സമാധാന കരാർ അകലെയല്ല, എന്നിട്ടും ഭൂമി തർക്കങ്ങൾ തുടരുന്നുവെന്ന് ട്രംപ്; സെലൻസ്‌കിയുമായി ചർച്ച നടത്തി
ന്യൂയോർക്ക്: യുക്രേനിയൻ പ്രധാനമന്ത്രി വ്ളാഡിമർ സെലെൻസ്‌കിയുമായുള്ള മൂന്ന് മണിക്കൂറോളം നീണ്ട അടച്ചിട്ട വാതിൽ ചർച്ചകൾക്ക് ശേഷം, യുക്രൈനിനുള്ള സുരക്ഷാ ഉറപ്പ് 95 ശതമാനത്തിനടുത്ത് പൂർത്തിയായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ചില പ്രദേശങ്ങളെ സംബന്ധിച്ച, പ്രത്യേകിച്ച് കിഴക്കൻ യുക്രൈനിലെ ഭൂമിയെ സംബന്ധിച്ച പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.
സമാധാനത്തിലേക്കുള്ള ഒരു പാതയെക്കുറിച്ച് ഇരു നേതാക്കളും മാര-ലാഗോയിലെ ട്രംപിന്റെ വസതിയിൽ വെച്ച് വിശദമായി ചർച്ച ചെയ്‌തിരുന്നു. പുരോഗതി നേടാനായെന്ന് ട്രംപ് ആവർത്തിക്കുമ്പോഴും, ചർച്ചകളുടെ ദുർബലമായ സ്വഭാവവും വിജയത്തിന് അനിശ്ചിതത്വമുണ്ടെന്നും അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടി. ഈ പ്രക്രിയ സങ്കീർണമാണെന്നും, സംഘർഷം അടുത്ത വർഷങ്ങളോളം തുടരാൻ സാധ്യതയുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

യോഗശേഷം മാധ്യമപ്രവർത്തകരുമായി സംസാരിച്ച ട്രംപ്, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ സാധ്യമാണോ എന്ന് ഏതാനും ആഴ്‌ചകൾക്കുള്ളിൽ വ്യക്തമാകുമെന്ന് പറഞ്ഞു. സമാധാനം അടിയന്തിരമായി പിന്തുടരുമെന്ന തന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനം ആവർത്തിച്ച അദ്ദേഹം, വിജയസാധ്യത ഉറപ്പില്ലെന്നും ഊന്നിപ്പറഞ്ഞു. 'ഞങ്ങൾ വളരെ നന്നായി ചെയ്‌തു. എല്ലാ വിഷയങ്ങളെക്കുറിച്ചും ഞങ്ങൾ ചർച്ചകൾ നടത്തി. ആ യുദ്ധം അവസാനിപ്പിക്കുന്നതിൽ ഞങ്ങൾ ഒരുപാട് മുന്നോട്ട് പോയി' എന്നാണ് ട്രംപ് പറഞ്ഞത്.
2022 ഫെബ്രുവരിയിൽ ആരംഭിച്ച ഈ സംഘർഷം, പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിനും യുക്രൈനിലുടനീളം വ്യാപകമായ നാശനാശങ്ങൾക്കും കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സമാധാനം പുനഃസ്ഥാപിക്കാനുള്ള തീവ്ര ശ്രമങ്ങൾ നടക്കുന്നത്. ഇതിന് ചുക്കാൻ പിടിച്ചതാവട്ടെ ഡൊണാൾഡ് ട്രംപ് ആയിരുന്നു. എന്നാൽ റഷ്യയും യുക്രൈനും ഒരുപോലെ കടുംപിടുത്തം വിടാത്തതിനാൽ ട്രംപ് കടുത്ത നിരാശയിൽ ആയിരുന്നു.
സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് മുമ്പ് റഷ്യൻ പ്രസിഡന്റ് പുടിനുമായി ട്രംപ് ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. നിലവിലുള്ള സൈനിക ആക്രമണങ്ങൾക്കിടയിലും, സമാധാനപരമായ ഒത്തുതീർപ്പിന് മോസ്കോക്ക് ഗൗരവമായ താൽപ്പര്യമുണ്ടെന്ന് സംഭാഷണത്തിന് ശേഷം ട്രംപ് പ്രസ്‌താവിച്ചു. എല്ലാവരും ഇത് അവസാനിക്കാൻ ആഗ്രഹിക്കുന്നുഎന്നാണ് ഇതിന് ശേഷം ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.
ചർച്ചകൾ പൂർത്തിയാക്കിയ ശേഷം ട്രംപും സെലെൻസ്‌കിയും പ്രധാന യൂറോപ്യൻ നേതാക്കളുമായി ഒരു സംയുക്ത ഫോൺ ചർച്ച നടത്തി. റഷ്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന ഏതൊരു കരാറിനെയും കുറിച്ച് പല യൂറോപ്യൻ രാജ്യങ്ങൾക്കും ആശങ്കയുണ്ടായിരുന്നു. ഏതൊരു ഒത്തുതീർപ്പിലും യുക്രൈനിന്റെ സമ്മതവും സുരക്ഷാ ഗ്യാരണ്ടികളും ആവശ്യമാണെന്ന് യൂറോപ്യൻ തലസ്ഥാനങ്ങൾ ആവർത്തിച്ച് ഊന്നിപ്പറഞ്ഞു.
ട്രംപുമായി ജനുവരിയിൽ വാഷിങ്‌ടണിൽ വെച്ച് കൂടുതൽ ചർച്ചകൾക്കായി താനും യൂറോപ്യൻ നേതാക്കളും ഒരുമിച്ച് മടങ്ങിയെത്താമെന്ന് സെലെൻസ്‌കി പിന്നീട് സൂചിപ്പിച്ചു. ഇത് ഏകോപിത നയതന്ത്ര നീക്കത്തിനുള്ള സൂചന നൽകി.വൈറ്റ് ഹൗസിലെ മുൻ അനുഭവങ്ങൾ ഓർമ്മിച്ചുകൊണ്ട്, സെലെൻസ്‌കി ഈ സന്ദർശനത്തിൽ ശ്രദ്ധാപൂർവമായ സമീപനം സ്വീകരിച്ചു.
ഇത്തവണ, യുക്രേനിയൻ ഉദ്യോഗസ്ഥർ ഏറ്റുമുട്ടലുകൾ ഒഴിവാക്കി, ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ സംഭാഷണം തുറന്നു നിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ചർച്ചകൾ പൂർണമായി വിജയിച്ചുവെന്ന് പറയാൻ കഴിയില്ലെങ്കിലും ഇപ്പോഴത്തെ പുരോഗതിയിൽ ട്രംപ് ക്യാമ്പിന് നേരിയ ആശ്വാസമുണ്ട്.












Click it and Unblock the Notifications