ട്രംപിന് അധികാരം കിട്ടിയാലുള്ള കാര്യം ചിന്തിച്ച് നോക്കൂ? ഗൗരവമില്ല; തുറന്നടിച്ച് കമല ഹാരിസ്
വാഷിംഗ്ടണ്‍: കമലാ ഹാരിസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി. ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ത്ഥിത്വത്തിന് അംഗീകാരം ലഭിക്കുകയായിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മത്സരത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് കമലയ്ക്ക് മത്സരിക്കാനുള്ള അവസരം ലഭിച്ചത്.
അതേസമയം കമല വിജയിക്കുകയാണെങ്കില്‍ യുഎസ്സിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റും അവരായിരിക്കും. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപാണ് കമലയുടെ എതിരാളി. ദേശീയ സര്‍വേകളില്‍ എല്ലാം കമലയ്ക്ക് മുന്‍തൂക്കമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന സര്‍വേകളെല്ലാം കമല ട്രംപിന് പിന്നിലാണെന്ന് പ്രവചിക്കുന്നു.

സാമാന്യബോധവും യാഥാര്‍ത്യ ബോധവുമുള്ള പ്രസിഡന്റായിരിക്കും താനെന്ന് കമല പറഞ്ഞു. ദേശീയ കണ്‍വെന്‍ഷന്റെ അവസാന ദിനത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തെ സ്വീകരിച്ച് കൊണ്ടുള്ളതായിരുന്നു കമലയുടെ സുപ്രധാന പ്രസംഗം. ചിക്കാഗോയിലെ യുനൈറ്റഡ് സെന്ററിലാണ് ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷന്‍ നടന്നത്.
അമേരിക്കയുടെ ഭാവിയെ കുറിച്ചാണ് കമല സംസാരിച്ചത്. അതോടൊപ്പം എതിരാളിയായ ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷമായ വിമര്‍ശനവും അവര്‍ ഉന്നയിച്ചു. എല്ലാ അമേരിക്കക്കാരെയും ഒന്നിപ്പിക്കും, രാജ്യത്തിന്റെ ഭാവിക്ക് വേണ്ടി പോരാടുമെന്നും കമല ഹാരിസ് പറഞ്ഞു. മുന്‍കാലങ്ങളിലെ എല്ലാ നെഗറ്റീവായ ചിന്താഗതിയെയും മാറ്റിവെച്ച് അമേരിക്കന്‍ എന്ന നിലയില്‍ നമുക്ക് മുന്നോട്ട് പോകാമെന്നും അവര്‍ പറഞ്ഞു.
ഭൂരിഭാഗം സമയവും യാതൊരു ഗൗരവവുമില്ലാത്തയാളാണ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ അദ്ദേഹം യുഎസ് പ്രസിഡന്റായിരുന്നപ്പോള്‍ അതീവ ഗൗരവകരമായിരുന്നു സാഹചര്യങ്ങള്‍. അത്രത്തോലം അക്രമങ്ങളും കുറ്റകൃത്യങ്ങളും അമേരിക്കയില്‍ ഉണ്ടായെന്നും കമല ആരോപിച്ചു. രാജ്യത്തെ പിന്നോട്ട് നയിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്.
ഈ തിരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ്. ട്രംപ് അധികാരത്തില്‍ എത്തുന്നതൊന്ന് ചിന്തിച്ച് നോക്കൂ. യുഎസ് പ്രസിഡന്റ് എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ച് നിങ്ങളുടെ ജീവിത നിലവാരം ട്രംപ് മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കരുത്. ട്രംപിന് മാത്രമാണ് പ്രസിഡന്‍സി കൊണ്ട് നേട്ടമുണ്ടാവുകയെന്നും കമലാ ഹാരിസ് പറഞ്ഞു.
യുഎസ് പ്രസിഡന്റ് ജോ ബൈഡനും ജീവിത പങ്കാളി ഡഗ്ലസ് എമോഫിനും നന്ദി പറഞ്ഞാണ് കമല പ്രസംഗം ആരംഭിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ടിം വാള്‍സിനും കമല ആശംസറിയിച്ചു. അമ്മ ശ്യാമ ഗോപാലന്റെ പോരാട്ടങ്ങളായിരുന്നു പ്രസംഗത്തില്‍ കമല എടുത്തു പറഞ്ഞത്.
ഇന്ത്യയില്‍ നിന്ന് യുഎസ്സിലേക്ക് കുടിയേറിയത് അടക്കമുള്ള കാര്യങ്ങള്‍ അതിലുണ്ടായിരുന്നു. ധീരവനിതയും, പോരാടുന്നവളുമായിരുന്നു അമ്മ. അനീതിയെ കുറിച്ച് പരാതി പറയരുതെന്ന് എന്റെ അമ്മയാണ് പഠിപ്പിച്ചത്. പകരം അതിനെതിരെ എന്തെങ്കിലും ചെയ്യണമെന്നാണ് അവര്‍ പറഞ്ഞുതന്നതെന്നും കമല ഹാരിസ് പറഞ്ഞു.












Click it and Unblock the Notifications