ഹൂതികൾ യുഎസിനെ തൊടില്ലെന്ന് ട്രംപ്; 'യുദ്ധം ചെയ്യാൻ ആഗ്രഹമില്ലെന്ന് പറഞ്ഞു', സമ്മർദ്ദം സൗദിക്കോ?
ന്യൂയോർക്ക്: യെമനിലെ ഹൂതി വിമതർ അമേരിക്കയെ ആക്രമിക്കില്ലെന്ന് അറിയിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേസമയം, അമേരിക്കയുടെ അടുത്ത സഖ്യരാജ്യമായ സൗദി അറേബ്യയ്‌ക്കെതിരായ ആക്രമണങ്ങൾ ഹൂതികൾ ശക്തമാക്കുകയാണ്. അമേരിക്ക ഹൂതികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അമേരിക്കയുമായി യുദ്ധം ചെയ്യില്ലെന്ന് ഹൂതികൾ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുമ്പും ട്രംപ് സമാനമായ അവകാശവാദങ്ങൾ നടത്തിയിട്ടുണ്ട്. മേഖലയിലെ അമേരിക്കൻ സൈനികരെ ലക്ഷ്യമിടാൻ ഹൂതികൾക്ക് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സെപ്റ്റംബർ 12-ന് അയർലൻഡ് സന്ദർശിച്ചപ്പോൾ ട്രംപ് പറഞ്ഞത്, ഹൂതികൾ അമേരിക്കയെ വിളിച്ച് തങ്ങളുമായി യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ചുവെന്നാണ്. അമേരിക്ക തങ്ങളെ ആക്രമിക്കരുതെന്നാണ് ഹൂതികളുടെ ആഗ്രഹമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

അതേസമയം, ഹൂതികളിൽ നിന്ന് സൗദി അറേബ്യയ്ക്ക് കൂടുതൽ സമ്മർദം നേരിടുകയാണ്. ശനിയാഴ്‌ച സൗദി തലസ്ഥാനമായ റിയാദിലേക്ക് ഒരു മിസൈൽ വിക്ഷേപിച്ചതായി ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു.
ഇതിനിടെ, യെമനിനുള്ളിലെ ഹൂതികളുടെ സൈനിക നീക്കങ്ങളും ശക്തമായിട്ടുണ്ട്. സൗദി അറേബ്യ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര അംഗീകാരമുള്ള യെമൻ സർക്കാരിൽ നിന്ന് വലിയ പ്രദേശങ്ങൾ ഹൂതികൾ പിടിച്ചെടുത്തിട്ടുണ്ട്.
അതിനിടെ ഇറാന്റെ കാര്യത്തിൽ ട്രംപ് ഇപ്പോൾ തീരുമാനമെടുക്കുന്ന ഘട്ടത്തിലാണെന്ന് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ വലിയ തോതിലുള്ള വ്യോമാക്രമണം ആരംഭിച്ചതിന് ശേഷം, ഇപ്പോൾ ഏകദേശം ഏഴ് മാസമായി സംഘർഷാവസ്ഥ തുടരുകയാണ്.
സമീപഭാവിയിൽ വലിയ കാര്യങ്ങൾ സംഭവിക്കുമെന്നും ഇറാൻ അധികൃതർ ജാഗ്രത പാലിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയെന്നാണ് സില ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇറാനെതിരെ വലിയ തോതിലുള്ള സൈനിക നടപടി സ്വീകരിക്കണമോ എന്ന കാര്യത്തിൽ ട്രംപ് തീരുമാനമെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയും ഇറാൻ പിന്തുണയുള്ള ഹൂതികളും തമ്മിലുള്ള പോരാട്ടം വളരെ വേഗത്തിൽ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് അമേരിക്കയും മുന്നറിയിപ്പ് നൽകി. യെമൻ സംഘർഷം വീണ്ടും ശക്തമായതിന് ശേഷം റിയാദിനെ ലക്ഷ്യമിട്ട് ആദ്യമായി മിസൈൽ ആക്രമണം ഉണ്ടായതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ്.
വാരാന്ത്യം ചെലവഴിക്കാനായി മേരിലാൻഡിലെ ക്യാമ്പ് ഡേവിഡിലായിരുന്ന പ്രസിഡന്റ് ട്രംപ് പരിപാടി ചുരുക്കി അപ്രതീക്ഷിതമായി വൈറ്റ് ഹൗസിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ട്രംപ് നേരത്തെ മടങ്ങിയതിന്റെ കാരണം വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല. നിലവിൽ ഇറാൻ, യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ശ്രമങ്ങൾ ഖത്തറും പാകിസ്ഥാനും തുടരുകയാണ്.


Click it and Unblock the Notifications
