Get Updates
Get notified of breaking news, exclusive insights, and must-see stories!

തായ്‌ലാന്റ്-കംബോഡിയ സംഘർഷത്തിൽ ഇടപെട്ട് ട്രംപ്; വെടിനിർത്തൽ ചർച്ചകൾക്ക് സമ്മതിച്ചെന്ന് പ്രഖ്യാപനം

ന്യൂയോർക്ക്: ആശങ്കകൾക്ക് വഴിയൊരുക്കിയ തായ്‌ലാന്റ്-കംബോഡിയ സംഘർഷത്തിൽ ഇടപെടൽ നടത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തായ്‌ലാന്റിലെയും കംബോഡിയയിലെയും നേതാക്കൾ വെടിനിർത്തൽ ചർച്ചകൾക്കായി പെട്ടെന്ന് തന്നെ കൂടിക്കാഴ്‌ച നടത്താൻ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചു. തന്റെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം.

കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റുമായും തായ്‌ലൻഡിന്റെ ആക്‌ടിംഗ് പ്രധാനമന്ത്രി ഫുംതം വെച്ചായചായിയുമായും സംസാരിച്ചതായും, പോരാട്ടം തുടരുന്നത് യുഎസ് വ്യാപാര കരാറുകളെ അപകടത്തിലാക്കുമെന്ന് ഇരു നേതാക്കൾക്കും മുന്നറിയിപ്പ് നൽകിയതായും ട്രംപ് അറിയിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ ട്രംപ് വിശദീകരിച്ചിട്ടില്ല. നിലവിൽ സ്കോട്ട്ലൻഡ് സന്ദർശനം നടത്തുകയാണ് യുഎസ് പ്രസിഡന്റ്.

donaldtrumpthailandcambodia

'ഇരു കക്ഷികളും ഉടനടി വെടിനിർത്തലും സമാധാനവും തേടുകയാണ്' എന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്‌റ്റിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്നതായി ട്രംപ് തന്നെ അറിയിച്ചതോടെ താൽക്കാലിക പ്രശ്‌ന പരിഹാരം വൈകില്ലെന്ന പ്രതീക്ഷയാണ് എല്ലാവരും. പ്രത്യേകിച്ച് വ്യാപാര കരാർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ട്രംപ് ഉന്നയിച്ചത് കൊണ്ട് തന്നെ.

"അവർ ഉടൻ തന്നെ കൂടിക്കാഴ്‌ച നടത്താനും വേഗത്തിൽ വെടിനിർത്തൽ നടപ്പിലാക്കാനും ഒടുവിൽ സമാധാനം സ്ഥാപിക്കാനും സമ്മതിച്ചു!" ട്രംപ് പോസ്‌റ്റിൽ കൂട്ടിച്ചേർത്തു. എങ്കിലും വരാനിരിക്കുന്ന ചർച്ചകളുടെ വിശദാംശങ്ങൾ വൈറ്റ് ഹൗസോ ബന്ധപ്പെട്ട എംബസികളോ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമാകേണ്ടതുണ്ട്.

തത്വത്തിൽ വെടിനിർത്തൽ പിന്തുടരാനുള്ള തായ്‌ലൻഡിന്റെ സന്നദ്ധത ആക്‌ടിംഗ്‌ പ്രധാനമന്ത്രി ഫുംതം സ്ഥിരീകരിച്ചു, എന്നാൽ കംബോഡിയയിൽ നിന്ന് ആത്മാർത്ഥമായ ഉദ്ദേശ്യം ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ദീർഘകാല സമാധാനം ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി സംഭാഷണത്തിനുള്ള തായ്‌ലൻഡിന്റെ സന്നദ്ധത അറിയിക്കണമെന്ന് അദ്ദേഹം ഒരു ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ തായ്‌ലാന്റും കംബോഡിയയും തമ്മിൽ ഒരു ദശാബ്‌ദത്തിനിടെയുണ്ടായ ഏറ്റവും രൂക്ഷമായ പോരാട്ടമാണ് അടുത്തിടെയുണ്ടായ സംഭവവികാസങ്ങൾ. തായ്‌ലാന്റിലെ ട്രാറ്റ് പ്രവിശ്യയിലും കംബോഡിയയിലെ പുർസാറ്റ് പ്രവിശ്യയിലും ശനിയാഴ്‌ച ഏറ്റുമുട്ടലുകൾ ശക്തമായി നടന്നിരുന്നു.

കൂടാതെ തുടക്കത്തിൽ സംഘർഷമുണ്ടായ മേഖലയിൽ നിന്ന് 100 കിലോമീറ്ററിലധികം അകലെ ഒരു പുതിയ പോർമുഖവും തുറന്നിരുന്നു. നേരത്തെ ഇക്കഴിഞ്ഞ മെയ് അവസാനത്തിൽ ഒരു കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ശത്രുത ഉടലെടുത്തത്, തർക്കത്തിലുള്ള 817 കിലോമീറ്റർ അതിർത്തിയിൽ പ്രതികാര വിന്യാസങ്ങൾക്ക് ഇതോടെ തുടക്കമായി.

പുരാതന ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശം, പ്രത്യേകിച്ച് യുനെസ്കോയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രീ വിഹാറിനെ സംബന്ധിച്ചുള്ളത്,1962 ലെ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) വിധിയിലൂടെ കംബോഡിയയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ തായ്‌ലാന്റ് തയ്യാറായിട്ടില്ല.

അതേസമയം, ഏറ്റുമുട്ടലിൽ ഇതുവരെ മുപ്പതിൽ അധികം പേർക്കാണ് ജീവൻ നഷ്‌ടമായത്. തായ്‌ലാന്റിൽ മാത്രം ഇതുവരെ 20 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു (ഏഴ് സൈനികർ, 13 സാധാരണക്കാർ). മറുവശത്ത് കംബോഡിയയിൽ 13 പേർ മരിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത് (അഞ്ച് സൈനികർ, എട്ട് സാധാരണക്കാർ). 30000ത്തിലധികം പേർക്ക് മേഖലയിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+