ഹോംസ് നഗരത്തിൽ പ്രവേശിച്ച് സിറിയൻ വിമതർ; അസദ് തലസ്ഥാനത്ത് തുടരുന്നു, ഒളിച്ചോടിയിട്ടില്ലെന്ന് വിശദീകരണം
ദമാസ്‌കസ്: പ്രസിഡന്റ് അൽ അസദിന്റെ ഭരണകൂടത്തിന് എതിരെ വിമതർ നടത്തുന്ന നീക്കങ്ങളിൽ നിർണായകമായി ഹോംസ് നഗരത്തിലേക്ക് ആയുധധാരികൾ കടന്നുകയറിയതായി റിപ്പോർട്ടുകൾ. തന്ത്രപ്രധാന മേഖലയായി കണക്കാക്കപ്പെടുന്ന ഹോംസ് നഗരത്തിലേക്ക് വിമതസേന പ്രവേശിച്ചതോടെ ഭരണകൂടം കടുത്ത ആശങ്കയിലാണ്. ഇതോടെ അൽ അസദിന്റെ സർക്കാർ അട്ടിമറിക്കപ്പെടുമോ എന്നാണ് ആശങ്ക.
തലസ്ഥാനത്തിനടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് സിറിയൻ സർക്കാർ സൈന്യം പിൻവാങ്ങിയില്ലെന്ന് പറയുമ്പോഴും ദമാസ്‌കസ് വളയാൻ തുടങ്ങിയതായി വിമതർ അവകാശപ്പെടുന്നു. 'ഞങ്ങളുടെ സൈന്യം തലസ്ഥാനമായ ദമാസ്‌കസ് വളയുന്നതിനുള്ള അവസാന ഘട്ട ശ്രമങ്ങൾ ആരംഭിച്ചു' ആക്രമണത്തിന് തുടക്കമിട്ട ഇസ്ലാമിസ്‌റ്റ് നേതൃത്വത്തിലുള്ള സഖ്യത്തിലെ പ്രധാനിയായ വിമത കമാൻഡർ ഹസൻ അബ്‌ദുൽ ഗനി പറഞ്ഞു.

എന്നാൽ രാജ്യത്തെ പ്രതിരോധ മന്ത്രാലയം ഈ അവകാശവാദങ്ങൾ എല്ലാം നിഷേധിച്ചു, പട്ടാളക്കാർ നഗരത്തിന് സമീപം തങ്ങളുടെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിട്ടുണെന്നാണ് അവർ അറിയിക്കുന്നത്. കൂടാതെ പ്രസിഡന്റ് അസദ് രാജ്യം വിട്ടുവെന്ന പ്രചാരണവും സർക്കാർ നിഷേധിച്ചു. തലസ്ഥാന നഗരത്തിൽ തന്നെയാണ് ഇപ്പോഴും സിറിയൻ പ്രസിഡന്റ് ഉള്ളതെന്നാണ് സർക്കാരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
ഹോംസ് നഗരത്തിന്റെ വടക്കൻ ഭാഗങ്ങളിൽ നിന്നാണ് വെള്ളിയാഴ്‌ച വൈകീട്ടോടെ പോരാട്ടം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് കലാപകാരികളെ പിന്തിരിപ്പിക്കുന്നതിനായി സർക്കാർ സൈനിക ശക്തി വർധിപ്പിക്കുകയും തീവ്രമായ വ്യോമാക്രമണം നടത്തുകയും ചെയ്‌തിരുന്നു. എന്നിട്ടും പിരിഞ്ഞുപോവാൻ വിമതസേന തയ്യാറായിരുന്നില്ല.
എന്നാൽ ശനിയാഴ്‌ചയോടെ സൈന്യത്തിന്റെ പ്രതിരോധം ഭേദിച്ച് വിമതർ ഹോംസ് നഗരത്തിലേക്ക് പ്രവേശിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രാജ്യത്തിൻറെ വിവിധ മേഖലകളിൽ സുപ്രധാന നഗരങ്ങൾ വിമതസേന പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് സർക്കാരും സൈന്യവും കൂടുതൽ കരുതലോടെ നീങ്ങുന്നത്.
നേരത്തെ ടക്ക് അലപ്പോ, മധ്യഭാഗത്ത് ഹമ, കിഴക്ക് ദേർ അൽ-സോർ എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങൾ വിമതസേന പിടിച്ചെടുത്തിരുന്നു. തെക്കൻ പ്രദേശങ്ങളായ കുനെയ്ത്ര, ദേര, സുവൈദ എന്നിവയും നിലവിൽ വിമതരുടെ നിയന്ത്രണത്തിലാണ്. കലാപകാരികൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ഭാഗം പൂർണമായും പിടിച്ചെടുത്തുവെന്നാണ് സൂചന.
അതേസമയം, സിറിയയിൽ സംഘർഷം രൂക്ഷമാവുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സിറിയയിലെ ഇന്ത്യക്കാരോട് എത്രയും പെട്ടെന്ന് തന്നെ രാജ്യം വിടാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications