ഗാസയിൽ അധികാരം വിട്ടുകൊടുത്തില്ലെങ്കിൽ ഹമാസിനെ പൂർണമായും തുടച്ചുനീക്കും; ട്രംപിന്റെ മുന്നറിയിപ്പ്
ന്യൂയോർക്ക്: ഹമാസിന് കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ അവതരിപ്പിച്ച സമാധാന പദ്ധതി പ്രകാരം ഗാസയിൽ അധികാരവും നിയന്ത്രണവും ഹമാസ് വിട്ടുകൊടുത്തില്ലെങ്കിൽ അവർ പൂർണമായ ഉന്മൂലനം നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. യുഎസ് സമയം വൈകുന്നേരം 6 മണിക്ക് അവസാനിക്കുന്നതിന് ഇതിന് തയ്യാറാവണം എന്നാണ് അറിയിച്ചിരിക്കുന്നത്.
ശ്രദ്ധേയമായ കാര്യം എന്തെന്നാൽ സമയപരിധി അവസാനിക്കുന്നതിന് വെറും 12 മണിക്കൂർ മുമ്പാണ് ട്രംപിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്. ഗാസയിലെ ബോംബാക്രമണം നിർത്തുന്നതിനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിന്തുണയ്ക്കുന്നുണ്ടോ എന്നും യുഎസിന്റെ വിശാലമായ സമാധാന ശ്രമങ്ങളുമായി യോജിക്കുന്നുണ്ടോ എന്നും സിഎൻഎൻ ചോദിച്ചപ്പോൾ, ഡൊണാൾഡ് ട്രംപ് അതെയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അഭിമുഖത്തിൽ, സമാധാനം പിന്തുടരാൻ ഹമാസ് ആത്മാർത്ഥമായി പ്രതിജ്ഞാബദ്ധമാണോ എന്ന് ഉടൻ തന്നെ അറിയാൻ കഴിയുമെന്ന് ട്രംപ് വ്യക്തമാക്കി. ട്രംപ് പലസ്‌തീ ഭീകര സംഘടനയായ ഹമാസിനോട് ഞായറാഴ്‌ച വൈകുന്നേരം 6 മണിയ്ക്ക് മുൻപായി ഇസ്രായേലുമായി സമാധാന കരാറിലെത്താൻ ആവശ്യപ്പെട്ടു, അല്ലാത്തപക്ഷം പലതും അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
തന്റെ സമാധാന പദ്ധതി അംഗീകരിക്കാനും, ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനും, ശത്രുതയ്ക്ക് വിരാമമിടാനും ഹമാസിന് ഒരു അവസാന അവസരം കൂടി നൽകുകയാണെന്ന് പറഞ്ഞ ട്രംപ്, ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ സമാധാനം വന്നുചേരുമെന്നും പറയുകയുണ്ടായി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിന്റെ വെടിനിർത്തൽ പദ്ധതിയോട് ഇതിനകം തന്നെ സമ്മതം മൂളിയിരുന്നു.
മിഡിൽ ഈസ്‌റ്റിനെ സംഘർഷ ഭരിതമാക്കി കൊണ്ട് രണ്ട് വർഷമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇസ്രായേലിനെയും ഹമാസിനെയും സമാധാന കരാറിൽ ധാരണയിലെത്താൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന ട്രംപ്, യുദ്ധം ഉടനടി നിർത്തലാക്കാൻ മാത്രമല്ല, ഗാസയുടെ യുദ്ധാനന്തര ഭരണത്തിന് ഒരു ചട്ടക്കൂട് തയ്യാറാക്കാനും ആവശ്യപ്പെടുന്ന 20 ഇന നിർദ്ദേശമാണ് മുന്നോട്ടുവച്ചത്.
മേഖലയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനും പ്രദേശത്തിന്റെ ഭാവി ഭരണം രൂപപ്പെടുത്തുന്നതിനുമുള്ള ഒരു മാർഗരേഖയായി ഇതിനെ വിശേഷിപ്പിച്ചുകൊണ്ട് വൈറ്റ് ഹൗസ് തന്നെയാണ് പദ്ധതി പുറത്തിറക്കിയത്. ഗാസയുടെ ഭരണം ഉൾപ്പെടെയുള്ള നിർണായക കാര്യങ്ങളിൽ അടക്കം പരാമർശിക്കുന്നതാണ് ട്രംപിന്റെ പദ്ധതി.
ട്രംപ് തന്നെ ചെയർമാനും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ ഉൾപ്പെടെയുള്ള വ്യക്തികളും ചേരുന്ന ഒരു താൽക്കാലിക ഭരണ സമിതി സ്ഥാപിക്കുമെന്നാണ് ട്രംപിന്റെ പദ്ധതിയിൽ പറയുന്നത്. ഗാസയിലുള്ള ആരെയും നിർബന്ധിച്ച് പുറത്താക്കില്ലെന്ന് ഇത് വ്യക്തമാക്കുന്നു, ഇസ്രായേലും ഹമാസും നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്നും വ്യവസ്ഥ ചെയ്യുന്നു.
അതിനിടെ ഗാസയിലെ യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് പറഞ്ഞു. ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നത് ആദ്യ ഘട്ടം മാത്രമാണെന്നും തുടർന്നുള്ള ക്രമീകരണങ്ങൾ ഇനിയും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 100 ശതമാനം ഗ്യാരണ്ടി ആണെന്ന് ആർക്കും പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications