ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ ഫെബ്രുവരി 17ന്; മോദിക്കും ക്ഷണം, പങ്കെടുക്കുമോ?
ധാക്ക: ഫെബ്രുവരി 17-ന് ധാക്കയിൽ ബംഗ്ലാദേശ് നാഷണലിസ്‌റ്റ് പാർട്ടി ചെയർമാൻ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ വലിയൊരു രാഷ്ട്രീയ മാറ്റത്തിന് കളമൊരുങ്ങുകയാണ്. ഇതോടെ ബിഎൻപിയുടെ അധികാരത്തിലേക്കുള്ള ഔദ്യോഗിക തിരിച്ചുവരവായിരിക്കും ഇത്. ബംഗ്ലാദേശ് പാർലമെന്റ് ഹൗസിന്റെ തെക്കൻ പ്ലാസയിൽ നടക്കുന്ന ഈ സത്യപ്രതിജ്ഞാ ചടങ്ങ് ദക്ഷിണേഷ്യ മുഴുവൻ ഉറ്റുനോക്കുകയാണ്. ക്ഷണിക്കപ്പെട്ട രാജ്യങ്ങളിൽ ഇന്ത്യക്ക് പ്രമുഖ സ്ഥാനമുണ്ട്.
ബിഎൻപി വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ സത്യപ്രതിജ്ഞയോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് പ്രധാനമന്ത്രി താരിഖ് റഹ്മാനും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്യും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എഎംഎം നാസിർ ഉദ്ദിൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ഭരണഘടനാപരമായ ഈ മാറ്റം ശ്രദ്ധേയമായ കാര്യമായാണ് കണക്കാക്കുന്നത്.

ഫെബ്രുവരി 17 ബംഗ്ലാദേശിന്റെ ചരിത്ര ദിനമാണെന്ന് ബിഎൻപി വക്താവ് പറഞ്ഞിരുന്നു. ദീർഘനാളത്തെ തിരഞ്ഞെടുപ്പ് ശേഷം പുതിയ സർക്കാർ രൂപീകരണം ഒരു പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കം കുറിക്കുമെന്ന് വ്യക്തമാക്കുന്നു. ദക്ഷിണേഷ്യൻ നേതാക്കളടക്കമുള്ള അന്താരാഷ്ട്ര പ്രതിനിധികളുടെ സാന്നിധ്യവും ചടങ്ങിൽ പ്രധാനമാണ്.
ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്‌ടാവ് പ്രൊഫസർ മുഹമ്മദ് യൂനുസ് 13 രാജ്യങ്ങളിലെ ഭരണത്തലവൻമാരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇത് സുപ്രധാന നയതന്ത്ര നീക്കമാണ്. ഇന്ത്യ, ചൈന, സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, യുഎഇ ഖത്തർ, മലേഷ്യ, ബ്രൂണൈ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, ഭൂട്ടാൻ എന്നിവയാണ് ക്ഷണിക്കപ്പെട്ട രാജ്യങ്ങൾ.
ഇന്ത്യയുടെ ക്ഷണം ഡൽഹി-ധാക്ക ബന്ധവും ചരിത്രപരമായ സൗഹൃദവും കാരണം ഏറെ പ്രാധാന്യമർഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചെങ്കിലും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമൊത്തുള്ള മുംബൈയിലെ മുൻ നിശ്ചയിച്ച പരിപാടികൾ കാരണം അദ്ദേഹം പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് വിവരം.
പകരം, വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറോ ഉപരാഷ്ട്രപതി സിപി രാധാകൃഷ്‌ണനോ ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തേക്കും. പുതിയ ബിഎൻപി സർക്കാരിന് കീഴിൽ ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളുടെ ഭാവിഗതിയെക്കുറിച്ച് സൂചന നൽകാൻ ഈ പങ്കാളിത്തം നയതന്ത്ര നിരീക്ഷകർ സൂക്ഷ്‌മമായി വിലയിരുത്തും.
മുൻ ബിഎൻപി ഭരണങ്ങൾക്ക് ന്യൂഡൽഹിയുമായി സങ്കീർണ്ണമായ ബന്ധങ്ങളുണ്ടായിരുന്നെങ്കിലും, നേതാക്കൾ അടുത്തിടെ സഹകരണം, വ്യാപാരം, കണക്റ്റിവിറ്റി, സ്ഥിരത എന്നിവയ്ക്ക് ഊന്നൽ നൽകിയയാണ് സംസാരിച്ചിട്ടുള്ളതെന്ന് കാണാം. ഈ ചടങ്ങ് ദക്ഷിണേഷ്യയിൽ ബംഗ്ലാദേശിന്റെ പുതിയ നേതൃത്വം എങ്ങനെ നിലകൊള്ളുന്നു എന്നതിന്റെ ആദ്യ പരീക്ഷണം കൂടിയാണ്. ഇന്ത്യയും ഇത് ശ്രദ്ധയോടെ നിരീക്ഷിക്കുന്നു.
അതേസമയം, ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചരിത്രപരമായ വിജയമാണ് താരിഖ് റഹ്മാൻ നേതൃത്വം നൽകുന്ന ബിഎൻപിക്ക് ലഭിച്ചത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച ഫലങ്ങൾ പ്രകാരം ബിഎൻപിക്കും സഖ്യകക്ഷികൾക്കും 299 പാർലമെന്ററി സീറ്റുകളിൽ കുറഞ്ഞത് 212 സീറ്റുകൾ ലഭിച്ചുവെന്നതാണ് സുപ്രധാന കാര്യം. അതേസമയം പ്രതിപക്ഷമായ ജമാഅത്തെ ഇസ്ലാമിയും സഖ്യകക്ഷികളും 77 സീറ്റുകൾ നേടി.












Click it and Unblock the Notifications