41 രാജ്യങ്ങൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങി ട്രംപ് ഭരണകൂടം; പട്ടികയിൽ ഇടംനേടി പാകിസ്ഥാനും
ന്യൂയോർക്ക്: അനധികൃത കുടിയേറ്റം തടയുന്നതിൽ കർശന നടപടി സ്വീകരിക്കുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്താൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ് ഭരണകൂടം. റോയിറ്റേഴ്‌സ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ഭൂട്ടാൻ എന്നിവയുൾപ്പെടെ 41 രാജ്യങ്ങൾക്ക് അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് നേരിടേണ്ടി വരുമെന്നാണ് ഇതിൽ പറയുന്നത്.
ഇത് ട്രംപിന്റെ ഒന്നാം ഭരണകാലത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളെ അപേക്ഷിച്ച് കൂടുതൽ കടുപ്പമേറിയതായിരിക്കും എന്നാണ് സൂചന. അന്ന് ഏഴോളം മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ അടുത്ത 60 ദിവസത്തിനുള്ളിൽ പോരായ്‌മകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിയില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നാണ് വിവരം.

യുഎസ് വിസ വിതരണം ഭാഗികമായി നിർത്തിവയ്ക്കേണ്ടി വന്നേക്കാവുന്ന 26 രാജ്യങ്ങളുടെ കൂട്ടത്തിൽ, സുരക്ഷാ ഉദ്യോഗസ്ഥരുടെ കരട് ശുപാർശകളുടെ പട്ടികയിൽ പാകിസ്ഥാനും ഇടം നേടിയ സാഹചര്യത്തിലാണ് ഇത്. തുർക്ക്മെനിസ്ഥാൻ, ബെലാറസ്, ഭൂട്ടാൻ, വാനുവാട്ടു എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുന്ന മറ്റ് രാജ്യങ്ങൾ.
എന്നാൽ നേരത്തെ യാത്രാ വിലക്ക് സംബന്ധിച്ച റിപ്പോർട്ടുകൾ വെറും കിംവദന്തി ആണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. അത്തരം നിയന്ത്രണങ്ങൾ സംബന്ധിച്ച ഔദ്യോഗിക സൂചനകളൊന്നും പാകിസ്ഥാന് ലഭിച്ചിട്ടില്ലെന്ന പറഞ്ഞ വിദേശകാര്യ ഓഫീസ് വക്താവ് ഷഫ്ഖത്ത് അലി ഖാൻ വാർത്തകൾ തള്ളുകയായിരുന്നു.
തുർക്ക്മെനിസ്ഥാനിലെ പാകിസ്ഥാൻ അംബാസഡർ കെകെ അഹ്സാൻ വാഗന് അടുത്തിടെ അമേരിക്കയിൽ പ്രവേശനം നിഷേധിക്കപ്പെടുകയും തുടർന്ന് ലോസ് ഏഞ്ചൽസിൽ നിന്ന് മടങ്ങേണ്ടി വരികയും ചെയ്‌തതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ വാർത്ത വരുന്നത്. അന്നത്തെ സംഭവത്തിൽ അഹ്സാന് പ്രവേശനം നിഷേധിച്ചതിനെ കാരണം യുഎസ് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.
പുറത്തുവന്ന കരട് രേഖ പ്രകാരം പ്രകാരം അഫ്‌ഗാനിസ്ഥാൻ, ക്യൂബ, ഇറാൻ, ലിബിയ, ഉത്തരകൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനിസ്വേല, യെമൻ എന്നീ 10 രാജ്യങ്ങളുടെ പൗരന്മാർക്ക് പൂർണ്ണ വിസ സസ്പെൻഷൻ നേരിടേണ്ടിവരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളെ റെഡ് ലിസ്‌റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
എറിത്രിയ, ഹെയ്ത്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നീ അഞ്ച് രാജ്യങ്ങൾ ഉൾപ്പെടുന്ന രണ്ടാമത്തെ ഗ്രൂപ്പിന് മേൽ ഏർപ്പെടുത്തുന്ന ചില നിയന്ത്രണങ്ങൾ ടൂറിസ്‌റ്റ്, സ്‌റ്റുഡന്റ് വിസകളെയും മറ്റ് കുടിയേറ്റ വിസകളെയും ബാധിക്കുമെങ്കിലും ചില ഇളവുകളുണ്ടാവും. ഈ നിയന്ത്രണങ്ങൾ എന്നാണ് നിലവിൽ വരികയെന്ന കാര്യത്തിൽ വ്യക്തതയില്ല.












Click it and Unblock the Notifications