വെനസ്വേലൻ പ്രസിഡന്റ് മഡൂറോയെ ബന്ദിയാക്കിയെന്ന് ട്രംപിന്റെ പ്രഖ്യാപനം; രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി
ന്യൂയോർക്ക്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും യുഎസ് വ്യോമാക്രമണങ്ങളിലൂടെ ബന്ദിയാക്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് സംയുക്ത സൈനിക നീക്കമെന്ന് ട്രൂത്ത് സോഷ്യലിൽ കുറിച്ച ട്രംപ് രാജ്യത്ത് യുഎസ് നടത്തിയ ആക്രമങ്ങൾ സ്ഥിരീകരിക്കുകയും ചെയ്‌തു.
'വെനസ്വേലയ്ക്കും അതിന്റെ നേതാവിനുമെതിരെ വിജയകരമായി ഒരു വലിയ തോതിലുള്ള ആക്രമണം നടത്തി' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. തെളിവുകളൊന്നും നൽകാതെയാണ് ലോകത്തെ ഞെട്ടിച്ച ഈ വെളിപ്പെടുത്തൽ. എന്നാൽ, ട്രംപിന്റെ അവകാശവാദങ്ങൾ വെനസ്വേലൻ അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിറ്റില്ല.

തലസ്ഥാനത്ത് ആക്രമണം നടന്നതായി സമ്മതിച്ചെങ്കിലും പ്രസിഡന്റിന്റെയും ഭാര്യയുടെയും അറസ്‌റ്റ് അവർ നിഷേധിച്ചു. കരക്കാസിലെ ആക്രമണങ്ങൾക്ക് പിന്നിൽ യുഎസ് സേനയെയാണ് എന്നാണ് അവർ കുറ്റപ്പെടുത്തിയത്. ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ജനുവരി 3-ന് നടക്കുന്ന സമ്മേളനത്തിൽ വെനസ്വേല വെളിപ്പെടുത്തുമെന്നും അറിയിച്ചു.
കൂടുതൽ വിവരങ്ങൾ 2026 ജനുവരി 3-ന് രാവിലെ 11-ന് മാർ-എ-ലാഗോ വാർത്താസമ്മേളനത്തിൽ പങ്കുവെക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നിട്ടും ഈ ഓപ്പറേഷനെക്കുറിച്ചുള്ള പ്രധാന ചോദ്യങ്ങൾ ഇപ്പോഴും ഉത്തരമില്ലാതെ തുടരുന്നു. അതിനിടെ കരക്കാസിൽ പുലർച്ചെ 2 മണിയോടെ സ്ഫോടനങ്ങളുണ്ടായതായി പ്രദേശവാസികൾ പറയുന്നു.
താഴ്ന്നുപറക്കുന്ന വിമാനങ്ങൾ പല ജില്ലകളിലും കേട്ടു. നിരവധി സ്ഫോടനങ്ങൾ കെട്ടിടങ്ങളെ കുലുക്കി. തീപിടിത്തങ്ങളും കനത്ത പുകയും ജനങ്ങളെ പരിഭ്രാന്തിയിലാക്കുകയും അവർ തെരുവിലിറങ്ങുകയും ചെയ്‌തിരുന്നു. കത്തുന്ന കെട്ടിടങ്ങൾ, പുക എന്നിവയുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഏഴ് സ്ഫോടനങ്ങളെങ്കിലും നടന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ആക്രമണ ശേഷം തലസ്ഥാനത്തെ സൈനിക താവളത്തിനടുത്ത് വൈദ്യുതി മുടക്കമുണ്ടായി. അന്താരാഷ്ട്ര നിരീക്ഷകരുടെ പരിശോധനകളോ വെനസ്വേലൻ ഉദ്യോഗസ്ഥരുടെ സ്ഥിരീകരണമോ ഇല്ലാത്തതിനാൽ, പ്രസിഡന്റ് മഡുറോയുടെയും രാജ്യത്തെ നേതൃത്വത്തിന്റെയും നിലവിലെ സ്ഥിതി അനിശ്ചിതത്വത്തിലാണ്.
ട്രംപ് ഭരണകൂടം മഡൂറോ ഒരു മയക്കുമരുന്ന് കാർട്ടലിന് നേതൃത്വം നൽകുന്നതായി ആരോപിക്കുകയും മയക്കുമരുന്ന് കടത്തിനെതിരായ വിശാലമായ നടപടിയുടെ ഭാഗമാണ് ഇതെല്ലാമെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരം വെനിസ്വേലയിലായതിനാൽ അമേരിക്ക ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് വാദിച്ചുകൊണ്ട് മഡൂറോ ഈ ആരോപണങ്ങൾ എല്ലാം നിഷേധിച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ മുതൽ, കരീബിയൻ കടലിലും കിഴക്കൻ പസഫിക് സമുദ്രത്തിലും ബോട്ടുകളിൽ യുഎസ് സൈന്യം ഡസൻ കണക്കിന് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. മയക്കുമരുന്ന് കള്ളക്കടത്തുകാരാണ് ലക്ഷ്യമെന്ന് യുഎസ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നുണ്ടെങ്കിലും, ഒരു തെളിവും പരസ്യമായി പുറത്തുവിട്ടിട്ടില്ല. അതിനിടയിലാണ് നേരിട്ടുള്ള ആക്രമണം നടന്നതും മഡൂറോയെ ബന്ദിയാക്കിയെന്ന് അവകാശപ്പെടുന്നതും.












Click it and Unblock the Notifications