വിശ്വസ്‌തൻ കശ്യപ് പട്ടേലിനെ എഫ്‌ബിഐ മേധാവിയായി നിയമിക്കാൻ ട്രംപ്; ഇന്ത്യൻ വംശജൻ വരുന്നത് ആദ്യമായി
ന്യൂയോർക്ക്: ഇന്ത്യൻ വംശജനും തന്റെ വിശ്വസ്‌തനുമായ കശ്യപ് പട്ടേൽ അഥവാ കഷ് പട്ടേലിനെ അടുത്ത എഫ്‌ബിഐ മേധാവിയിയായി നിയമിക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ പ്രഥമ പോരാളി എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ട്രംപ് രാജ്യത്തെ ഏറ്റവും തന്ത്രപ്രധാനമായ സ്ഥാനങ്ങളിലേക്ക് ഒന്നിൽ കശ്യപ് പട്ടേലിനെ നിയമിക്കാൻ ഒരുങ്ങുന്നത്. അമേരിക്കയുടെ പ്രധാന നിയമ നിർവ്വഹണ ഏജൻസിയെ തന്നിലേക്ക് കൂടുതൽ അടുപ്പിക്കാനാണ് ട്രംപിന്റെ ഈ നീക്കമെന്ന് വ്യക്തം.
സെനറ്റിലെ റിപ്പബ്ലിക്കൻ പ്രതിനിധികൾ ട്രംപിന്റെ നിർദ്ദേശകരെ എത്രത്തോളം സ്വീകരിക്കുമെന്ന കാര്യം ഇനിയും വ്യക്തമല്ലെങ്കിലും ജനുവരിയിൽ അധികാരം ഏറ്റെടുക്കും മുൻപ് തന്നെ യുഎസിലെ തന്റെ രണ്ടാം ടേമിൽ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളാണ് അദ്ദേഹം നടത്തി കൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തിലെ ഏറ്റവും അവസാനത്തെ കൂട്ടിച്ചേർക്കലാണ് കശ്യപ് പട്ടേലിന്റെ പേര്. ബൈഡൻ സർക്കാരിന്റെ ചുവടുപിടിച്ച് കൂടുതൽ ഇന്ത്യൻ വംശജരെ തന്നെയാണ് ട്രംപും ഉന്നത [പദവികളിലേക്ക് അവരോധിക്കുന്നത്.

'ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷന്റെ അടുത്ത ഡയറക്‌ടറായി കശ്യപ് 'കാഷ്' പട്ടേൽ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. കാഷ് ഒരു മികച്ച അഭിഭാഷകനും അന്വേഷകനും അമേരിക്കയുടെ പ്രഥമ പോരാളിയുമാണ്, അഴിമതി തുറന്നുകാട്ടാനും നീതിയെ ചേർത്തുപിടിക്കാനും അമേരിക്കൻ ജനതയെ സംരക്ഷിക്കാനും തന്റെ കരിയർ ചെലവഴിച്ച വ്യക്തിയാണ് അദ്ദേഹം' ട്രംപ് പറഞ്ഞു.
അതേസമയം, സർക്കാരിന്റെ കീഴിലുള്ള നിയമപാലകർക്ക് ഇടയിലും രഹസ്യാന്വേഷണ ഏജൻസികളിലും സമൂലമായ മാറ്റം വേണമെന്ന ഡൊണാൾഡ് ട്രംപിന്റെ കാഴ്‌ചപ്പാടിന്റെ ഭാഗമാണ് പുതിയ പ്രഖ്യാപനങ്ങളിൽ പലതും. കൂടാതെ എതിരാളികൾ എന്ന് ട്രംപ് കരുതുന്ന പലർക്ക് എതിരെയും ആയുധമാക്കാൻ രഹസ്യാന്വേഷണ ഏജൻസികളുടെ സേവനം കൂടി ഉപയോഗപ്പെടുത്താൻ പുതിയ നീക്കം ട്രംപിനെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ആരാണ് കശ്യപ് പട്ടേൽ?
ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്‌തരിൽ ഒരാളാണ് കശ്യപ് പട്ടേൽ. മുൻ റിപ്പബ്ലിക്കൻ ഹൗസ് സ്‌റ്റാഫർ ആയിരുന്നു പട്ടേൽ. ട്രംപിന്റെ ആദ്യ ടേമിൽ പ്രതിരോധ, ഇന്റലിജൻസ് വകുപ്പുകളിൽ വിവിധ ഉയർന്ന പദവികളിൽ അദ്ദേഹം ചുമതലകൾ വഹിച്ചിരുന്നു. മുൻ ആക്‌ടിംഗ് ഡിഫൻസ് സെക്രട്ടറി ക്രിസ്‌റ്റഫർ മില്ലറിന്റെ ചീഫ് ഓഫ് സ്‌റ്റാഫ് ആയും കശ്യപ് പട്ടേൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
ന്യൂയോർക്കിലാണ് ജനിച്ചതും വളർന്നതുമെങ്കിലും കശ്യപ് പട്ടേലിന്റെ കുടുംബ വേരുകൾ ഗുജറാത്തിലെ വഡോദരയിലാണ് ചെന്നെത്തുന്നത്. 44കാരനായ കശ്യപ് പട്ടേൽ യുഎസിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വളരെയധികം പ്രസിദ്ധനാണ്. റിച്ച്മണ്ട് സർവകലാശാലയിൽ ബിരുദം നേടിയ അദ്ദേഹം ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഇന്റർനാഷണൽ ലോയിൽ സർട്ടിഫിക്കറ്റിനൊപ്പം നിയമ ബിരുദവും കരസ്ഥമാക്കിയിരുന്നു.
ട്രംപിന്റെ ഞെട്ടിക്കുന്ന വിജയം
ഏറെ പ്രതികൂല ഘടകങ്ങൾ നിലനിൽക്കെയും ഇക്കുറി കമല ഹാരിസിനെതിരെ ഞെട്ടിക്കുന്ന വിജയമാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് നേടിയത്. സ്വിങ് സ്‌റ്റേറ്റുകളിൽ ഉൾപ്പെടെ മൃഗീയമായ മുന്നേറ്റമാണ് ഡൊണാൾഡ് ട്രംപ് നടത്തിയത്. ഇതോടെ രണ്ടാം വട്ടവും യുഎസിനെ നയിക്കാനും ഭരിക്കാനുമുള്ള അവകാശമാണ് ഡൊണാൾഡ് ട്രംപിനെ തേടി വന്നിരിക്കുന്നത്.












Click it and Unblock the Notifications