ഹമാസ് ഉന്നത കമാന്‍ഡര്‍ മുഹമ്മദ് സിന്‍വാര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ടെല്‍ അവീവ്: ഹമാസ് മുന്‍ മേധാവി യഹിയ സിന്‍വാറിന്റെ സഹോദരനും ഹമാസിന്റെ ഉന്നത കമാന്‍ഡറുമായ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട് എന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങളുമായുള്ള അടച്ചിട്ട മുറിയിലെ യോഗത്തില്‍ ആണ് കാറ്റ്സിന്റെ പ്രതികരണം.
'എല്ലാ സൂചനകളുടെയും അടിസ്ഥാനത്തില്‍, ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയുടെ പരിസരത്ത് നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടത്,' കാറ്റ്സ് പറഞ്ഞു. ഗാസയിലെ മുന്‍ ഹമാസ് നേതാവായിരുന്ന യഹിയ സിന്‍വാറിന്റെ ഇളയ സഹോദരനായിരുന്നു മുഹമ്മദ് സിന്‍വാര്‍. കഴിഞ്ഞ ഒക്ടോബറില്‍ തെക്കന്‍ ഗാസയില്‍ നടന്ന ആക്രമണത്തില്‍ ആണ് ഇസ്രായേല്‍ സൈന്യം യഹിയ സിന്‍വാറിനെ കൊലപ്പെടുത്തിയത്.

ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിക്ക് താഴെയുള്ള ഭൂഗര്‍ഭ അടിസ്ഥാന സൗകര്യങ്ങള്‍ ഇസ്രായേല്‍ പ്രതിരോധ സേന (ഐ ഡി എഫ്) ലക്ഷ്യമിട്ടിരുന്നു. ഹമാസ് ആണ് ഈ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി ചാനലായ അല്‍-ഹദത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം സിന്‍വാറിന്റെ മൃതദേഹം അദ്ദേഹത്തിന്റെ 10 സഹായികളുടെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ക്കൊപ്പമാണ് കണ്ടെടുത്തത്.
ഹമാസിന്റെ സൈനിക വിഭാഗത്തിലെ റഫ ബ്രിഗേഡിന്റെ കമാന്‍ഡര്‍ മുഹമ്മദ് ഷബാനയും ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് തെളിവുകളുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നിരുന്നാലും, സിന്‍വാറിന്റെ കൊലപാതകം ഐഡിഎഫ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഐഡിഎഫ് ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 40 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ജൂലൈയില്‍ ഹമാസിന്റെ ഉന്നത സൈനിക കമാന്‍ഡറായ മുഹമ്മദ് ദെയ്ഫിന്റെ കൊലപാതകത്തെ തുടര്‍ന്ന് മുഹമ്മദ് സിന്‍വാര്‍ ഗ്രൂപ്പിന്റെ സൈനിക വിഭാഗത്തിന്റെ ചുമതല ഏറ്റെടുത്തിരുന്നു. സിന്‍വാറിന്റെ മൂത്ത സഹോദരന്‍ യഹിയയെ ഐഡിഎഫ് സൈന്യം കൊലപ്പെടുത്തിയതിനുശേഷം അദ്ദേഹം ഗാസ മുനമ്പിലെ ഹമാസ് ഗ്രൂപ്പിന്റെ യഥാര്‍ത്ഥ നേതാവായി അവരോധിക്കപ്പെട്ടു.
2023 ഒക്ടോബര്‍ 7 ന് ഹമാസ് നയിച്ച ഇസ്രായേലിനെതിരായ ആക്രമണത്തിന് പിന്നിലെ സൂത്രധാരനായിരുന്നു യഹിയ. ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന് തിരികൊളുത്തിയത് ഇതാണ്. അതേസമയം മുഹമ്മദ് സിന്‍വാറിനെ ഇല്ലാക്കുന്നത് 18 മാസമായി നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദത്തിലായ ഇസ്രായേലിന് ഒരു പ്രധാന വിജയമായിരിക്കും. 1975 ല്‍ ഖാന്‍ യൂനിസില്‍ ജനിച്ച മുഹമ്മദ് സിന്‍വാര്‍ സഹോദരന്റെ പാത പിന്തുടര്‍ന്ന് 1980 കളുടെ അവസാനത്തില്‍ ആണ് ഹമാസില്‍ ചേര്‍ന്നത്.
1991ല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്രായേല്‍ സൈന്യം അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് ജയിലില്‍ കിടന്നത്. 1990-കളില്‍ റാമല്ലയില്‍ പലസ്തീന്‍ അതോറിറ്റി അദ്ദേഹത്തെ വര്‍ഷങ്ങളോളം തടവിലാക്കിയിരുന്നു. 2006-ല്‍, ഐഡിഎഫ് സൈനികന്‍ ഗിലാദ് ഷാലിത്തിനെ തട്ടിക്കൊണ്ടുപോയ ഹമാസ് സെല്ലിന്റെ ഭാഗമായിരുന്നു സിന്‍വാര്‍. മുമ്പ് ഹമാസിന്റെ ഖാന്‍ യൂനിസ് ബ്രിഗേഡിന്റെ കമാന്‍ഡറും അദ്ദേഹമായിരുന്നു.












Click it and Unblock the Notifications