ലോകത്തെ ഞെട്ടിച്ച് താലിബാന്‍ വീണ്ടും; ഈ ആയുധങ്ങള്‍ ആരുടേത്?... ഇന്ത്യ-സൗദി ചര്‍ച്ച
കാബൂള്‍: കഴിഞ്ഞ 40 വര്‍ഷത്തോളം യുദ്ധ ഭൂമിയായിരുന്നു അഫ്ഗാനിസ്താന്‍. 1980കളില്‍ സോവിയറ്റ് യൂണിയന്‍ സൈന്യത്തിനെതിരെ ആയുധമെടുത്തവരാണ് ഇന്ന് അഫ്ഗാനെ ഭരിക്കുന്ന താലിബാന്റെ നേതൃനിരയിലുള്ളത്. സോവിയറ്റ് സൈന്യം പോയപ്പോള്‍ അഫ്ഗാന്‍ ആഭ്യന്തര യുദ്ധത്തിലേക്ക് കടന്നു. പിന്നീടാണ് അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോ സൈന്യമെത്തിയത്. 20 വര്‍ഷത്തിന് ശേഷം യുഎസ് സൈന്യം പിന്‍മാറിയപ്പോള്‍ അഫ്ഗാന്‍ വീണ്ടും താലിബാന്‍ ഭരണത്തിലായി.
പരാജയപ്പെടുത്താനാകാത്ത സംഘമാണ് താലിബാന്‍ എന്ന് ലോകത്തെ വന്‍ ശക്തികള്‍ക്കെല്ലാം മനസിലായിട്ടുണ്ടെങ്കിലും എന്താണ് അവരുടെ സൈനിക ശേഷി എന്ന കാര്യം അവ്യക്തമായിരുന്നു. കഴിഞ്ഞ ദിവസം അവര്‍ ആയുധം പ്രദര്‍ശിപ്പിച്ച് കാബൂള്‍ തെരുവില്‍ സൈനിക പരേഡ് നടത്തി. ലോകരാജ്യങ്ങളെ ഞെട്ടിക്കുന്നതായിരുന്നു പരേഡ്. വിശദാംശങ്ങള്‍ ഇങ്ങനെ...

അഫ്ഗാനിലേക്ക് അധിനിവേശം നടത്തിയ സൈനിക ശക്തികളെല്ലാം ആയുധങ്ങള്‍ ഇവിടെ ഉപേക്ഷിച്ചാണ് രാജ്യം വിട്ടത്. സോവിയറ്റ് സൈന്യം ഇട്ടേച്ചുപോയ ഹെലികോപ്റ്ററുകളും ആയുധങ്ങളും ഇന്നും താലിബാന്‍കാരുടെ പക്കലുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുന്ന വേളയിലും അതുതന്നെയാണ് സംഭവിച്ചത്. അമേരിക്കന്‍ ആയുധങ്ങളും താലിബാന്‍ പിടിച്ചടക്കി.

റഷ്യയുടെയും അമേരിക്കയുടെയം ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് കഴിഞ്ഞ ദിവസം താലിബാന്‍കാര്‍ കാബൂളില്‍ പരേഡ് നടത്തിയത്. മൂന്ന് പ്രത്യേക വിഷയങ്ങളിലൂന്നിയാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചതാണ് ഒന്ന്. മറ്റൊന്ന് റഷ്യയുടെയും അമേരിക്കയുടെയും ആയുധങ്ങളാണ് ഇതില്‍ കൂടുതലും എന്നതാണ്. മൂന്നാമത്തെ കാര്യം, ഇതര രാജ്യങ്ങളെ പോലെ അവര്‍ സൈനിക പരേഡ് നടത്തി എന്നതാണ്.

റഷ്യന്‍ നിര്‍മിത ഹെലികോപ്റ്ററുകളും അമേരിക്കയുടെ കവചിത വാഹനങ്ങളും താലിബാന്‍കാര്‍ പ്രദര്‍ശിപ്പിച്ചു. നാല് പതിറ്റാണ്ടോളമായി യുദ്ധത്തിലേര്‍പ്പെട്ട അഫ്ഗാനിലെ സായുധ സംഘങ്ങളുടെ കൈവശം വിവിധ തരം ആയുധങ്ങളുണ്ടായിരുന്നു. താലിബാന്‍ അധികാരത്തിലെത്തിയതോടെ എല്ലാ ആയുധങ്ങളും വീടുകള്‍ കയറി പിടിച്ചെടുത്തു. ജനങ്ങളെ നിരായുധീകരിക്കുന്നതിന്റെ ഭാഗമായിരുന്നുവത്രെ ഇത്.

പരിശീലനം നേടിയ 250 പുതിയ താലിബാന്‍ സൈനികര്‍ കഴിഞ്ഞ ദിവസം ബിരുദ പഠനം പൂര്‍ത്തിയാക്കി. ഇതുമായി ബന്ധപ്പെട്ടാണ് കാബൂളില്‍ സൈനിക പരേഡ് നടന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത്തുല്ല ഖറസ്മി പറഞ്ഞു. അമേരിക്കന്‍ നിര്‍മിത എം 117 സൈനിക വാഹനം, എംഐ-17 ഹെലികോപ്റ്റര്‍ എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്. കൂടാതെ എല്ലാ സൈനികരുടെ കൈവശവും അമേരിക്കന്‍ നിര്‍മിത എം4 റൈഫിളുകളുമുണ്ടായിരുന്നു.

താലിബാനെതിരായ പോരാട്ടത്തിന് അഫ്ഗാനിലെ സൈനികരെ ശക്തിപ്പെടുത്താന്‍ അമേരിക്കക്ക് പദ്ധതിയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഒട്ടേറെ ആയുധങ്ങള്‍ അവര്‍ക്ക് അമേരിക്ക നല്‍കുകയും ചെയ്തു. താലിബാന്‍ ഭരണം പിടിച്ചതോടെ അഫ്ഗാന്‍ സൈനികര്‍ പലായനം ചെയ്തു. പലരും താലിബാനൊപ്പം ചേര്‍ന്നു. ഇതോടെ ആയുധങ്ങളെല്ലാം താലിബാന്‍കാര്‍ പിടിച്ചടക്കി.
മൂര്‍ച്ഛയേറിയ നോട്ടം!! കുറുപ്പിലെ നായികയുടെ സാരി ലുക്ക് അടിപൊളി... ഏറ്റെടുത്ത് ആരാധകര്‍

അഫ്ഗാന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരില്‍ വലിയൊരു വിഭാഗം ഇന്ന് താലിബാനൊപ്പമാണ്. അവരാണ് ആയുധങ്ങളുടെ അറ്റക്കുറ്റപ്പണി നടത്തുന്നതും ഹെലികോപ്റ്ററുകള്‍ പറത്തുന്നതും. സൈനികര്‍ക്ക് പ്രത്യേക വേഷം താലിബാന്റെ പരിഗണനയിലാണ്. 2800 കോടി ഡോളറിന്റെ ആയുധങ്ങളാണ് അമേരിക്ക അഫ്ഗാനിലെ സൈന്യത്തിന് നല്‍കിയിരുന്നത്. ഇവയെല്ലാം ഇന്ന് താലിബാന്റെ കൈവശമാണ്.

അഫ്ഗാനിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി ഇന്ന് ചര്‍ച്ച നടത്തി. അഫ്ഗാനില്‍ നിന്ന് യാത്ര ആരംഭിക്കുന്നതും അഫ്ഗാനിലെ വികസന പ്രവര്‍ത്തനങ്ങളുമാണ് ചര്‍ച്ച ചെയ്തത്. അതിനിടെ താലിബാന്റെ ഡെപ്യൂട്ടി പ്രധാനമന്ത്രി മുല്ലാ ഗനി ബറാദര്‍ ഇറാന്റെ പ്രത്യേക പ്രതിനിധിയുമായി ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്ന കാര്യങ്ങളായിരുന്നു ചര്‍ച്ച.












Click it and Unblock the Notifications