ദക്ഷിണ കൊറിയയിൽ വീണ്ടും ട്വിസ്‌റ്റ്; ഇംപീച്ച്മെന്റ് നേരിട്ട് ആക്‌ടിംഗ് പ്രസിഡന്റ് ഹാൻ ഡക്ക്-സൂ
സിയോൾ: ദക്ഷിണ കൊറിയയിൽ പുതിയ രാഷ്ട്രീയ പ്രതിസന്ധിക്ക് തുടക്കം കുറിച്ചുകൊണ്ട് ആക്‌ടിംഗ് പ്രസിഡന്റ് ഹാൻ ഡക്ക്-സൂവിനെയും പാർലമെന്റ് ഇംപീച്ച് ചെയ്‌തു. പ്രസിഡന്റ് യൂന്‍ സുക് യോളിനെ ഇംപീച്ച് ചെയ്‌തു കേവലം രണ്ടാഴ്‌ച പിന്നിടുന്ന വേളയിലാണ് ആക്‌ടിംഗ് പ്രസിഡന്റായി ചുമതലയേറ്റ പ്രധാനമന്ത്രി കൂടിയായ ഹാൻ ഡക്ക് സൂവിനെ പാർലമെന്റ് ഇംപീച്ച്മെന്റിലൂടെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള നടപടി തുടങ്ങിയത്.
ഹാനിന്റെ ഇംപീച്ച്‌മെന്റിന് ശേഷം, ദക്ഷിണ കൊറിയൻ നിയമമനുസരിച്ച്, ആക്‌ടിംഗ് പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കാൻ ധനമന്ത്രി ചോയ് സാങ്-മോക്കായിരിക്കും യോഗ്യൻ. 192 നിയമനിര്‍മ്മാതാക്കള്‍ ഹാനിന്റെ ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ട് ചെയ്‌തു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇംപീച്ച്‌മെന്റ് വിജയിക്കാന്‍ ആവശ്യമായത് 151 വോട്ടുകൾ മാത്രമായിരുന്ന സ്ഥാനത്താണിത്.

ആകെ 300 പേർ അടങ്ങിയ പാർലമെന്റാണ് ദക്ഷിണ കൊറിയയിലേത്. നേരത്തെ ഡിസംബർ 3-ന് പട്ടാളനിയമം ഏർപ്പെടുത്താനുള്ള തന്റെ നീക്കത്തിൽ പാർലമെന്റിൽ നടന്ന വോട്ടെടുപ്പിനെത്തുടർന്ന് അധികാരം നഷ്‌ടമായ പ്രസിഡന്റ് യൂൻ സുക് യോളിൽ നിന്നാണ് ഹാൻ ഡക്ക്-സൂ താൽക്കാലിക പ്രസിഡന്റ് പദവി ഏറ്റെടുത്തത്.
അതേസമയം, ഇപ്പോൾ മുൻ പ്രസിഡന്റ് യൂനിനെ സഹായിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ആക്‌ടിംഗ് പ്രസിഡന്റിനെതിരെയും പ്രതിപക്ഷം തിരിഞ്ഞിരിക്കുന്നത്. യൂനിനെ നിയമത്തിന് കൊണ്ട് വരാൻ ഹാൻ തടസ്സമാവുന്നു എന്നാണ് ആരോപണം. കലാപത്തിൽ ഉൾപ്പെട്ടവരെ കുറിച്ച് അന്വേഷിക്കാനുള്ള പ്രത്യേക അന്വേഷണം മനപ്പൂർവ്വം ഒഴിവാക്കുകയാണ് ഹാൻ എന്നാണ് മറ്റൊരു ആരോപണം.
ഏറ്റവും പുതിയ സംഭവ വികാസങ്ങളോടെ പാർലെമെന്റിൽ തുടരുന്ന അനിശ്ചിത്വം കൂടുതൽ ശക്തമാകും എന്നാണ് കരുതപ്പെടുന്നത്. ഹാനിന്റെ വരവോടെ രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് അറുതിയാവും എന്ന് കരുതിയ സ്ഥാനത്താണ് സംഭവങ്ങൾ നിലയില്ലാക്കയത്തിലേക്ക് കൂപ്പുകുത്തുന്നത്. ഇന്ന് പാലമെന്റിൽ വോട്ടെടുപ്പ് നടപടികൾക്ക് ഇടയിൽ വലിയ ബഹളവും ഉടലെടുത്തിരുന്നു.
നിലവിലെ സാഹചര്യത്തിൽ പാര്‍ലമെന്റിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചാലുടന്‍ ഹാനെ തന്റെ ചുമതലകളില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് റിപ്പോർട്ട്. കൂടാതെ ഹാനിന്റേയും ഇംപീച്ച്മെന്റ് നടപടി കോടതി ശരിവയ്‌ക്കേണ്ടതുണ്ട്. ഭരണഘടനാ കോടതിയുടെ തീരുമാനത്തിനായി താൻ കാത്തിരിക്കുകയാണെന്നാണ് ആക്‌ടിംഗ് പ്രസിഡന്റ് ഹാൻ അറിയിച്ചത്. ഹാനിന്റെ ഇംപീച്ച്മെന്റ് കൂടി കോടതി ശരിവച്ചാൽ ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാകും.












Click it and Unblock the Notifications