ട്രംപും സെലൻസ്‌കിയും തമ്മിൽ വീണ്ടും വാഗ്വാദം; ഇത്തവണ ക്രിമിയയുടെ പേരിൽ, റഷ്യയുടെ ഭാഗമെന്ന് യുഎസ്
ന്യൂയോർക്ക്: യുഎസ് ഡൊണാൾഡ് ട്രംപും യുക്രൈനിയൻ പ്രസിഡന്റ് വളോഡിമർ സെലൻസ്‌കിയും തമ്മിൽ വീണ്ടും വാഗ്വാദം നടന്നതായി റിപ്പോർട്ട്. മേഖലയിൽ മൂന്ന് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ സാധ്യതയുള്ള വിഷയങ്ങൾ ചർച്ചയിൽ വിലയിരുത്തുന്നതിനിടെയാണ് ഇരുവരും തമ്മിൽ വീണ്ടും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയത്. യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കുകയാണ് യുഎസ് പ്രസിഡന്റ് ട്രംപ്.
ഇത്തവണ ട്രംപ്-സെലൻസ്‌കി സംഘർഷം ക്രിമിയയെ ച്ചൊല്ലിയായിരുന്നു. ഈ പ്രദേശം റഷ്യൻ പ്രദേശമായി കണക്കാക്കണമെന്ന് യുഎസ് പ്രസിഡന്റ് എടുത്തു പറയുകയായിരുന്നു. എന്നാൽ സെലൻസ്‌കിയാവട്ടെ ട്രംപിന്റെ നിലപാടിനോട് യോജിക്കാൻ വിസമ്മതിക്കുകയായിരുന്നു. യുക്രൈൻ അതിന്റെ അടിസ്ഥാന തത്വങ്ങളിൽ ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു.

ലണ്ടനിൽ നടന്ന പുതിയ ചർച്ചകൾക്കായി യോഗം ചേർന്നപ്പോൾ, യുഎസ് മുന്നോട്ടുവച്ച നിർദ്ദേശത്തിൽ മോസ്കോയുടെ നിലപാടിനോട് രണ്ട് പ്രധാന കാര്യങ്ങൾ യോജിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആദ്യത്തേത് കീവ് ക്രിമിയയെ റഷ്യൻ പ്രദേശമായി ഔദ്യോഗികമായി അംഗീകരിച്ചതും രണ്ടാമത്തേത് യുക്രൈൻ ഒരിക്കലും നാറ്റോ അംഗമാകാൻ കഴിയില്ല എന്നതുമാണ്.
എന്നാൽ ഈ രണ്ട് കാര്യങ്ങളും യുക്രൈൻ നിരസിക്കുകയായിരുന്നു. ഇത് ഡൊണാൾഡ് ട്രംപിനെ പ്രകോപിപ്പിച്ചു. കീവിന്റെ പിടിവാശിയെച്ചൊല്ലി ചർച്ചകളിൽ നിന്ന് യുഎസ് പിന്മാറുമെന്ന് ഇതിനകം തന്നെ ട്രംപ് ഭീഷണി മുഴക്കിയതാണ്. സമാനമായ സാഹചര്യമാണ് ഇപ്പോൾ വീണ്ടും ഉണ്ടായിരിക്കുന്നത്. മേൽപറഞ്ഞ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ യുക്രൈൻ തയ്യാറാവണം എന്നാണ് യുഎസ് നിലപാട്. ഇതോടെ മധ്യസ്ഥ ചർച്ചകൾ വഴിമുട്ടുമോ എന്നാണ് ആശങ്ക.
ക്രിമിയ ഇപ്പോൾ റഷ്യയുടെ ഭാഗമായിരിക്കുന്നതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായത്തോട് യോജിക്കാത്തതിന് ഡൊണാൾഡ് ട്രംപ് സെലൻസ്‌കിയെ ശകാരിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്രിമിയ വർഷങ്ങൾക്ക് മുമ്പ് നഷ്‍ടപ്പെട്ടു, അതിപ്പോൾ ഒരു ചർച്ചാ വിഷയമല്ല എന്നായിരുന്നു ട്രംപ് സ്വീകരിച്ച നിലപാട്.
എന്നാൽ ഈ നിർദ്ദേശം ശക്തമായി നിരസിച്ച യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു. റഷ്യ ക്രിമിയ പിടിച്ചടക്കുന്നതിനെ യുക്രൈൻ അംഗീകരിക്കില്ല. ഇവിടെ സംസാരിക്കാൻ ഒന്നുമില്ല. ഇത് നമ്മുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്നായിരുന്നു സെലൻസ്‌കി ട്രംപിന്റെ ആവശ്യത്തിന് നൽകിയ മറുപടി.
അമേരിക്ക യുക്രൈനിലെ കൊലപാതകങ്ങൾ തടയാൻ ശ്രമിക്കുകയാണെന്നായിരുന്നു ട്രംപ് സെലൻസ്‌കിയോട് പറഞ്ഞത്. സമാധാനത്തിനായുള്ള കരാറിന് തൊട്ടടുത്താണ് നമ്മളെന്നും ട്രംപ് പറയുകയുണ്ടായി. നിലവിലെ സാഹചര്യത്തിൽ ചർച്ചകൾ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്ന സ്ഥിതിവിശേഷമാണ്, ട്രംപ് ആവട്ടെ അതിന് സെലൻസ്‌കിയുടെ പിടിവാശിയെയാണ് കുറ്റപ്പെടുത്തുന്നത്.
പ്രസിഡന്റ് ബരാക് ഹുസൈൻ ഒബാമയുടെ ആഭിമുഖ്യത്തിൽ വർഷങ്ങൾക്ക് മുമ്പ് ക്രിമിയ നഷ്‍ടപ്പെട്ടു എന്നതിനാൽ, റഷ്യയുമായുള്ള സമാധാന ചർച്ചകൾക്ക് സെലാൻസ്‌കിയുടെ ഈ പ്രസ്‌താവന വളരെ ദോഷകരമാണ്, മാത്രമല്ല ഇത് ഒരു ചർച്ചാ വിഷയവുമല്ല എന്നായിരുന്നു വാൾസ്ട്രീറ്റ് ജേണലിലെ യുക്രൈൻ പ്രസിഡന്റിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്‌റ്റിൽ പറയുന്നത്.
ട്രംപിന്റെ പോസ്‌റ്റ് പുറത്തുവന്ന് മണിക്കൂറുകൾക്ക് ശേഷം യുക്രൈൻ തലസ്ഥാന നഗരമായ കീവിലും രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിലും റഷ്യൻ മിസൈലുകൾ പതിച്ചതായി യുക്രൈനിയൻ അധികൃതർ അറിയിച്ചു. ഏറ്റവും പുതിയ ആക്രമണങ്ങളിൽ കുറഞ്ഞത് ഒരാൾ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്നാണ് റിപ്പോർട്ട്.
2014ൽ റഷ്യ പിടിച്ചെടുത്ത തെക്കൻ ഉപദ്വീപായ ക്രിമിയയെ ഉപേക്ഷിക്കില്ലെന്ന് യുക്രൈൻ വളരെക്കാലമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഈസ്‌റ്റർ വാരാന്ത്യത്തിൽ പുടിൻ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ആക്രമണങ്ങളിൽ കുറവുണ്ടായിട്ടില്ലെന്നാണ് യുക്രൈൻ ചൂണ്ടിക്കാണിക്കുന്നത്. സെലൻസ്‌കിയുടെ നിലപാട് ഏത് രീതിയിൽ സമാധാന ചർച്ചകളെ ബാധിക്കുമെന്ന് ഇനി മുന്നോട്ടുള്ള ദിവസങ്ങളിലേ അറിയാൻ കഴിയൂ.












Click it and Unblock the Notifications