയായി 286 ദിവസം, ആകെ 608; എന്നിട്ടും ബഹിരാകാശത്ത് കൂടുതൽ കഴിഞ്ഞ റെക്കോർഡ് സുനിതയ്ക്കല്ല, പിന്നെ?
ലോക ചരിത്രത്തിൽ തന്നെ സ്വർണ ലിപികളിൽ എഴുതാൻ സാധിക്കുന്ന ഒരു സംഭവ വികാസമാണ് സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടങ്ങിവരവ്. ഒൻപത് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയിൽ കുടുങ്ങിപ്പോയ ഇരുവരും ഇന്ന് ഭൂമിയിൽ കാലുകുത്തിയപ്പോൾ അത് മാനവരാശിയുടെ നിശ്ചയദാർഢ്യത്തിന്റെയും വളർച്ചയുടെയും ഉദാത്തമായ മാതൃകയായി മാറുകയായിരുന്നു.
സുനിതയും ബുച്ചും ഭൂമിയിൽ എത്തിയതിന് പിന്നാലെ ലോകമെമ്പാടും ചർച്ചകൾ കൊടുമ്പിരിക്കൊള്ളുകയാണ്. ഇന്ത്യൻ വംശജയായ സുനിത ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചിലവഴിച്ച വനിതകളിൽ ഒരാളാണ്. ആകെ 608 ദിവസമാണ് സുനിത ബഹിരാകാശത്ത് കഴിഞ്ഞിരിക്കുന്നത്. ഇത്തവണ പോയപ്പോൾ കുടുങ്ങിയ 286 ദിവസം ഉൾപ്പെടെയുള്ള കണക്കുകൾ ആണിത്. ഏതാണ്ട് രണ്ട് വർഷത്തിന് അടുത്ത് വരുമിത്.

എന്നാൽ ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കഴിഞ്ഞതിന്റെയും, ആകെ ഏറ്റവും കൂടുതൽ കാലം ചിലവഴിച്ചതിന്റെയും ഒക്കെ റെക്കോർഡ് സുനിതയുടെ പേരിൽ അല്ലെന്നത് പലരെയും ഞെട്ടിക്കുന്ന അറിവാണ്. ഇക്കാര്യത്തിൽ സുനിതയ്ക്ക് മുൻപിലായി ഒരുപാട് പേരൊന്നും ഇല്ലെങ്കിലും ഒന്നാം സ്ഥാനത്ത് അവരല്ല ഉള്ളതെന്ന് എന്നതാണ് യാഥാർഥ്യം.
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചിലവഴിച്ചത് ആര്?
പല സമയത്തായി ആകെ കണക്ക് കൂട്ടുമ്പോൾ ലോകത്തിൽ ഏറ്റവും കൂടുതൽ ദിവസം ബഹിരാകാശത്ത് സഞ്ചരിച്ചതിന്റെ റെക്കോർഡ് ഒരു അമേരിക്കക്കാരനല്ല കൈവശപ്പെടുത്തിയിരിക്കുന്നത്. റഷ്യൻ ബഹിരാകാശ സഞ്ചാരിയായ ഒലെഗ് കൊനോനെങ്കോയുടെ പേരിലാണ് ഈ അഭിമാനകരമായ റെക്കോഡുള്ളത്.
പലതവണയായി 1000 ദിവസത്തിൽ അധികമാണ്അദ്ദേഹം ബഹിരാകാശത്ത് ചിലവഴിച്ചത്. ചരിത്രത്തിൽ 1000 ദിവസം ബഹിരാകാശത്ത് എന്ന നേട്ടം ആദ്യമായി സ്വന്തമാക്കിയതും അദ്ദേഹമാണ്. 33 മാസങ്ങൾക്ക് തുല്യമായ 1111 ദിവസമാണ് അദ്ദേഹം അവിടെ ചിലവഴിച്ചത്. 16 വർഷത്തോളം നീണ്ട കരിയാറിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
ഒറ്റത്തവണ ഏറ്റവും കൂടുതൽ ചിലവഴിച്ചത്?
വിവിധ രേഖകൾ പ്രകാരം, 1995ൽ റഷ്യൻ ബഹിരാകാശയാത്രികനായ വലേരി പോളിയാക്കോവാണ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഒറ്റ ബഹിരാകാശ യാത്രയ്ക്കുള്ള ലോക റെക്കോർഡ് സ്ഥാപിച്ചത്, 437 ദിവസവും 17 മണിക്കൂറും 38 മിനിറ്റുമായിരുന്നു അദ്ദേഹം തുടർച്ചയായി ബഹിരാകാശത്ത് കഴിഞ്ഞത്. 7075 തവണ അദ്ദേഹം ഭൂമിയെ പരിക്രമണം ചെയ്‌തു.
ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ വനിത?
ഈ റെക്കോർഡ് യുഎസ് ബഹിരാകാശ യാത്രിക പെഗ്ഗി വിത്സണിന്റെ പേരിലാണ്. 675 ദിവസമാണ് പെഗ്ഗി ബഹിരാകാശത്ത് കഴിഞ്ഞത്. ഇതിൽ രണ്ടാം സ്ഥാനമാണ് സുനിത വില്യംസ് നേടിയിരിക്കുന്നത്. മാത്രമല്ല ആകെ ദിവസങ്ങളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാമതാണ് പെഗ്ഗി. സുനിത വില്യംസ് ആവട്ടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുമെത്തി.












Click it and Unblock the Notifications