സുനിത വില്യംസിന്റെ തിരിച്ചുവരവ് വൈകും; സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം മാറ്റിവച്ചു, നടപടി അവസാന നിമിഷം
ഏറെക്കാലമായി ഐഎസ്എസിൽ കുടുങ്ങി കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിത വില്യംസിനും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനുള്ള ദൗത്യം മാറ്റിവച്ചു. വിക്ഷേപണത്തിന് ഒരു മണിക്കൂറിൽ താഴെ മാത്രം ശേഷിക്കെയാണ് നാല് ബഹിരാകാശയാത്രികരെ വഹിച്ചുകൊണ്ടുള്ള പേടകത്തിന്റെ ലോഞ്ച് മാറ്റിവച്ചത്. യുഎസിലെ ഫ്ലോറിഡയിൽ നിന്നാണ് ഫാൽക്കൺ 9 റോക്കറ്റിന്റെ വിക്ഷേപണം സ്‌പേസ് എക്‌സ് നിശ്ചയിച്ചിരുന്നത്.
നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39 എയിൽ ഫാൽക്കൺ 9 റോക്കറ്റിന്റെ ഗ്രൗണ്ട് സപ്പോർട്ട് ക്ലാമ്പ് ആമിലെ ഹൈഡ്രോളിക് സിസ്‌റ്റം പ്രശ്‌നം കാരണമാണ് ദൗത്യം താൽക്കാലികമായി മാറ്റിവച്ചത്. ഈ സാങ്കേതിക തടസം കാരണമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഏജൻസിയുടെ ക്രൂ-10 ദൗത്യത്തിന്റെ ഇന്നത്തെ വിക്ഷേപണ ശ്രമം നാസയും സ്‌പേസ് എക്‌സും ചേർന്ന് റദ്ദാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു.

വ്യാഴം, വെള്ളി ദിവസങ്ങളിലായി മറ്റൊരു ലോഞ്ച് വിൻഡോ കൂടിയുണ്ട്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന് റോക്കറ്റിന്റെ ഹൈഡ്രോളിക്‌സിൽ അവർ നേരിട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെങ്കിൽ, ഫാൽക്കൺ 9 റോക്കറ്റ് ഈ ആഴ്‌ച തന്നെ വിക്ഷേപിക്കാൻ കഴിയും. ഇന്ന് തന്നെ വിക്ഷേപണം നടത്തി സുനിതയെയും ബുച്ചിനെയും ഭൂമിയിൽ തിരികെ എത്തിക്കാമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ.
നാസയിലെ ബഹിരാകാശയാത്രികരായ ആനി മക്‌ക്ലെയിൻ, നിക്കോൾ അയേഴ്‌സ്, ജാക്‌സയുടെ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി) ബഹിരാകാശയാത്രികൻ തകുയ ഒനിഷി, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ കിറിൽ പെസ്‌കോവ് എന്നിവർ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ നിന്ന് സുരക്ഷിതമായി പുറത്തുകടന്നിരുന്നു. റോക്കറ്റും നിലവിൽ സുരക്ഷിതമാണ്.
മാർച്ച് 19ഓടെ സ്പേസ് എക്‌സ് ക്രൂ ഡ്രാഗൺ ബഹിരാകാശയാത്രിക സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ കൊണ്ടു എത്തിക്കേണ്ടതായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ നടപടികൾ ആകെ വൈകുമെന്നാണ് സൂചന. അടുത്ത ദിവസങ്ങളിൽ തന്നെ ലോഞ്ച് നിശ്ചയിക്കുമോ എന്ന കാര്യത്തിൽ കൃത്യമായി വിവരമില്ല.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്‌എസ്) ഒമ്പത് മാസത്തിലേറെയായി കുടുങ്ങിക്കിടക്കുകയാണ് ഇരുവരും. അവരുടെ ബോയിംഗ് സ്‌റ്റാർലൈനർ ബഹിരാകാശ പേടകത്തിന് പ്രൊപ്പൽഷൻ പ്രശ്‌നങ്ങൾ ഉണ്ടാകുകയും തിരിച്ചുവരവിന് അനുയോജ്യമല്ലെന്ന് കണക്കാക്കുകയും ചെയ്‌തതോടെയാണ് ഇരുവരും അവിടെ കുടുങ്ങിപ്പോയത്.












Click it and Unblock the Notifications