Get Updates
Get notified of breaking news, exclusive insights, and must-see stories!

'പുഷ്‌പ' മോഡൽ നീക്കവുമായി ട്രംപ്; ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണം ഒരു സൂചന, ലക്ഷ്യം നൊബേൽ?

ന്യൂയോർക്ക്: ഖത്തറിൽ ഇസ്രായേൽ ആക്രമണം നടന്നപ്പോൾ മുതൽ ട്രംപ് മുഖ്യ ചർച്ചാ വിഷയമാണ്. അതിന് കാരണം എന്തെന്ന് ചോദിച്ചാൽ ഈ രണ്ട് രാജ്യങ്ങളുമായും നല്ല ബന്ധം പുലർത്തുന്ന വ്യക്തിയാണ് ട്രംപ് എന്നതാണ്. എന്നാൽ ഹമാസിന്റെ പേരിൽ ഇസ്രായേൽ ഖത്തറിൽ ആഞ്ഞടിച്ചപ്പോൾ അത് ട്രംപ് അറിയാതെ ആയിരിക്കില്ലെന്ന് എല്ലാവർക്കും മനസിലാവും. എന്നാൽ അങ്ങനെയൊരു കാര്യം പറയാൻ ട്രംപിന് ഒരു മടിയുമില്ല, കാരണം ലക്ഷ്യമിടുന്നത് നൊബേൽ ആണെന്നത് തന്നെ.

പറഞ്ഞുവന്നത് ഇസ്രായേൽ ഖത്തറിലെ ആക്രമണത്തെ കുറിച്ച് കാലേക്കൂട്ടി യുഎസിനെ അറിയിച്ചിരുന്നു എന്നതാണ്. എന്നിട്ടും വൈകി, വെറുതെ വൈകിയെന്ന് പറഞ്ഞാൽ മതിയാവില്ല, അവസാന നിമിഷം മാത്രം അവരെ അത് ധരിപ്പിക്കാൻ തോന്നിയ ട്രംപിന്റെ ബുദ്ധിക്ക് വിലയിടാൻ ആർക്കുമാവില്ല. ഒടുവിൽ തങ്ങളെ യുഎസ് അക്കാര്യം അറിയിച്ചുപോലുമില്ലെന്ന് ഖത്തറും പറയുമ്പോൾ പുറത്തുവരുന്നത് ട്രംപിന്റെ ഇരട്ട നീതിയാണ്.

donaldtrump

അടുത്തിടെ വലിയ ഹിറ്റായ അല്ലു അർജുൻ നായകനായി ഇറങ്ങിയ പുഷ്‌പയുടെ ഒന്നാം ഭാഗത്തിൽ, അതിലെ പ്രതിനായകന്റെ ഭാര്യാ സഹോദരനെ കൊല്ലുന്ന ഒരു രംഗമുണ്ട്. അതിൽ അയാൾ തോക്കിൻ മുനയിൽ നിൽക്കുമ്പോഴും ഫോണിൽ സംസാരിക്കുന്ന പുഷ്‌പ പറയുന്നത്, ഒരു അഞ്ച് മിനിറ്റ് മുൻപേ വിളിച്ചെങ്കിൽ അയാളെ രക്ഷിക്കാമായിരുന്നു എന്നാണ്. അതായത് രക്ഷിക്കാൻ അവസരം ഉണ്ടായിട്ടും അത് ചെയ്യാതെ, അപ്പുറത്ത് അത്തരമൊരു ഇമേജ് വരാതെയുള്ള കുടില നീക്കം.

അത് തന്നെയാണ് ഖത്തറിന്റെ വിഷയത്തിൽ ഡൊണാൾഡ് ട്രംപും പുറത്തെടുത്തത് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ആവില്ല. നിർഭാഗ്യവശാൽ, ആക്രമണം നിർത്താൻ കഴിയാത്ത വിധം സമയം വളരെ വൈകിപ്പോയി എന്ന് ട്രംപ് നിസംഗതയോടെ പറയുന്നത് ലോകം മുഴുവൻ കേട്ടുനിന്നതാണ്. എന്നാൽ ആക്രമണത്തെക്കുറിച്ച് നേരത്തെ തന്നെ ഇസ്രായേൽ അറിയിച്ചിരുന്നുവെന്ന് വൈറ്റ് ഹൗസ് സമ്മതിച്ചുവെന്ന് അറിയുമ്പോഴാണ് ട്രംപിന്റെ നീക്കത്തിന്റെ ആഴം തിരിച്ചറിയുക.

ദോഹയിൽ ആക്രമണം ആരംഭിച്ച് പത്ത് മിനിറ്റിനുശേഷമാണ് അമേരിക്കയിൽ നിന്ന് സന്ദേശം വന്നതെന്ന് ഖത്തർ പറഞ്ഞു. ട്രംപിനെ എന്നും സഹായിക്കാൻ ശ്രമിച്ച അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ ഖത്തറിലാണ് ആക്രമണങ്ങൾ നടന്നത് എന്നതിനാൽ തന്നെ ഇപ്പോൾ ചോദ്യമുന ഉയരുന്നത് ട്രംപിന് നേരെയാണ്. അതിന് കാരണമാവുന്നത് മറുവശത്തുള്ളത് യുഎസിന്റെ അടുത്ത കൂട്ടരായ ഇസ്രായേൽ ആണെന്നതാണ്.

ഗാസയിൽ വെടിനിർത്തലിനുള്ള യുഎസ് നിർദ്ദേശത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഹമാസിന്റെ രാഷ്ട്രീയ നേതൃത്വം ദോഹയിൽ ഒത്തുകൂടിയപ്പോഴാണ് ഇസ്രായേലി ആക്രമണം ഉണ്ടായത്. നൊബേൽ സമ്മാനം എന്ന തന്റെ ചിരകാല സ്വപ്‍നം യാഥാർഥ്യമാക്കാൻ ട്രംപ് പരിശ്രമിക്കുന്നതിന്റെ സൂചനകളാണ് ഇക്കാണുന്നതെന്ന് ചില നയതന്ത്രജ്ഞർ പറയുന്നു.

നാല് മാസം മുമ്പ് ട്രംപിന്റെ ഖത്തർ സന്ദർശന വേളയിലാണ് 400 മില്യൺ ഡോളർ വിലമതിക്കുന്ന 'പറക്കുന്ന കൊട്ടാരം' എന്ന് വിളിക്കപ്പെടുന്ന ഒരു ആഡംബര ബോയിംഗ് 747-8 ജെറ്റ് അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. മാത്രമല്ല യുഎസിന്റെ നിലവിലെ ഏറ്റവും അടുത്ത സഖ്യ കക്ഷികളിൽ ഒരാളാണ് അവർ. മിഡിൽ ഈസ്‌റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായ അൽ ഉദൈദ് എയർ ബേസ് ഇവിടെയാണ് ഉള്ളത്.

ഖത്തറിൽ നിന്ന് 243.5 ബില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക കരാറുകളും ട്രംപ് കഴിഞ്ഞ സന്ദർശന വേളയിൽ നേടിയിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് ആയിരക്കണക്കിന് അമേരിക്കൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിലും ഖത്തർ അകമഴിഞ്ഞ് സഹായിച്ചു. ഒപ്പം മിഡിൽ ഈസ്‌റ്റിലെ സമാധാന ശ്രമങ്ങളിൽ യുഎസിന്റെ വലംകൈ ആയി അവരുണ്ടായിരുന്നു.

ഇപ്പോഴത്തെ ഏറ്റവും പുതിയ സാഹചര്യങ്ങളിൽ ട്രംപിന്റെ നിലപാട് ഖത്തർ എങ്ങനെ നോക്കി കാണുമെന്നതാണ് പ്രധാനം. നിലവിൽ ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണം ഏതാണ്ട് പരാജയമാണ് എന്ന നിഗമനത്തിലാണ് പലരും. കാരണം ഹമാസിന്റെ മുതിർന്ന നേതാക്കൾ എല്ലാവരും സുരക്ഷിതരാണ്. ഇനി ഇതിന്റെ പേരിൽ യുഎസും ഖത്തറും തമ്മിൽ പിണങ്ങുമോ എന്നാണ് കണ്ടറിയേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+