വിദേശ വിദ്യാർഥികൾക്ക് ട്രംപിന്റെ പണി; എഫ്-1 വിസയിൽ പുതിയ നിയന്ത്രണം, പരമാവധി 4 വർഷം മാത്രം താമസിക്കാം
ന്യൂയോർക്ക്: യുഎസിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികൾക്ക് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ട്രംപ് ഭരണകൂടം. ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡിഎച്ച്എസ്) പുറത്തിറക്കിയ പുതിയ ചട്ടപ്രകാരം, എഫ്-1 വിദ്യാർഥി വിസയിൽ എത്തുന്നവർക്ക് ഇനി പരമാവധി നാല് വർഷം മാത്രമായിരിക്കും രാജ്യത്ത് താമസിക്കാൻ അനുമതി. അമേരിക്കയിൽ പഠിക്കുന്ന മൂന്ന് ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള അന്തർദേശീയ വിദ്യാർഥികൾക്ക് ഈ തീരുമാനം തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ.
നിലവിൽ പ്രാബല്യത്തിലുള്ള നിയമപ്രകാരം, വിദ്യാർഥികൾ പഠനം തുടരുകയും വിസ നിബന്ധനകൾ പാലിക്കുകയും ചെയ്യുന്നിടത്തോളം കാലം അമേരിക്കയിൽ തുടരാൻ അനുവാദമുണ്ടായിരുന്നു. ഇതിനെ 'ഡ്യൂറേഷൻ ഓഫ് സ്‌റ്റാറ്റസ്; എന്നാണ് വിളിക്കുന്നത്. പുതിയ ചട്ടം നിലവിൽ വന്നാൽ, നാല് വർഷം പൂർത്തിയായ ശേഷം അമേരിക്കയിൽ പഠനം തുടരണമെങ്കിൽ വിദ്യാർഥികൾ വീണ്ടും ഡിഎച്ച്എസിൽ അപേക്ഷ നൽകി താമസാനുമതി പുതുക്കേണ്ടിവരും.

ദേശീയ സുരക്ഷ ശക്തിപ്പെടുത്തുകയും വിദ്യാർഥി വിസ പദ്ധതിയുടെ ദുരുപയോഗം തടയുകയും ചെയ്യുന്നതിനാണ് ഈ മാറ്റമെന്നാണ് ഡിഎച്ച്എസ് അറിയിച്ചത്. എന്നാൽ ട്രംപ് ഭരണകൂടം അന്തർദേശീയ വിദ്യാർഥികളെ ബാധിക്കുന്ന തരത്തിലുള്ള പല പരിഷ്‌കാരങ്ങളും ഇതിനുമുമ്പും പലപ്പോഴായി കൊണ്ടുവന്നിരുന്നു. അതിൽ ഏറ്റവും ഒടുവിലത്തേതാണ് എഫ്-1 വിസയിലെ പരിഷ്ക്കാരം.
കഴിഞ്ഞ വർഷം സ്‌റ്റുഡന്റ് ക്രിമിനൽ ഏലിയൻ ഇനിഷ്യേറ്റീവ് എന്ന പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് വിദേശ വിദ്യാർഥികളുടെ നിയമപരമായ താമസപദവി റദ്ദാക്കിയിരുന്നു. കൂടാതെ, തൊഴിൽ വിസയായ എച്ച്-1ബി അനുവദിക്കുന്ന രീതിയിലും മാറ്റം വരുത്തിയിരുന്നു. പുതുതായി തൊഴിൽ രംഗത്തേക്ക് പ്രവേശിക്കുന്നവർക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത ഇതിലൂടെ കുറയ്ക്കുകയാണ് ചെയ്‌തത്.
പുതിയ ചട്ടം ജെ-1 എക്സ്ചേഞ്ച് വിസ കൈവശമുള്ളവരെയും ബാധിക്കുമെന്നാണ് കരുതുന്നത്. അമേരിക്കൻ സർവകലാശാലകളിൽ ഗവേഷണം നടത്തുന്ന നിരവധി വിദേശ ഗവേഷകരും ഈ വിഭാഗത്തിൽപ്പെടുന്നു. കൂടാതെ, ഐ വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന അന്തർദേശീയ മാധ്യമപ്രവർത്തകർക്കും നിശ്ചിത കാലാവധി മാത്രമേ ഇനി അനുവദിക്കൂ.
കഴിഞ്ഞ വർഷം ഇതുമായി ബന്ധപ്പെട്ട കരട് ചട്ടം പുറത്തിറങ്ങിയപ്പോൾ സർവകലാശാലകളും മെഡിക്കൽ സംഘടനകളും ഇതിനെതിരെ ശക്തമായ വിമർശനം ഉയർത്തിയിരുന്നു. പുതിയ നിയന്ത്രണങ്ങൾ വിദ്യാർഥികളുടെ പഠനം പൂർത്തിയാക്കുന്നതിലും വിദേശ ഡോക്‌ടർമാരുടെ പരിശീലനത്തിലും തടസം സൃഷ്‌ടിക്കുമെന്നായിരുന്നു അവർ മുന്നറിയിപ്പ് നൽകിയത്.
അതേസമയം, നിലവിലെ എഫ്, ജെ, ഐ വിസകൾ കാലാവധി അവസാനിക്കുന്നതുവരെ സാധുവായിരിക്കും. എന്നാൽ പുതിയ ചട്ടം പ്രാബല്യത്തിൽ വന്നാൽ ഈ മൂന്ന് വിസകൾക്കും നിശ്ചിത കാലാവധി നിശ്ചയിക്കപ്പെടുമെന്നാണ് സൂചന. അതിന് ശേഷം അമേരിക്കയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് വീണ്ടും അപേക്ഷ നൽകി അനുമതി പുതുക്കേണ്ടിവരും.


Click it and Unblock the Notifications