ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് പിന്തുണ പ്രഖ്യാപിച്ച് ട്രംപ്; ലക്ഷ്യമിടുന്നത് ഇറാനെയോ?
ന്യൂയോർക്ക്: ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങളെ ഇറാന്റെ നിയന്ത്രണത്തിലുള്ള പ്രധാന പാതകളിൽ നിന്ന് മാറ്റേണ്ടതിന്റെ ആവശ്യകതയാണ് വാണിജ്യ കപ്പൽ ഗതാഗതത്തിന് നേരെയുണ്ടായ ആക്രമണങ്ങൾ വ്യക്തമാക്കുന്നതെന്ന് ട്രംപ് പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ഗൾഫ് സഹകരണ കൗൺസിൽ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 2023 സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിലാണ് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇന്ത്യ, അമേരിക്ക, സൗദി അറേബ്യ, യുഎഇ, ഫ്രാൻസ്, ജർമനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നിവ ചേർന്നാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. ഇന്ത്യയെ ഗൾഫ് മേഖലയുമായും ഗൾഫ് മേഖലയെ യൂറോപ്പുമായും ബന്ധിപ്പിക്കുന്ന കിഴക്കൻ, വടക്കൻ പാതകളാണ് പദ്ധതിയിലുള്ളത്. റെയിൽവേ, കടൽ ഗതാഗതം, ഊർജം, ഡിജിറ്റൽ ബന്ധം എന്നിവ ഉൾപ്പെടുന്ന ബഹുമുഖ അടിസ്ഥാന സൗകര്യ പദ്ധതിയായാണ് ഇടനാഴി വിഭാവനം ചെയ്തിരിക്കുന്നത്.
ഇന്ത്യയിൽ നിന്ന് ഗൾഫ് മേഖലയിലേക്കും അവിടെ നിന്ന് യൂറോപ്പിലേക്കും ചരക്കുകൾ വേഗത്തിൽ എത്തിക്കാൻ റെയിൽ, കപ്പൽ ഗതാഗത സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ശൃംഖല ഇതിൽ ഉൾപ്പെടും. ഊർജ, ഡിജിറ്റൽ ബന്ധത്തിനുള്ള കേബിളുകളും ശുദ്ധ ഹൈഡ്രജൻ കയറ്റുമതിക്കുള്ള പൈപ്പ് സംവിധാനവും പദ്ധതിയുടെ ഭാഗമാണ്.
ഇന്ത്യ, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവയ്ക്കിടയിലെ വ്യാപാരവും ഗതാഗത ബന്ധവും ശക്തിപ്പെടുത്തുകയാണ് ഇടനാഴിയുടെ പ്രധാന ലക്ഷ്യം. എന്നാൽ പദ്ധതി ഇതുവരെ പൂർണമായും യാഥാർഥ്യമായിട്ടില്ല. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും പ്രാദേശിക സുരക്ഷാ പ്രശ്നങ്ങളും വിവിധ രാജ്യങ്ങൾ തമ്മിലുള്ള ഏകോപനത്തിലെ വെല്ലുവിളികളും പദ്ധതിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.
ഇതിനിടെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പും ട്രംപ് ആവർത്തിച്ചു. ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ അമേരിക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, ഒരു ഘട്ടം കഴിഞ്ഞാൽ ഇറാനെ ഒരു രാഷ്ട്രമായി നിലനിൽക്കാൻ അനുവദിക്കാനുള്ള അവസരം പോലും ഇല്ലാതാകാമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ആണവ പദ്ധതിക്കെതിരെ അമേരിക്ക നടത്തിയ സൈനിക നടപടികളും അദ്ദേഹം പരാമർശിച്ചു.
അതേസമയം, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിക്ക് വേണ്ടി ട്രംപ് ശക്തമായി വാദിക്കുന്നതും ഇറാനെ ലക്ഷ്യമിട്ടാണെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് മേഖലയിലെ ചരക്കുനീക്കം ഇറാനെ ഒഴിവാക്കി കൊണ്ട് നടപ്പിലാക്കാൻ സാധിച്ചാൽ അത് ഗുണകരമാവുമെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. എന്നാൽ പദ്ധതി ഇനിയും ഒട്ടേറെ മുന്നോട്ട് പോവാനുണ്ട് എന്നതിനാൽ ഉടനൊന്നും യുഎസ് പ്രസിഡന്റിന്റെ ആഗ്രഹം നടക്കില്ലെന്ന് ഉറപ്പാണ്.


Click it and Unblock the Notifications
