ട്രംപ് ചൈനയോട് ഇടഞ്ഞുതന്നെ; 104 ശതമാനം തീരുവ ഏർപ്പെടുത്തിയെന്ന് വൈറ്റ് ഹൗസ്, ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂയോർക്ക്: തീരുവ വിഷയത്തിൽ ചൈനയ്ക്ക് നൽകിയ മുന്നറിയിപ്പിന്റെ സമയപരിധി അവസാനിച്ചതിന് പിന്നാലെ യുഎസ് കൂടുതൽ കടുത്ത നടപടികളിലേക്ക്. ചൈനയ്ക്ക് മേൽ അമേരിക്ക 104 ശതമാനം തീരുവ ചുമത്തിയതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഫോക്‌സ് ന്യൂസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തിവിട്ടിരിക്കുന്നത്. നേരത്തെ തീരുവ വിഷയത്തിൽ ചൈനയോട് കടുത്ത നിലപാടാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വച്ചുപുലർത്തിയിരുന്നത്.
യുഎസ് ഇറക്കുമതിക്ക് ചൈന ചുമത്തിയിരുന്ന 34 ശതമാനം പ്രതികാര തീരുവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാൾഡ് ട്രംപ് ചൈനയ്ക്ക് ഒരു ദിവസത്തെ സമയപരിധി നൽകുകയും ഇല്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തതിന് പിന്നാലെയാണ് ഈ പുതിയ സംഭവവികാസം.

മാർച്ചിൽ ഏർപ്പെടുത്തിയ 20 ശതമാനം തീരുവയും കഴിഞ്ഞയാഴ്‌ചത്തെ 34 ശതമാനം വർധനവും കൂടി ചേരുന്നതോടെ ചൈനീസ് ഇറക്കുമതിയുടെ മൊത്തം തീരുവ 104 ശതമാനമായി മാറിയിരിക്കുകയാണ്. യുഎസ് ഇറക്കുമതിക്ക് മേലുള്ള മറുതീരുവ ഒരു ദിവസത്തിനുള്ളിൽ പിൻവലിച്ചില്ലെങ്കിൽ, ഇതിനകം പ്രഖ്യാപിച്ച 34 ശതമാനം ലെവിക്ക് പുറമേ 50 ശതമാനം അധിക തീരുവ കൂടി ചുമത്തേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ വൈറ്റ് ഹൗസ് ഇക്കാര്യം സ്ഥിരീകരിച്ചതോടെ ട്രംപിന്റെ വിട്ടുവീഴ്‌ച ഇല്ലാത്ത നിലപാടുകളാണ് വ്യക്തമാവുന്നത്. യുഎസ് ഏർപ്പെടുത്തിയ പ്രാരംഭ 34 ശതമാനം തീരുവയ്ക്ക് മറുപടിയായി, ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ യുഎസ് ഉൽപ്പന്നങ്ങൾക്ക് മേൽ ചൈന 34 ശതമാനം മറുതീരുവ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രതിനടപടികൾ സ്വീകരിക്കുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പറഞ്ഞിരുന്നു. തീരുവ വർധനവിനും സാമ്പത്തിക സമ്മർദ്ദത്തിനും അമേരിക്കയെ കുറ്റപ്പെടുത്തിയാണ് കഴിഞ്ഞ ദിവസവും ചൈന പ്രതികരിച്ചത്. പുതിയ നീക്കം കൂടി കണക്കിലെടുക്കുമ്പോൾ ചൈന ഏത് രീതിയിൽ പ്രതികരിക്കുമെന്ന് വ്യക്തമല്ല.
ചൈനയ്‌ക്കെതിരായ തീരുവ വർധിപ്പിക്കുമെന്ന യുഎസ് ഭീഷണി ഒരു തെറ്റിന് മുകളിലെ മറ്റൊരു തെറ്റാണ്, ഇത് വീണ്ടും യുഎസിന്റെ ഭീഷണിപ്പെടുത്തി കാര്യം നേടുന്ന സ്വഭാവത്തെ തുറന്നുകാട്ടുന്നുവെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം പങ്കുവച്ച പ്രസ്‌താവനയിൽ പറയുന്നു. ഇതോടെ രണ്ട് വൻ ലോക ശക്തികൾ തമ്മിൽ വ്യാപാര യുദ്ധത്തിനാണ് കളമൊരുങ്ങുന്നത്.
ഏപ്രിൽ രണ്ടിനാണ് ലിബറേഷൻ ഡേ എന്ന വിശേഷണത്തോടെ ട്രംപ് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ തീരുവ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് എതിരെയും അവർ തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ആഗോള തലത്തിൽ തന്നെ ഓഹരി വിപണികൾ ഒന്നാകെ കനത്ത ഇടിവിനെ നേരിട്ടിരുന്നു. സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത വരെ വിദഗ്‌ധർ പങ്കുവയ്ക്കുന്നുണ്ട്.












Click it and Unblock the Notifications