ഇസ്രായേലിനുള്ള സുരക്ഷാ സഹായം റദ്ദാക്കുമെന്ന് ട്രംപ്; നിർത്തുന്നത് 3.8 ബില്യൺ ഡോളർ വാർഷിക സഹായം
ന്യൂയോർക്ക്: ഇസ്രായേലുമായുള്ള 10 വർഷത്തെ സുരക്ഷാ സഹായ കരാർ അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2026 ലെ ഇടക്കാല തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് പിന്നാലെയാണ് 2028 വരെ 3.8 ബില്യൺ ഡോളർ വാർഷിക സഹായം നൽകാൻ നിശ്ചയിച്ച കരാർ റദ്ദാക്കുമെന്ന് ട്രംപ് അറിയിച്ചിരിക്കുന്നത്.
ഇസ്രായേലിന് ആവശ്യമെങ്കിൽ തങ്ങൾ അവരെ സഹായിക്കുമെന്ന് യുഎസ് കറന്റ് അഫയേഴ്‌സ് ഷോ ഫോക്‌സ് ആൻഡ് ഫ്രണ്ട്‌സിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. സഹായം വെട്ടിക്കുറയ്ക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചെന്നും അദ്ദേഹം സമ്മതിച്ചതായും ട്രംപ് പറഞ്ഞു.

2019 ൽ ആരംഭിച്ച സഹായം അവസാനിപ്പിച്ചതിൽ ഇസ്രായേലിന് ബുദ്ധിമുട്ടൊന്നും ഇല്ലെന്നാണ് ട്രംപ് പറയുന്നത്. ഇസ്രായേലിന് ഇപ്പോൾ ആ പണം ആവശ്യമില്ലെന്നും എന്നെങ്കിലും ആവശ്യം വരികയാണെങ്കിൽ അവർക്ക് അപ്പോൾ നൽകുമെന്നും ട്രംപ് പറയുന്നു. ഒന്നോ രണ്ടോ വർഷങ്ങളായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
യുഎൻ കമ്മീഷനും നിരവധി അവകാശ ഗ്രൂപ്പുകളും വംശഹത്യയെന്ന് വിളിക്കുന്ന ഗാസയിലെ യുദ്ധത്തിനും ലെബനനിലെ ബോംബാക്രമണത്തിനും ഇടയിൽ ഇസ്രായേലിനുള്ള യുഎസ് സഹായത്തെക്കുറിച്ചുള്ള വിമർശനം സമീപ വർഷങ്ങളിൽ ശക്തമായിട്ടുണ്ട്. അതുപോലെ, ഇറാനെതിരായ മാസങ്ങൾ നീണ്ട യുഎസ്-ഇസ്രായേൽ യുദ്ധം വോട്ടർമാരുടെ അതൃപ്‌തിക്ക് ആക്കം കൂട്ടുകയും ചെയ്‌തിരുന്നു.
സംഘർഷം രാജ്യത്ത് ജീവിതച്ചെലവ് പ്രതിസന്ധിക്കും ഗ്യാസ് വിലക്കയറ്റത്തിനും കാരണമാകുന്നു, ഒപ്പം ട്രംപിന്റെ താരിഫ് യുദ്ധങ്ങളുടെയും വർധിച്ചുവരുന്ന ദേശീയ കടത്തിന്റെയും ആഘാതവും കടുത്ത വിമർശനം ഉയർത്തിയിരുന്നു. അതിനിടെ പല സർവേകളും ഡെമോക്രാറ്റുകൾ ജനപ്രതിനിധിസഭയുടെ നിയന്ത്രണം വീണ്ടെടുത്തേക്കുമെന്ന് പ്രവചിക്കുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമേരിക്ക ഇസ്രായേലിന് പതിനായിരക്കണക്കിന് ഡോളർ സൈനിക സഹായമായി നൽകിയിട്ടുണ്ട്. 2023-ൽ ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം പ്രസിഡന്റ് ജോ ബൈഡന്റെയും ട്രംപിന്റെയും ഭരണത്തിന് കീഴിൽ അമേരിക്ക ഇസ്രായേലിന് കുറഞ്ഞത് 21.7 ബില്യൺ ഡോളർ സൈനിക സഹായം നൽകിയതായി കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഒരു അക്കാദമിക് പഠനം കണ്ടെത്തിയിരുന്നു.
2023 ഒക്ടോബർ 7 ന്, സംഘർഷത്തിന് കാരണമായ ഇസ്രായേലിലെ ഹമാസ് ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. അതിന് ശേഷവും യുഎസ് സഹായം നിർബാധം തുടരുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ട്രംപിന്റെ പുതിയ നീക്കം രാജ്യത്ത് നിന്ന് ഉയരുന്ന വിമർശനങ്ങൾ കൂടി കണക്കിലെടുത്താണെന്നാണ് വിവരം.


Click it and Unblock the Notifications
