ചോരക്കളമായി വീണ്ടും സിറിയ; അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി, 200ലധികം മരണം
ദമാസ്‌കസ്: സിറിയയിൽ വീണ്ടും ആഭ്യന്തര കലാപം തീവ്രമാവുന്നു. രാജ്യത്തെ പുതിയ അധികാരികളും പുറത്താക്കപ്പെട്ട ഏകാധിപതി ബഷാർ അസദിന്റെ അനുകൂലികളായ തോക്കുധാരികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അസദ് ഭരണകൂടത്തിന്റെ പതനത്തിനു ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ കലാപത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
സിറിയയിലെ മെഡിറ്ററേനിയൻ തീരത്ത് അസദിന്റെ ദീർഘകാല ശക്തികേന്ദ്രങ്ങളായ ലതാകിയ, ടാർട്ടസ് പ്രവിശ്യകളിലാണ് സംഘർഷങ്ങൾ തുടങ്ങിയത്. ഡിസംബർ ആദ്യം അസദ് അട്ടിമറിക്കപ്പെട്ടതിനുശേഷം ഈ പ്രദേശം പ്രശ്‌നം ഒഴിഞ്ഞു കിടക്കുകയായിരുന്നു. എന്നാൽ അസദ് അധികാരത്തിൽ നിന്ന് പുറത്തായി മാസങ്ങൾക്ക് ഇപ്പുറം വീണ്ടും ഇവിടെ നിന്നാണ് കലാപം ആരംഭിച്ചത്.

ലതാകിയ ഗ്രാമപ്രദേശത്ത് അസദ് വിശ്വസ്‌ത സർക്കാരിന്റെ 16 സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് വ്യാഴാഴ്‌ചയോടെ ഏറ്റുമുട്ടൽ ആരംഭിച്ചത്. എന്നാൽ ഇതിന് മറുപടിയായി സിറിയയിലെ പുതിയ സർക്കാരിനൊപ്പം നിൽക്കുന്ന പോരാളികൾ രാജ്യത്തിന്റെ തീരത്തിനടുത്തുള്ള നിരവധി ഗ്രാമങ്ങളിൽ അതിക്രമിച്ചു കയറി ഡസൻ കണക്കിന് പുരുഷന്മാരെ കൊന്നൊടുക്കുകയായിരുന്നു.
ഡിസംബർ ആദ്യം ഇസ്ലാമിക ഗ്രൂപ്പായ ഹയാത്ത് തഹ്‌രിർ അൽ-ഷാമിന്റെ നേതൃത്വത്തിലുള്ള വിമത ഗ്രൂപ്പുകൾ അസദിന്റെ സർക്കാരിനെ അട്ടിമറിച്ചതിനുശേഷം ഇരുവിഭാഗങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലുകൽ ഏറ്റവും തീവ്രമായതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 14 വർഷത്തെ ആഭ്യന്തരയുദ്ധത്തിനുശേഷം സിറിയയെ ഒന്നിപ്പിക്കുമെന്ന് പുതിയ സർക്കാർ അറിയിച്ചെങ്കിലും കാര്യങ്ങൾ ആ വഴിക്കല്ല നീങ്ങുന്നത്.
ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ കണക്കനുസരിച്ച്, പോരാട്ടം ആരംഭിച്ചതിനുശേഷം 200-ലധികം പേർ കൊല്ലപ്പെട്ടു. ഗ്രാമങ്ങളിൽ നടന്ന പ്രതികാര ആക്രമണങ്ങളിൽ ഏകദേശം 140 പേർ കൊല്ലപ്പെട്ടതിനു പുറമേ, മരിച്ചവരിൽ കുറഞ്ഞത് 50 സിറിയൻ സർക്കാർ സേനാംഗങ്ങളും അസദിനോട് വിശ്വസ്‌ത പുലർത്തുന്ന 45 പോരാളികളും ഉൾപ്പെടുന്നു.
സായുധരായ തോക്കുധാരികൾ തമ്പടിച്ചിരുന്ന ഏതാനും പട്ടണങ്ങളിലും ഗ്രാമങ്ങളിലും അധികാരം പുനഃസ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ട്, സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചും മറ്റ് നഗരങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ തീരത്തേക്ക് തിരിച്ചുവിട്ടും സർക്കാർ ശക്തമായ രീതിയിലാണ് സംഭവത്തോട് പ്രതികരിക്കുന്നത്.
ലതാകിയ പ്രവിശ്യയിലെ ഒരു തീരദേശ നഗരമായ ജബ്ലെയിൽ സായുധരായ അസദ് അനുകൂലികൾ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയിരുന്നു, അവിടെ അവർ നിയന്ത്രണം പിടിച്ചെടുത്തിരുന്നുവെന്ന് ലതാകിയയിലെ സർക്കാർ വക്താവ് അറിയിച്ചു. സംഘർഷം മൂന്നാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.












Click it and Unblock the Notifications