അഫ്രിന്‍ നഗരം തുര്‍ക്കി സൈന്യം പിടിച്ചു; നഗര കേന്ദ്രത്തില്‍ തുര്‍ക്കി പതാക നാട്ടി
അങ്കാറ: സിറിയയിലെ കുര്‍ദ് കേന്ദ്രമായ അഫ്രിന്‍ നഗരം തുര്‍ക്കി സേനയും സിറിന്‍ വിമതസേനയായ ഫ്രീ സിറിയ ആര്‍മിയും ചേര്‍ന്ന് പിടിച്ചെടുത്തു. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തുര്‍ക്കി സൈന്യവും ട്വിറ്റര്‍ സന്ദേശത്തിലൂടെ ഇക്കാര്യം വ്യക്തമാക്കി. അഫ്രിന്‍ നഗരകേന്ദ്രത്തില്‍ തുര്‍ക്കി പതാക ഉയര്‍ത്തിയതിന്റെ ദൃശ്യങ്ങള്‍ തുര്‍ക്കി സൈന്യം പുറത്തുവിട്ടു. നഗരകേന്ദ്രത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത തുര്‍ക്കി സൈന്യവും ഫ്രീ സിറിയന്‍ ആര്‍മിയും ചേര്‍ന്ന് പ്രദേശത്ത് കുര്‍ദ് സൈന്യം പാകിയിരിക്കാനിടയുള്ള കുഴിബോംബുകള്‍ക്കും മറ്റും വേണ്ടിയുള്ള തിരച്ചിലിലാണെന്ന് സൈനിക അധികൃതര്‍ അറിയിച്ചു
ഞായറാഴ്ച രാവിലെ പ്രാദേശിക സമയം എട്ടരയോടെയാണ് നഗരത്തിന്റെ നിയന്ത്രണം കുര്‍ദ് വിമതരില്‍ നിന്ന് പിടിച്ചെടുത്തത്. തുര്‍ക്കി സൈന്യം നഗരത്തിലെ തെരുവുകളിലൂടെ വിജയചിഹ്നമുയര്‍ത്തി സ്വതന്ത്രമായി സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിലാണ് തുര്‍ക്കി സൈന്യം പ്രാദേശിക സൈന്യത്തിന്റെ സഹായത്തോടെ അഫ്രിനെതിരായ ആക്രമണം ആരംഭിച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി നഗരകേന്ദ്രം സൈന്യം വളഞ്ഞിരിക്കുകയായിരുന്നു. തുര്‍ക്കി അതിര്‍ത്തി പ്രദേശമായ സിറിയയിലെ അഫ്രിന്‍ നിയന്ത്രിക്കുന്ന അമേരിക്കന്‍ സൈനിക സഖ്യത്തില്‍ അംഗമായ വൈ.പി.ജിക്കെതിരേയായിരുന്നു തുര്‍ക്കി സേനയുടെ ആക്രണം. തുര്‍ക്കിയിലെ കുര്‍ദ് ഭീകരവാദ സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ)യുമായി വൈ.പി.ജിക്ക് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഇത്. തങ്ങളുമായി സിറിയ അതിര്‍ത്തി പങ്കിടുന്ന അഫ്രിനില്‍ ഇവരുടെ സാന്നിധ്യം രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തുര്‍ക്കിയുടെ നടപടി.
തുടക്കത്തില്‍ കുര്‍ദ് ഭീകരരായ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്‌സ് (വൈ.പി.ജി) സൈന്യത്തെ പരാജയപ്പെടുത്തുകയാണ് അഫ്രിന്‍ സൈനിക നടപടിയിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നു പറഞ്ഞ തുര്‍ക്കി, ഈയിടെ നിലപാട് മാറ്റിയിരുന്നു. കുര്‍ദ് സൈന്യത്തെ പരാജയപ്പെടുത്തിയാലും അഫ്രിനില്‍ നിന്ന് ഉടന്‍ തിരിച്ചുപോവാന്‍ ഉദ്ദേശ്യമില്ലെന്നാണ് പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹിം കലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
കുര്‍ദ് ഭീകരരില്‍ നിന്ന് പ്രദേശം പിടിച്ചടക്കിയ ശേഷം അതിന്റെ നിയന്ത്രണം തുര്‍ക്കി സൈന്യത്തിന്റെ കൈയില്‍ തന്നെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഫ്രിന് ശേഷം അമേരിക്കന്‍ സൈനിക താവളമുള്ള മന്‍ബിജ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ആക്രമിക്കുമെന്നും തുര്‍ക്കി പ്രഖ്യാപിച്ചിട്ടുണ്ട്. അഫ്രിന്‍ നഗരം തുര്‍ക്കി സൈന്യം വളഞ്ഞതോടെ ആയിരക്കണക്കിനാളുകള്‍ വടക്കന്‍ പ്രദേശങ്ങളായ നുബുല്‍, സറാ എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തിരുന്നു.












Click it and Unblock the Notifications