റഷ്യയുമായുള്ള യുഎസ് ഇടപാടിൽ ഇന്ത്യയുടെ മറുപടി കൊള്ളേണ്ടിടത്ത് കൊണ്ടു; അത് തനിക്കറിയില്ലെന്ന് ട്രംപ്
ന്യൂഡൽഹി: റഷ്യയുമായി ബന്ധപ്പെട്ട വ്യാപാര ബന്ധത്തിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ഭിന്നത തുടരുന്നു. യുഎസിന്റെ ആക്ഷേപങ്ങൾക്ക് ഇന്ത്യ നൽകിയ മറുപടിയിൽ ഡൊണാൾഡ് ട്രംപ് പ്രതികരിക്കുകയും ചെയ്‌തിട്ടുണ്ട്. ഈ വിഷയത്തിൽ യുഎസിന്റെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്‌തു കൊണ്ടാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കൃത്യമായി മറു ചോദ്യങ്ങളുമായി രംഗത്ത് വന്നത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്നതിനിടയിലും, അമേരിക്ക അവരിൽ നിന്ന് യുറേനിയം ഹെക്‌സാഫ്ലൂറൈഡ്, രാസവളങ്ങൾ, മറ്റ് രാസവസ്‌തുക്കൾ എന്നിവ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ഉന്നയിച്ച വിഷയങ്ങളിൽ വിവാദം തുടരുന്നതിനിടയിലാണ് ഡൊണാൾഡ് ട്രംപ് അവിടെയും ഇവിടെയും തൊടാതെയുള്ള ഒഴുക്കൻ മറുപടി നൽകിയിരിക്കുന്നത്.

എഎൻഐ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ട്രംപ് "എനിക്കതിനെക്കുറിച്ച് ഒന്നും അറിയില്ല. അത് ഞാൻ പരിശോധിക്കേണ്ടി വരും" എന്നായിരുന്നു പറഞ്ഞത്. റഷ്യയുമായി അമേരിക്ക വ്യാപാരം നടത്തുന്നുണ്ടെന്ന് ആരോപിച്ചുകൊണ്ട് ട്രംപിന്റെ തീരുവ ഭീഷണികളോട് ഇന്ത്യ അതേഭാഷയിൽ പ്രതികരിച്ചതിന് ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ മറുപടി.
ഇന്ത്യയുടെ ഇറക്കുമതി വിപണി ആവശ്യങ്ങളെയും ഊർജ്ജ സുരക്ഷയെയും അടിസ്ഥാനമാക്കി ഉള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയം പങ്കുവച്ച പ്രസ്‌താവനയിൽ വ്യക്തമാക്കിയിരുന്നു. റഷ്യ-യുക്രൈൻ യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ പരമ്പരാഗത വിതരണങ്ങൾ യൂറോപ്പിലേക്ക് വഴിതിരിച്ചുവിട്ട ശേഷമാണ് ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ തുടങ്ങിയതെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
'ആഗോള ഊർജ്ജ വിപണിയുടെ സ്ഥിരത ശക്തിപ്പെടുത്തുന്നതിനായി അക്കാലത്ത് അമേരിക്ക ഈ ഇറക്കുമതിയെ സജീവമായി പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഇറക്കുമതി ഇന്ത്യൻ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന ഊർജ്ജ ചെലവുകൾ ഉറപ്പാക്കാനുള്ളതാണ്. ഇത് ആഗോള വിപണി സാഹചര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന ഒരു ആവശ്യകതയാണ്' വിദേശകാര്യ മന്ത്രാലയം പറയുന്നു.
ഇതിനോടൊപ്പമാണ് യുഎസിനെതിരെ അവർ വാക്കുകൾ കൊണ്ട് വാളെടുത്തത്. ഇന്ത്യയെ വിമർശിക്കുന്ന രാജ്യങ്ങൾ തന്നെ റഷ്യയുമായി വ്യാപാരം നടത്തുന്നുണ്ടെന്നായിരുന്നു മന്ത്രാലയത്തിൽ വെളിപ്പെടുത്തൽ. "ഞങ്ങളുടെ കാര്യത്തിൽ നിന്ന് വ്യത്യസ്‌തമായി, ആ രാജ്യങ്ങൾക്ക് അത്തരം വ്യാപാരം ഒരു സുപ്രധാന ദേശീയ ആവശ്യകതയല്ല' എന്നായിരുന്നു പ്രസ്‌താവന ചൂണ്ടിക്കാട്ടിയത്.
റഷ്യയും അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാരമാണ് ഇന്ത്യ എടുത്തുപറഞ്ഞത്. ആണവ വ്യവസായത്തിനായി യുറേനിയം ഹെക്‌സാഫ്ലൂറൈഡ്, ഇവി വ്യവസായത്തിനായി പല്ലേഡിയം, രാസവളങ്ങൾ, രാസവസ്‌തുക്കൾ എന്നിവ അമേരിക്ക റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് തുടരുകയാണെന്ന് സർക്കാർ വിശദീകരിച്ചു.
ഈ സവിശേഷ പശ്ചാത്തലത്തിൽ, ഇന്ത്യയെ ലക്ഷ്യമിടുന്നത് നീതീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്ന് കേന്ദ്രം വ്യക്തമാക്കി. 'ഏതൊരു പ്രധാന സമ്പദ്‌വ്യവസ്ഥയെയും പോലെ, ഇന്ത്യയും അതിന്റെ ദേശീയ താൽപ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും' എന്ന മറുപടിയും യുഎസിന് ഇന്ത്യ നൽകിയിട്ടുണ്ട്.
2024ൽ യൂറോപ്യൻ യൂണിയനും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 67.5 ബില്യൺ യൂറോ മൂല്യമുള്ള സാധനങ്ങളും 16.5 ദശലക്ഷം ടൺ എൽഎൻജിയുമുണ്ടായിരുന്നതായി ഇന്ത്യ ചൂണ്ടിക്കാട്ടി. നേരത്തെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താനുള്ള യുഎസ് സമ്മർദ്ദത്തിന് വഴങ്ങാൻ ഇന്ത്യ വിസമ്മതിച്ചതോടെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്.
'ഇന്ത്യ വലിയ അളവിൽ റഷ്യൻ എണ്ണ വാങ്ങുക മാത്രമല്ല, വാങ്ങിയ എണ്ണയുടെ ഭൂരിഭാഗവും വലിയ ലാഭത്തിൽ തുറന്ന വിപണിയിൽ വിൽക്കുകയും ചെയ്യുന്നു. റഷ്യൻ യുദ്ധ യന്ത്രം എത്ര പേരെ യുക്രൈനിൽ കൊല്ലുന്നു എന്നതിനെക്കുറിച്ച് അവർക്ക് യാതൊരു ധാരണയും കരുതലുമില്ല' എന്നായിരുന്നു ട്രംപിന്റെ ആക്ഷേപം.
ഈ സാഹചര്യത്തിൽ ഇന്ത്യക്കെതിരായ തീരുവ വർധിപ്പിക്കും എന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ യുഎസ് ഭീഷണിക്ക് വഴങ്ങില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല റഷ്യൻ എണ്ണ ഇറക്കുമതിക്ക് ഇതുവരെയും നിരോധനമോ മറ്റ് നടപടികളോ ഇന്ത്യ ഏർപ്പെടുത്തിയിട്ടുമില്ല. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറും നീളുകയാണ്.
അതിനിടെ യുഎസിനെ കടുത്ത ഭാഷയിലാണ് റഷ്യ ഇക്കാര്യത്തിൽ വിമർശിക്കുന്നത്. അത്തരം ഭീഷണികൾ നിയമവിരുദ്ധമാണെന്ന് റഷ്യൻ പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് വ്യക്തമാക്കി. രാജ്യങ്ങൾക്ക് അവരുടെ വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നും റഷ്യയുടെ വ്യാപാര പങ്കാളികൾക്കെതിരായ സമ്മർദ്ദം ഭീഷണിയായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസിൽ നിന്ന് തന്നെ ട്രംപിന്റെ നടപടിക്ക് എതിർപ്പ് ഉയർന്നുവന്നു എന്നതാണ് മറ്റൊരു പ്രധാന കാര്യം. ചൈനയ്ക്ക് ഇളവ് നൽകിയിട്ട് യുഎസിന്റെ ഏറ്റവും ശക്തമായ കൂട്ടാളികളായ ഇന്ത്യയുമായുള്ള ബന്ധം നശിപ്പിക്കരുത് എന്നായിരുന്നു റിപ്പബ്ലിക്കൻ നേതാവ് കൂടിയായ നിക്കി ഹാലി കുറിച്ചത്. ചൈനയ്ക്ക് 90 ദിവസത്തെ തീരുവ ഇളവ് നൽകിയത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ഹാലിയുടെ പ്രതികരണം.












Click it and Unblock the Notifications