ട്രംപിന്റെ തീരുവക്കളിയെ ഭയക്കണം; ആഗോള സാമ്പത്തിക മാന്ദ്യത്തിന് 60 ശതമാനം സാധ്യത, ഇന്ത്യയ്ക്കും പണി ഉറപ്പ്?
ന്യൂയോർക്ക്: രണ്ടാംവട്ടവും അധികാരത്തിലേറിയതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങളെല്ലാം അപ്രവചനീയമാണ്. ഓരോഘട്ടത്തിലും വ്യത്യസ്‌തവും അതിലേറെ ഞെട്ടിക്കുന്നതുമായ തീരുമാനങ്ങളാണ് ട്രംപ് നടപ്പാക്കുന്നത്. അടുത്തിടെ വിവിധ രാജ്യങ്ങൾക്ക് നേരെ അദ്ദേഹം പ്രഖ്യാപിച്ച തീരുവകൾ തന്നെ അതിന് ഉദാഹരണമാണ്. എന്നാൽ തീരുവയിലെ ട്രംപിന്റെ നീക്കം നിസാരമായി തള്ളിക്കളയാൻ കഴിയുന്നതല്ലെന്നാണ് സാമ്പത്തിക വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.
ഇപ്പോഴിതാ ആഗോള സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതകൾ ഒന്നുകൂടി ഊന്നിപ്പറയുകയാണ് ജെപി മോർഗൻ. നിലവിലെ തീരുവ പ്രതിസന്ധി വ്യാപാര മേഖലയുടെ ആത്മവിശ്വാസം ഇല്ലാതാക്കുകയും ആഗോള വളർച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യുമെന്ന ഭീഷണിയെത്തുടർന്ന് ബ്രോക്കറേജുകൾ അവരുടെ പ്രവചനങ്ങൾ പരിഷ്‌കരിക്കാൻ തുടങ്ങിയതോടെയാണ് ജെപി മോർഗൻ യുഎസിലും ആഗോളതലത്തിലും മാന്ദ്യത്തിനുള്ള സാധ്യത 60 ആക്കി ഉയർത്തിയത്.

ഈ ആഴ്‌ചയുടെ തുടക്കത്തിലാണ് ട്രംപ് ഭരണകൂടം ഡസൻ കണക്കിന് രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തിയത്. ലിബറേഷൻ ഡേ എന്ന പേരിലായിരുന്നു പ്രഖ്യാപനങ്ങൾ നടന്നത്. ഇതിന് മറുപടിയായി ഇന്നലെ ചൈന അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് സ്വന്തം തീരുവ ചുമത്തി തിരിച്ചടിച്ചു. ഇത് വ്യാപാര യുദ്ധം രൂക്ഷമാകുകയും ആഗോള സാമ്പത്തിക വിപണികളിൽ നാശം വിതയ്ക്കുകയും ചെയ്യുമെന്ന ആശങ്കയ്ക്ക് വഴിയൊരുക്കുകയാണ്.
ഈ വർഷത്തിന്റെ തുടക്കത്തിൽ ആഗോള ,മാന്ദ്യത്തിന്റെ ജെപി മോർഗൻ 40 ശതമാനം സാധ്യത മാത്രമാണ് കൽപ്പിച്ചിരുന്നത്. ആ സ്ഥാനത്താണ് വെറും നാല് മാസം കൊണ്ട് കുത്തനെയുള്ള വർധനവ്. ഇതോടെ പകുതിയിലേറെ സാധ്യതയും മാന്ദ്യത്തിന് ഉണ്ടാവുമെന്നാണ് പ്രവചനം വ്യക്തമാക്കുന്നത്. പ്രതീക്ഷിച്ചതിലും വളരെ താഴെയാണ് യുഎസിന്റെ വ്യാപാര സൗഹൃദ നയങ്ങളെന്നാണ് ബ്രോക്കറേജ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
എസ് ആന്റ് പി ഗ്ലോബൽ യുഎസ് മാന്ദ്യത്തിനുള്ള സാധ്യത മാർച്ചിലെ 25 ശതമാനത്തി ൽ നിന്ന് 30നും 35 ശതമാനത്തിനും ഇടയിൽ ഉയർത്തിയിരുന്നു. കഴിഞ്ഞയാഴ്‌ച സമാനമായി, തീരുവ പ്രഖ്യാപനത്തിന് മുമ്പ്, ഗോൾഡ്മാൻ സാച്ച്സ് യുഎസ് മാന്ദ്യത്തിന്റെ സാധ്യത 20 ശതമാനത്തിൽ നിന്ന് 35 ശതമാനം ആയി ഉയർത്തിയിരുന്നു, സാമ്പത്തിക അടിസ്ഥാനകാര്യങ്ങൾ മുൻ വർഷങ്ങളിലെ പോലെ ശക്തമല്ലെന്നാണ് അവർ ചൂണ്ടിക്കാട്ടിയത്.
അതേസമയം, ട്രംപിന്റെ തീരുവ നീക്കം ആഗോള തലത്തിൽ തന്നെ ആകെ ജിഡിപിയെ നാല് ശതമാനത്തോളം ഇടിവിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ. ഇതൊരു ചെറിയ ഇടിവല്ലെന്ന് പ്രത്യേകം ഓർക്കണം. കൂടാതെ യുഎസ് ജിഡിപിയിലും ഇത് സാരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് എസ്ബിഐ പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
തീരുവ ഇന്ത്യയെ എങ്ങനെ ബാധിക്കും?
ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച മറുതീരുവ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്കിൽ 50 ബേസിസ് പോയിന്റ് മുതൽ 6 ശതമാനം വരെ കുറവുണ്ടാക്കുമെന്നും, യുഎസിലേക്കുള്ള രാജ്യത്തിന്റെ കയറ്റുമതി നടപ്പ് സാമ്പത്തിക വർഷത്തിൽ 2-3 ശതമാനം കുറയുമെന്നുമാണ് വിദഗ്‌ധർ നൽകുന്ന മുന്നറിയിപ്പ്. എങ്കിലും മറ്റ് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇത് ഏറ്റവും കുറവ് ബാധിക്കുക ഇന്ത്യയെ ആയിരിക്കുമെന്നത് മാത്രമാണ് ഏക ആശ്വാസം.












Click it and Unblock the Notifications