ഇറാനിൽ അധികാരമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്; നിലപാടിൽ മലക്കം മറിഞ്ഞു, ഇന്റലിജൻസ് റിപ്പോർട്ട് തള്ളി
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ സംഘർഷത്തിന് അയവ് വരുത്തിക്കൊണ്ട് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ നിലപാടിൽ മലക്കംമറിഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ അധികാരമാറ്റം ആഗ്രഹിക്കുന്നില്ലെന്നാണ് ട്രംപ് പറയുന്നത്. വിദേശനയത്തിലെ ഇത്തരം തിരക്കിട്ട മാറ്റങ്ങൾക്ക് പേരുകേട്ട ട്രംപ് തന്റെ സ്ഥിരം രീതി തന്നെയാണ് ഇപ്പോൾ ഇറാൻ വിഷയത്തിലും പുറത്തെടുത്തത് എന്നതാണ് ശ്രദ്ധേയം.
നെതർലൻഡ്‌സിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് വിഷയത്തിൽ തന്റെ പുതിയ നിലപാട് വ്യക്തമാക്കിയത്. 'ഇല്ല,എനിക്ക് അധികാരമാറ്റം വേണ്ട, എല്ലാം എത്രയും വേഗം ശാന്തമാകുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു' എന്നായിരുന്നു ട്രംപിന്റെ മറുപടി.

'ഭരണമാറ്റത്തിനിടെ പല കുഴപ്പങ്ങളും ഉണ്ടാവും, അത്രയും കുഴപ്പങ്ങൾ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല' എന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തെത്തുടർന്ന് ഇറാൻ സർക്കാരിനെ അട്ടിമറിക്കുമെന്ന് തോന്നിച്ച നിലപാടിൽ നിന്നുള്ള വ്യക്തമായ ഒരു മാറ്റത്തെയാണ് ഈ പരാമർശങ്ങൾ അടയാളപ്പെടുത്തിയത്.
'ഭരണമാറ്റം എന്ന പദം ഉപയോഗിക്കുന്നത് രാഷ്ട്രീയമായി ശരിയല്ല, പക്ഷേ നിലവിലെ ഇറാനിയൻ ഭരണകൂടത്തിന് ഇറാനെ വീണ്ടും മഹത്തരമാക്കാൻ കഴിയുന്നില്ലെങ്കിൽ, എന്തുകൊണ്ട് ഒരു ഭരണമാറ്റം ഉണ്ടായിക്കൂടാ?' എന്നായിരുന്നു അടുത്തിടെ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ചോദിച്ചത്. അവിടെ നിന്നാണ് അപ്രതീക്ഷിതമായ നയംമാറ്റം.
നേരത്തെ ഇറാന്റെ ആണവ പദ്ധതിയെ തകർക്കുക എന്നതാണ് യുഎസ് സൈനിക നടപടിയുടെ ലക്ഷ്യം എന്നും ഇറാനിലെ സർക്കാരിനെ മാറ്റിസ്ഥാപിക്കുകയല്ല എന്നും യുഎസ് ഭരണകൂടവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞപ്പോഴും ട്രംപിന്റെ നിലപാട് ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. അതിലാണ് ഇപ്പോൾ വ്യക്തത കൈവന്നിരിക്കുന്നത്.
മേഖലയിൽ രണ്ടാഴ്‌ചയോളം നീണ്ടുനിന്ന സംഘർഷത്തിന് ശേഷം ഇറാനും ഇസ്രായേലും തമ്മിലുള്ള നിർണായക സമാധാന ഉടമ്പടിക്ക് പിന്നിൽ പ്രവർത്തിച്ചതും ട്രംപ് ആയിരുന്നു. നിലവിലുള്ള സംഘർഷങ്ങൾക്കിടയിലും വെടിനിർത്തൽ പ്രാബല്യത്തിൽ വന്നുവെന്ന് അദ്ദേഹം നേരത്തെ ഒരു സോഷ്യൽ മീഡിയ പോസ്‌റ്റിൽ അവകാശപ്പെട്ടു, ഒടുവിൽ ഇറാനും ഇസ്രയേലും ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തുകയും ചെയ്‌തു.
അതിനിടെ അമേരിക്കൻ വ്യോമാക്രമണങ്ങൾ ഇറാന്റെ ആണവ പദ്ധതിയെ പൂർണമായും നശിപ്പിച്ചു എന്ന ഭരണകൂടത്തിന്റെ അവകാശവാദത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പുതിയ ഇന്റലിജൻസ് റിപ്പോർട്ട് വന്നതോടെ വീണ്ടും പരുങ്ങലിലാണ് ട്രംപ് ഭരണകൂടം. ഇപ്പോഴിതാ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസും ഇതിനെ തള്ളിക്കളയുകയാണ്.
ഡിഫൻസ് ഇന്റലിജൻസ് ഏജൻസി (ഡിഐഎ)യുടെ റിപ്പോർട്ട്, ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കിയിട്ടില്ലെന്നും, മറിച്ച് കുറച്ച് മാസങ്ങൾ മാത്രം അവർ പിന്നോട്ട് പോയെന്നുമാണ് വ്യക്തമാക്കുന്നത്. ഫോർഡോ, നതാൻസ്, ഇസഫഹാൻ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾക്ക് ആക്രമണങ്ങളിൽ കാര്യമായ നാശനഷ്‌ടമുണ്ടായെങ്കിലും, ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങൾക്ക് ഇപ്പോഴും വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് വിവരം.
ഇത് ട്രംപിന്റെയും നെതന്യാഹുവിന്റേയും അവകാശവാദങ്ങളെ പൂർണമായും ഖണ്ഡിക്കുന്നതാണ്. എന്നാൽ ഇതിന് പിന്നാലെ വാർത്ത വ്യാജമാണെന്ന് പറയുകയാണ് ട്രംപ്. സിഎൻഎൻ, ന്യൂയോർക്ക് ടൈംസ് മാധ്യമങ്ങളെ വിമർശിച്ചു കൊണ്ടാണ് ട്രംപിന്റെ പ്രതികരണം. ഇറാനിലെ ആണവ കേന്ദ്രങ്ങൾ പൂർണമായും നശിപ്പിക്കപ്പെട്ടുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും ഇത് തന്നെ ആവർത്തിച്ചു. ഇറാന്റെ ആണവ പദ്ധതിയെ ഇല്ലാതാക്കാൻ നടത്തിയ ദൗത്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിലൂടെ ധീരരായ യുദ്ധവിമാന പൈലറ്റുമാരെ അപമാനിക്കാനും പ്രസിഡന്റ് ട്രംപിനെ താഴ്ത്തിക്കെട്ടാനുമുള്ള വ്യക്തമായ ശ്രമമാണ് ഇതെന്നാണ് വൈറ്റ് ഹൗസിന്റെ മറുപടി.












Click it and Unblock the Notifications