അശാന്തിയുടെ താഴ്‌വരയായി പശ്ചിമേഷ്യ; തുറന്ന യുദ്ധം അകലെയല്ല, ഇറാഖിലെ ആക്രമണം നൽകുന്ന സന്ദേശം എന്ത്?
ന്യൂഡൽഹി: അടുത്തിടെ ഇറാൻ ഇസ്രയേലിനെതിരെ നടത്തിയ റോക്കറ്റ്, ഡ്രോൺ ആക്രമങ്ങളുമായി ബന്ധപ്പെട്ട സംഘർഷ സാധ്യതയിൽ പശ്ചിമേഷ്യയിൽ അയവൊന്നും വന്നിട്ടില്ല. എന്ന് മാത്രമല്ല ഇന്നലെയോടെ ഇസ്രായേൽ ഇറാനുമേൽ തിരിച്ചടി നടത്തുകയും ചെയ്‌തതോടെ രംഗം കൂടുതൽ വഷളാവുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ അതിലൊരു വഴിത്തിരിവായി ഇറാഖിലെ സൈനിക ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട വിവരമാണ് ഇന്ന് പുറത്തുവരുന്നത്.
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലാണ് മധ്യ ഇറാഖിലെ സൈനിക താവളം അർധരാത്രിയോടെ ആക്രമിക്കപ്പെട്ടത്. ഇറാൻ അനുകൂല ആശയങ്ങൾ പിന്തുടരുന്ന അർധസൈനിക വിഭാഗം കഴിഞ്ഞിരുന്നതായി കരുതുന്ന ബേസ് ക്യാമ്പാണ് ആക്രമിക്കപ്പെട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന് പിന്നാലെ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് യുഎസ് സൈന്യം അറിയിച്ചിരുന്നു.

കാൽസോ ബേസിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്നാണ് വിവരം. മുൻ ഇറാൻ അനുകൂല അർദ്ധസൈനിക വിഭാഗമായ ഹാഷെദ് അൽ-ഷാബി ഈ താവളത്തിൽ നിലയുറപ്പിച്ചിരുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തത്തെയും സൈനിക ഉദ്യോഗസ്ഥനെയും ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ ഇറാഖി സുരക്ഷാ സേനയുടെ ഭാഗമാണ് ഹാഷെദ് അൽ-ഷാബി. യുദ്ധത്തിന്റെ വക്കിലുള്ള മിഡിൽ ഈസ്‌റ്റിലെ രണ്ട് ബദ്ധവൈരികളായ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷങ്ങൾ ഒരു ഭാഗത്ത് നടക്കുന്നിനിടെയാണ് ഏറ്റവും പുതിയ ആക്രമണം.
എന്നാൽ ഈ ആക്രമണത്തിന്റെ യഥാർത്ഥ ലക്ഷ്യം വ്യക്തമല്ല. പശ്ചിമേഷ്യ ആകെ സംഘർഷ സാധ്യത സൃഷ്‌ടിക്കുന്ന നിലയിലാണ് ഈ ആക്രമണം ഉണ്ടായതെന്നതാണ് ശ്രദ്ധേയം. ഒരു തുറന്ന യുദ്ധത്തിലേക്ക് ഇറാനും ഇസ്രായേലും കടക്കുമോ എന്നാണ് മേഖലയിലുള്ള മറ്റെല്ലാവരും ഉറ്റുനോക്കുന്നത്. അതിനിടയിലാണ് ഇറാഖിൽ ഇത്തരമൊരു ആക്രമണം ഉണ്ടായിരിക്കുന്നത്.
അതേസമയം ഇസ്രായേലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടൽ വാക്കുകൾ നിന്ന് മാറി ആയുധങ്ങളുടെ രൂപമെടുക്കുന്ന കാഴ്‌ച മിഡിൽ ഈസ്‌റ്റ് വലിയ ആശങ്കയോടെയാണ് നോക്കി കാണുന്നത്. കഴിഞ്ഞ ദിവസം ഇസ്രായേൽ ഇറാന് നേരെ ഡ്രോൺ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മിസൈൽ ആക്രമണം എന്ന വാർത്ത ഇറാൻ നിഷേധിച്ചു.
നിരവധി ഡ്രോണുകൾ വെടിവെച്ചിട്ടിട്ടുണ്ടെന്നും ഇപ്പോൾ മിസൈൽ ആക്രമണമൊന്നും ഉണ്ടായിട്ടില്ലെന്നും ഇറാൻ പറയുന്നു. തങ്ങളുടെ കുട്ടികളുടെ കളിപ്പാട്ടം പോലെയുള്ള ഡ്രോണുകളാണ് വിക്ഷേപിക്കപ്പെട്ടതെന്നാണ് പരിഹാസ രൂപേണ ഇറാനിയൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്‌ദോല്ലാഹിയാൻ പറഞ്ഞത്. എന്നാൽ ഇസ്രായേൽ ആവട്ടെ കരുതലോടെയാണ് നീങ്ങുന്നത്. പ്രത്യേകിച്ച് തിരിച്ചടിക്കാതിരിക്കാൻ ലോക രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിൽ.












Click it and Unblock the Notifications