ഇന്ത്യയുമായുള്ള വ്യാപാര കരാർ അന്തിമമായിട്ടില്ലെന്ന് ട്രംപ്; 25 ശതമാനം തീരുവയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
ന്യൂയോർക്ക്: ഇന്ത്യയുമായുള്ള വ്യാപാര കരാർ ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മറുതീരുവ ഏർപ്പെടുത്താനുള്ള സമയപരിധിയായ ഓഗസ്‌റ്റ് ഒന്നിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ചകൾ തുടരുകയാണെന്നും ഇതിൽ ധാരണയിലെത്തിയില്ലെങ്കിൽ ഇന്ത്യ 25 ശതമാനം വരെ ഇറക്കുമതി തീരുവ നേരിടേണ്ടിവരുമെന്നും ട്രംപ് സൂചന നൽകിയിട്ടുണ്ട്.
മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. നേരത്തെ ഉടൻ തന്നെ ഇന്ത്യയുമായുള്ള വ്യാപാര കരാർ പ്രഖ്യാപിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഈ നിലപാടിൽ നിന്നുള്ള ട്രംപിന്റെ വ്യതിചലനമാണ് കാണാൻ കഴിയുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിൽ കാര്യമായ വ്യക്തത കുറവുണ്ടെന്ന റിപ്പോർട്ടുകൾ ശരി വയ്ക്കുന്നതാണ് പുതിയ പ്രസ്‌താവന.

അവർ 25 ശതമാനം തീരുവ നൽകേണ്ടി വരുമെന്നായിരുന്നു ഇന്ത്യയെക്കുറിച്ച് ട്രംപിന്റെ പ്രതികരണം. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി സ്കോട്ട്ലാൻഡ് യാത്രയിൽ ആയിരുന്ന ട്രംപ് തിരിച്ചെത്തിയ ശേഷമാണ് പ്രസ്‌താവന നടത്തിയത്. 'ഇന്ത്യയുമായുള്ള വ്യാപാര കരാർ അന്തിമമാക്കിയിട്ടില്ല' എന്നും ഡൊണാൾഡ് ട്രംപ് തന്നെ അറിയിക്കുകയുണ്ടായി. ഇന്ത്യ-പാക് വെടിനിർത്തൽ സംബന്ധിച്ച അവകാശവാദം വീണ്ടും ട്രംപ് ആവർത്തിക്കുകയും ചെയ്‌തിട്ടുണ്ട്.
'അതെ, എനിക്ക് അങ്ങനെ തോന്നുന്നു. ഇന്ത്യ എന്റെ സുഹൃത്താണ്. എന്റെ അഭ്യർത്ഥനപ്രകാരം അവർ പാകിസ്ഥാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു... എന്നാൽ ഇന്ത്യയുമായുള്ള കരാർ അന്തിമമാക്കിയിട്ടില്ല. ഇന്ത്യ ഒരു നല്ല സുഹൃത്തായിരുന്നു, പക്ഷേ ഇന്ത്യ മറ്റ് ഏതൊരു രാജ്യത്തേക്കാളും കൂടുതൽ തീരുവ നമ്മളിൽ നിന്ന് ഈടാക്കിയിട്ടുണ്ട്' എന്നായിരുന്നു 25 ശതമാനം തീരുവയെ കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടി.
നിശ്ചിത സമയത്തിനുള്ളിൽ ഒരു കരാർ അന്തിമമായില്ലെങ്കിൽ, തിരഞ്ഞെടുത്ത കയറ്റുമതികൾക്ക് 20 ശതമാനം മുതൽ 25 ശതമാനം വരെ യുഎസ് തീരുവ ചുമത്തൽ നേരിടാൻ ഇന്ത്യ തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോർട്ട്. പുതിയ ഇളവുകളിലേക്ക് തിടുക്കം കൂട്ടുന്നതിനുപകരം, ഓഗസ്‌റ്റ് പകുതിയോടെ ഒരു യുഎസ് പ്രതിനിധി സംഘം സന്ദർശിക്കുമ്പോൾ വ്യാപാര ചർച്ചകൾ പുനരാരംഭിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തോടെ സമഗ്രമായ ഒരു ഉഭയകക്ഷി വ്യാപാര കരാറിലേക്ക് നീങ്ങുക എന്നതാണ് ലക്ഷ്യമെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട് അറിയിക്കുന്നു. ചർച്ചകൾ പോസിറ്റീവ് ആണെങ്കിലും, ചില മേഖലകൾ, പ്രത്യേകിച്ച് കൃഷി, ക്ഷീര മേഖല എന്നിവ തർക്കവിഷയമായി ഇപ്പോഴും തുടരുകയാണ്.
സോയാബീൻ, ചോളം തുടങ്ങിയ ജനിതകമാറ്റം വരുത്തിയ വിളകളുടെ ഇറക്കുമതിക്കെതിരായ നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നതാണ് ചർച്ചകൾക്ക് തടസ്സമാവുന്നത്. മാത്രമല്ല അവയുടെ പാലുൽപ്പന്ന വിപണി തുറക്കാനും ഇന്ത്യ തയാറായിട്ടില്ല. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ വഴി മുട്ടി നിൽക്കുകയാണ്.
2024 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 129 ബില്യൺ ഡോളറിന്റെ ചരക്കുകളിൽ എത്തും, ഇന്ത്യയ്ക്ക് ഏകദേശം 46 ബില്യൺ ഡോളറിന്റെ വ്യാപാര മിച്ചം ലഭിക്കും. അതിനിടയിലാണ് തീരുവ വിഷയം ഉന്നയിച്ച് ട്രംപ് രംഗത്ത് വരുന്നത്. ട്രംപിന്റെ നീക്കം വിജയിച്ചാൽ ഇന്ത്യയുടെ വ്യാപാര മിച്ചത്തിൽ ഗണ്യമായ ഇടിവിന് സാധ്യതയുണ്ട്.
അതിനിടെ കൂടുതൽ വിശാലമായ തീരുവ നയത്തെ കുറിച്ച് ട്രംപ് സൂചന നൽകിയിട്ടുണ്ട്. ഉഭയകക്ഷി വ്യാപാര കരാറുകളില്ലാത്ത മിക്ക രാജ്യങ്ങൾക്കും ഉടൻ തന്നെ 15 ശതമാനം മുതൽ 20 ശതമാനം വരെയുള്ള തീരുവ ഏർപ്പെടുത്തേണ്ടിവരുമെന്ന് പറഞ്ഞു. ഏപ്രിലിൽ അദ്ദേഹം അവതരിപ്പിച്ച 10 ശതമാനം അടിസ്ഥാന തീരുവയേക്കാൾ വളരെ കൂടുതലായിരിക്കും ഇത്.












Click it and Unblock the Notifications