ജനപ്രിയ മെസേജിംഗ് ആപ്പിന്റെ അമരക്കാരൻ; ആരാണ് അറസ്‌റ്റിലായ പവൽ ദുറോവ്? ടെലിഗ്രാമിന് പിടിവീഴുമോ?
പാരീസ്: ആഗോള തലത്തിൽ തന്നെ ഏറെ ജനപ്രീതി നേടിയ മെസേജിംഗ് ആപ്പായ ടെലിഗ്രാമിന്റെ സിഇഒ പവൽ ദുറോവ് അറസ്‌റ്റിലായ വിവരം ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇന്നലെ വൈകീട്ടോടെ പാരീസിലെ ബർഗെറ്റ് എയർപോർട്ടിന് പുറത്തുവച്ചാണ് ഈ ശതകോടീശ്വരനെ അറസ്‌റ്റ് ചെയ്‌തതെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. ടെലിഗ്രാം എന്ന ആപ്പ് ധാരാളമായി ഉപയോഗിക്കുന്നവർക്ക് പോലും പവൽ ദുറോവ് ആരാണെന്നോ എന്താണെന്നോ അറിയില്ല എന്നതാണ് വാസ്‌തവം.
നിലവിൽ അദ്ദേഹത്തിന്റെ അറസ്‌റ്റിലേക്ക് നയിച്ച കാരണങ്ങൾ പലതാണ് ചൂണ്ടിക്കാണിക്കുന്നത്. ടെലിഗ്രാമിൽ മോഡറേറ്റർമാരുടെ (നിരീക്ഷകർ) അഭാവത്തെ കുറിച്ചാണ് അന്വേഷണം ഊർജിതമാക്കിയതെന്നും ഈ സാഹചര്യം മെസേജിംഗ് ആപ്പിൽ ക്രിമിനൽ പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കുന്നതായും പോലീസുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എന്നാൽ വിഷയത്തിൽ ഫ്രഞ്ച് പോലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ടെലിഗ്രാമും ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്‌സ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്. സ്ഥിതിഗതികൾ വിലയിരുത്തകയാണെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
ആരാണ് പവൽ ദുറോവ്?
മെറ്റയുടെ വാട്‌സ് ആപ്പ്, ഇൻസ്‌റ്റഗ്രാം, ടിക് ടോക്, വീചാറ്റ് തുടങ്ങിയ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി വിപണിയിൽ മത്സരിക്കുന്നതും സൗജന്യമായി ഉപയോഗിക്കാവുന്നതുമായ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിന്റെ സ്ഥാപകനും ഉടമയുമാണ് റഷ്യൻ വംശജനായ പവൽ ദുറോവ്. ഒരു വർഷത്തിനുള്ളിൽ ഒരു ബില്യൺ സജീവ പ്രതിമാസ ഉപയോക്താക്കളെ മറികടക്കാൻ ടെലിഗ്രാം ലക്ഷ്യമിടുന്നു.
റഷ്യ, യുക്രൈൻ, മുൻ സോവിയറ്റ് യൂണിയന്റെ റിപ്പബ്ലിക്കുകൾ എന്നിവിടങ്ങളിൽ ടെലിഗ്രാമിന് കാര്യമായ സ്വാധീനമുണ്ട്. യുക്രൈനിലെ റഷ്യയുടെ യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങളുടെ നിർണായക ഉറവിടമായി കഴിഞ്ഞ കാലങ്ങളിൽ ഈ ആപ്പ് മാറിയിരുന്നു. ഇത് മോസ്കോയിലെയും കൈവിലെയും ഉദ്യോഗസ്ഥർ വളരെയധികംപ്രയോജനപ്പെടുത്തുന്നു. ആപ്പിനെ 'വെർച്വൽ വാർഫീൽഡ്' എന്നാണ് വിളിക്കുന്നത്.
ഫോർബ്‌സ് 15.5 ബില്യൺ ഡോളറിന്റെ ആസ്‌തി കണക്കാക്കിയ ശത കോടീശ്വരനാണ് ദുറോവ്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വികൊന്റകെയിൽ നിന്ന് പ്രതിപക്ഷ സമൂഹത്തെ മുഴുവൻ ഒഴിവാക്കാനുള്ള സർക്കാർ ആവശ്യം അംഗീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 2014ലാണ് ദുറോവ് റഷ്യ വിട്ടത്.
2021-ൽ ദുറോവ് ഫ്രഞ്ച് പൗരത്വം സ്വീകരിച്ചതായാണ് റഷ്യൻ, ഫ്രഞ്ച് മാധ്യമങ്ങൾ പറയുന്നത്. നേരത്തെ 2017-ൽ അദ്ദേഹം ദുബായിലേക്ക് ടെലിഗ്രാം പറിച്ചു നട്ടിരുന്നു. കൂടാതെ തന്റെ പ്രവർത്തനമേഖലയും ഇവിടേക്ക് മാറ്റിയിരുന്നു. നേരത്തെ ഒരു മുൻ അഭിമുഖത്തിൽ ദുറോവ് തന്റെ ആസ്‌തികളെ കുറിച്ച് പറഞ്ഞത് വലിയ ജനശ്രദ്ധ നേടിയിരുന്നു. ബിറ്റ്‌കോയിൻ, പണം എന്നിവയ്ക്ക് പുറമേ തന്റേതായി ഭൂമിയിൽ ഒന്നുമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.












Click it and Unblock the Notifications