യുഎന്‍ ഉപരോധിച്ച തീവ്രവാദികളെ പോലും സംരക്ഷിക്കുന്നവര്‍; യുഎന്‍ കൗണ്‍സിലില്‍ പാകിസ്താനെതിരെ ഇന്ത്യ
ജനീവ: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്താനെതിരെ ഇന്ത്യ. കൗണ്‍സിലില്‍ തന്നെ പാകിസ്താനെതിരെ കടന്നാക്രമിച്ച് കൊണ്ടാണ് ഇന്ത്യ മറുപടി നല്‍കിയത്. പാകിസ്താനും തുര്‍ക്കിയുമാണ് കശ്മീര്‍ വിഷയം ഉന്നയിച്ചത്. ഇരുരാജ്യങ്ങളും അനാവശ്യമായ പരാമര്‍ശങ്ങളാണ് നടത്തുന്നതെന്ന് ഇന്ത്യ മറുപടി നല്‍കി.
കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പൂര്‍ണമായും അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്നും, പാകിസ്താന് അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും ഇന്ത്യയുടെ പ്രഥമ സെക്രട്ടറി അനുപമ സിംഗ് പറഞ്ഞു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 55ാം സെഷനിലായിരുന്നു കശ്മീര്‍ വിഷയം ചര്‍ച്ചയായത്.

തുര്‍ക്കി കശ്മീര്‍ വിഷയം ഉന്നയിച്ചതില്‍ വലിയ നിരാശയുണ്ട്. ഭാവിയില്‍ അവര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കരുതുന്നതായും അനുപമ പറഞ്ഞു. കശ്മീര്‍ വിഷയം പറയാന്‍ പാകിസ്താന് ഒരവകാശവുമില്ല. മനുഷ്യാവകാശത്തിന്റെ കാര്യത്തില്‍ അവരുടെ ട്രാക്ക് റെക്കോര്‍ഡ് വളരെ മോശമാണ്.
തീര്‍ത്തും തെറ്റായ ആരോപണങ്ങളാണ് അവര്‍ ഇന്ത്യക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. തീര്‍ച്ചയായും ഇതിന് മറുപടി പറയാനുണ്ട്. പക്ഷേ യുഎന്‍ കൗണ്‍സില്‍ പോലൊരു വേദിയെ ഇത്തരമൊരു വ്യാജ വാദങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തിയത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും അനുപമ സിംഗ് വ്യക്തമാക്കി.
ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇന്ത്യ സര്‍ക്കാര്‍ എടുക്കുന്ന ഭരണഘടനാപരമായ നടപടികള്‍ സാമൂഹിക-സാമ്പത്തിക-പുരോഗതിയും, മികച്ച ഭരണവും അവിടെ ഉറപ്പാക്കുന്നുണ്ട്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ പോലുമുള്ള അവകാശം പാകിസ്താനില്ല. അവര്‍ സ്വന്തം നാട്ടില്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ അത്രയേറെയാണ്.
കഴിഞ്ഞ വര്‍ഷം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ജാറന്‍വാലയില്‍ നടത്തിയ ക്രൂരമായ ആക്രമണങ്ങള്‍ അതിന് തെളിവാണ്. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉപരോധമേര്‍പ്പെടുത്തിയ തീവ്രവാദികള്‍ക്ക് പോലും അഭയം നല്‍കി, അവരെ ആഘോഷിക്കുന്നവരാണ് പാകിസ്താന്‍. മനുഷ്യാവകാശത്തില്‍ തീര്‍ത്തും മോശം റെക്കോര്‍ഡുള്ളവരാണ് ഇന്ത്യയെ കുറിച്ച് പറയുന്നതെന്നും അവര്‍ തുറന്നടിച്ചു.
ജറന്‍വാല സിറ്റിയില്‍ 19 ക്രിസ്ത്യന്‍പള്ളികളാണ് അഗ്നിക്കിരയാക്കിയത്. 89 ക്രിസ്ത്യന്‍ വീടുകളും ചുട്ടെരിക്കപ്പെട്ടു. പാകിസ്താന് ഈ വിഷയത്തില്‍ യാതൊരു വിശ്വാസ്യതയും ഇല്ല. അവര്‍ തീവ്രവാദത്തിലും സാമ്പത്തിക പ്രതിസന്ധിയിലും മുങ്ങി നില്‍ക്കുകയാണ്. സ്വന്തം ജനങ്ങളെ സേവിക്കുന്നതില്‍ പോലും അവര്‍ പരാജയപ്പെട്ട് നില്‍ക്കുകയാണ്.
സ്വന്തം കൈ രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന രാജ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കാനൊന്നും ഞങ്ങള്‍ക്ക് സാധിക്കില്ല. രക്തം പുരണ്ട ആ ചുവപ്പ് നിറം, അവര്‍ ലോകത്ത് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന തീവ്രവാദത്തില്‍ നിന്ന് ലഭിച്ചതാണ്. ധനപ്രതിസന്ധിയില്‍ വീണതിന്റെ ചുവപ്പാണത്. അതിലുപരി സ്വന്തം ജനങ്ങളുടെ താല്‍പര്യം പോലും സംരക്ഷിക്കാന്‍ സാധിക്കാത്തതിന്റെ നാണക്കേടിന്റെ ചുവപ്പാണ് അവരുടെ കൈയ്യില്‍ കാണുന്നതെന്നും അനുപമ സിംഗ് പറഞ്ഞു.












Click it and Unblock the Notifications