ട്രംപിന്റെ സമാധാന പദ്ധതി; യുക്രൈന് സ്വന്തം പ്രദേശങ്ങൾ ഉപേക്ഷിക്കേണ്ടി വരും, റഷ്യയ്ക്ക് പൊതുമാപ്പ്, വിശദാംശങ്ങൾ
ന്യൂയോർക്ക്: യുക്രൈൻ തങ്ങളുടെ പ്രദേശങ്ങൾ എന്നെന്നേക്കുമായി ഉപേക്ഷിക്കുകയും റഷ്യയ്ക്ക് പൊതുമാപ്പ് ലഭിക്കുകയും ചെയ്യുന്ന സമാധാന പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വച്ചതായി റിപ്പോർട്ട്. യുക്രൈൻ പെട്ടെന്ന് തന്നെ കരാറിലെത്താനായി അമേരിക്ക സമ്മർദ്ദം ചെലുത്തുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ട്രംപിന്റെ പ്രത്യേക ദൂതൻ സ്‌റ്റീവ് വിറ്റ്‌കോഫ്, സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി തയ്യാറാക്കിയത്. തയ്യാറെടുപ്പ് വേളയിൽ, വിറ്റ്‌കോഫ് ക്രെംലിൻ പ്രത്യേക ദൂതൻ കിറിൽ ദിമിട്രീവുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. തുടർന്ന് യുക്രൈൻ ദേശീയ സുരക്ഷാ പ്രതിരോധ കൗൺസിൽ സെക്രട്ടറി റുസ്‌തം ഉമെറോവുമായി ചർച്ചകൾ നടന്നു.

ഒരു അന്തിമ കരാറിനേക്കാൾ യുഎസിന്റെ കാഴ്‌ചപ്പാടാണ് ഈ രേഖയെന്ന് സെലെൻസ്‌കി വിശേഷിപ്പിച്ചു. ചുവന്ന വരകൾ ഇതിലും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറയുകയും ചെയ്‌തു. എന്തെന്നാൽ യുക്രൈന്റെ ഭൗമരാഷ്ട്രീയ നിലയിലും അതിർത്തിയുടെ സമഗ്രതയിലും കാര്യമായ മാറ്റങ്ങൾ ഈ രേഖ വിഭാവനം ചെയ്യുന്നു എന്നതിനാലാണ് ഈ പ്രതികരണം.
ക്രൈമിയ, ഡോണെറ്റ്ക്‌സ്, ലുഹാൻക്‌സ് ഒബ്ലാസ്‌റ്റുകൾ എന്നിവ അമേരിക്കയടക്കം റഷ്യൻ പ്രദേശങ്ങളായി അംഗീകരിക്കും. യുക്രൈൻ സായുധ സേന നിലവിൽ നിയന്ത്രിക്കുന്ന ഡോണെറ്റ്ക്‌സ് ഒബ്ലാസ്‌റ്റിന്റെ ഭാഗങ്ങളിൽ നിന്ന് പിന്മാറേണ്ടിവരും. അവിടെ ഒരു നിഷ്‌പക്ഷ സൈനികരഹിത ബഫർ സോൺ സ്ഥാപിക്കുകയും ചെയ്യും.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ ഇവയാണ്: യുക്രൈന്റെ പരമാധികാരം ഔദ്യോഗികമായി അംഗീകരിക്കും. റഷ്യ, യുക്രൈൻ, യൂറോപ്പ് എന്നിവയ്ക്കിടയിൽ ഒരു സമഗ്രമായ അക്രമരാഹിത്യ കരാർ ഉണ്ടാക്കും. നാറ്റോയുടെ ആർട്ടിക്കിൾ 5-ന് സമാനമായ വിശ്വസനീയമായ സുരക്ഷാ ഉറപ്പുകൾ യുക്രൈന് ലഭിക്കും (യുക്രൈനെതിരായ ആക്രമണം വലിയ ട്രാൻസ്-അറ്റ്ലാന്റിക് സമൂഹത്തിന് ഭീഷണിയായി കണക്കാക്കും).
യുക്രൈൻ സായുധ സേനയുടെ വലുപ്പം പരിമിതപ്പെടുത്തും (ഏകദേശം 6,00,000 സൈനികർ). കരാർ നിലവിൽ വന്ന് 100 ദിവസത്തിനുള്ളിൽ യുക്രൈനിൽ തിരഞ്ഞെടുപ്പുകൾ നടത്തും. റഷ്യയെ ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് വീണ്ടും കൊണ്ടുവരും, മരവിപ്പിച്ച ആസ്‌തികൾ പുനർനിർമ്മാണത്തിനായി ഉപയോഗിക്കും.
അനുവർത്തനം നിരീക്ഷിക്കുന്നതിനായി ഒരു സംയുക്ത യുഎസ്-റഷ്യൻ വർക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കും. പ്രത്യേക വ്യവസ്ഥകളിൽ, ഐഇഎഇയുടെ മേൽനോട്ടത്തിൽ സാപോരിജിയ ആണവോർജ്ജ നിലയത്തിലേക്ക് സംയുക്ത പ്രവേശനം (റഷ്യയും യുക്രൈനും തമ്മിൽ വൈദ്യുതി 50-50 ആയി വിഭജിക്കുക), കരിങ്കടൽ വഴി സ്വതന്ത്ര ധാന്യ കയറ്റുമതി എന്നിവ ഉൾപ്പെടുന്നു.
മാത്രമല്ല യുക്രൈന് ഗണ്യമായ സാമ്പത്തിക സഹായങ്ങൾ ഈ പദ്ധതി വാഗ്‌ദാനം ചെയ്യുന്നു. യൂറോപ്യൻ യൂണിയൻ അംഗത്വം ലഭിക്കാനുള്ള സാധ്യതയും യൂറോപ്യൻ വിപണിയിലേക്ക് മുൻഗണനാ പ്രവേശനവും ഇതിൽ ഉൾപ്പെടുന്നു. സാങ്കേതികവിദ്യയിലും നിർമ്മിത ബുദ്ധിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു യുക്രൈൻ ഡെവലപ്മെന്റ് ഫണ്ട് ഉൾപ്പെടെയുള്ള വലിയ പുനർനിർമ്മാണ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്
ഈ പദ്ധതി വിവാദപരമാക്കുന്ന ചില കാര്യങ്ങൾ: യുക്രൈൻ തങ്ങളുടെ പ്രദേശങ്ങൾ (ഡോൺബാസിന്റെ ഭാഗങ്ങൾ ഉൾപ്പെടെ) റഷ്യയ്ക്ക് വിട്ടുകൊടുക്കാനും അവയുടെ മേലുള്ള റഷ്യൻ നിയന്ത്രണം അംഗീകരിക്കാനും കരാർ ആവശ്യപ്പെടുന്നു. മാത്രമല്ല നാറ്റോയിൽ ചേരാനുള്ള യുക്രൈന്റെ അവസരം ഇത് ഇല്ലാതാക്കുന്നു.
പദ്ധതി രൂപീകരിക്കുന്നതിൽ യുക്രൈന്റെ നേരിട്ടുള്ള പങ്കാളിത്തം വളരെ കുറവായിരുന്നു. പ്രധാന യൂറോപ്യൻ സഖ്യകക്ഷികളുമായി ആദ്യമേതന്നെ കൂടിയാലോചിക്കുന്നതിന് പകരം പിന്നീട് വിവരങ്ങൾ ധരിപ്പിക്കുക മാത്രമാണ് ചെയ്‌തിരിക്കുന്നത്. ഈ പദ്ധതി നടപ്പിലാക്കിയാൽ, അത് യുദ്ധത്തിന്റെ ഗതിയിൽ വലിയ മാറ്റങ്ങൾ വരുത്തും. യുക്രൈൻ റഷ്യയുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കുകയും, യുഎസും സഖ്യകക്ഷികളും പുതിയ സുരക്ഷാ ഉറപ്പുകൾ നൽകുകയും ചെയ്യും.
അതേസമയം ട്രംപിന്റെ കീഴിലുള്ള യുഎസ് ഒരു സമാധാന കരാറിന് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഇത് സൂചിപ്പിക്കുന്നു. എന്നാൽ ഈ കരാർ റഷ്യയുടെ യുദ്ധ ലക്ഷ്യങ്ങൾക്ക് വളരെയധികം അനുകൂലമായതിനാൽ യുക്രൈനെയും യൂറോപ്പിനെയും ഇത് അസ്വസ്ഥരാക്കുമെന്ന് ഉറപ്പാണ്. അതിന്റെ പ്രതിഫലനമാണ് സെലൻസ്‌കിയുടെ മറുപടി.
കരാർ വിശദാംശങ്ങൾ പുറത്തുവന്നതിന് പിന്നാലെ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി യുകെ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിലെ നേതാക്കളുമായി ചർച്ച നടത്തി. ഏതൊരു പ്രതികരണവും ഈ യൂറോപ്യൻ രാജ്യങ്ങളുമായി ഏകോപിപ്പിച്ചായിരിക്കുമെന്ന് സെലൻസ്‌കി സ്ഥിരീകരിച്ചു. എങ്കിലും നവംബർ 27നകം തീരുമാനം അറിയിക്കാൻ യുഎസ് യുക്രൈന് അന്ത്യശാസനം നൽകിയിട്ടുണ്ട്. ഇത് അവർക്ക് വലിയ സമ്മർദ്ദമാണ് ഉയർത്തുന്നത്.












Click it and Unblock the Notifications